പൊളിറ്റിക്സ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പൊളിറ്റിക്സ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012 മേയ് 24, വ്യാഴാഴ്‌ച

സമകാലീനഭാരതം : ചില ധര്‍മ്മപുരിക്കാഴ്ചകള്‍

ധര്‍മ്മപുരാണം അടിയന്തിരാവസ്ഥക്കാലത്തെ ഭാരതത്തെക്കുറിച്ചുള്ള അന്യാപദേശകഥയാണെന്ന് ഒരു ശ്രുതിയുണ്ട്. പക്ഷേ അത് മുഴുവന്‍ ലോകജനതയുടെയും സര്‍വ്വകാലജീവചരിത്രത്തിന്റെ നേര്‍ക്കാഴ്ചയാണെന്നതാണ് സത്യം. ഓ.വി.വിജയന്‍ പറഞ്ഞിട്ടുണ്ട് ധര്‍മ്മപുരിയുടെ ആശയം മനസ്സിലുണര്‍ന്നത് 1972-ല്‍ ആണെന്നും 74 ആയപ്പോഴേയ്ക്കും നോവല്‍ ഏകദേശം എഴുതിത്തീര്‍ത്തിരുന്നു എന്നും. അടിയന്തിരാവസ്ഥ ഭാരതത്തെ ഗ്രസിച്ചത് അതിനുശേഷമാണ്, അതായത് 1974-ല്‍ മാത്രമാണെന്നതുംകൂടി ചേര്‍ത്തുവായിക്കുമ്പോള്‍ ധര്‍മ്മപുരാണത്തിന്റെ സാര്‍വ്വകാലിക-സാര്‍വ്വദേശീയസ്വത്വം നമുക്ക് തിരിച്ചറിയാന്‍ കഴിയും.

ലോകത്തിന്റെ, പ്രത്യേകിച്ച് മൂന്നാം ലോകത്തിന്റെ സമ്പൂര്‍ണ്ണമാതൃകയായ ധര്‍മ്മപുരിയുടെ സമകാലീനഭാരതീയോദാഹരണങ്ങള്‍ ചിലത് കണ്ടപ്പോള്‍ അവയെക്കുറിച്ചെന്തെങ്കിലും കുത്തിക്കുറിക്കാതിരിക്കുവതെങ്ങിനെ?

യുപിഎ സര്‍ക്കാര്‍ ഒന്‍പതാം വര്‍ഷത്തിലേയ്ക്ക് കടക്കുമ്പോള്‍ പ്രജാപതിയപ്പന്‍ പ്രധാനമന്ത്രി മന്മോഹന്‍സിംഗ് പറയുന്നു ഭാരതം വന്‍ സാമ്പത്തികവളര്‍ച്ചയിലാണ്, ഇനിയുള്ള രണ്ട് വര്‍ഷങ്ങള്‍ തീപ്പൊരി ഭരണമായിരിക്കുമെന്ന് (അപ്പോള്‍ കഴിഞ്ഞ എട്ടുവര്‍ഷം?). ദാരിദ്ര്യം കുറഞ്ഞു, കാര്‍ഷികവളര്‍ച്ച കൂടി, ഭക്ഷ്യോല്പാദനം സര്‍വ്വകാലറിക്കാഡ് ഭേദിച്ചു, വന്‍ വ്യാവസായിക വളര്‍ച്ച, വിദേശനിക്ഷേപങ്ങളുടെ കുത്തൊഴുക്ക്.. കേള്‍ക്കുന്ന ഏതൊരാള്‍ക്കും അടിമുടി കോരിത്തരിക്കുന്ന ഭരണനേട്ടങ്ങള്‍ ! ജനം പുളകിതരായി. ഏത് ജനങ്ങള്‍ ? ദാരിദ്ര്യരേഖ താഴ്ത്തിയതുമൂലം ദരിദ്രരല്ലാതായിത്തീര്‍ന്ന പട്ടിണിജനങ്ങളോ? ജനങ്ങള്‍ക്ക് ഭക്ഷിക്കുവാന്‍ വേണ്ട അവശ്യസാധനങ്ങള്‍ വിതരണം ചെയ്യുവാനായി പണ്ടെങ്ങോ ഏതോ സര്‍ക്കാര്‍ സൃഷ്ടിച്ച റേഷന്‍ കടകളില്‍ റേഷന്‍ സമ്പ്രദായം തകര്‍ന്നതറിയാതെ ക്യൂനിന്ന് ഒന്നുംകിട്ടാതെ മടങ്ങുന്ന സാധാരണജനങ്ങളോ? വൈദ്യുതിയില്ലെങ്കില്‍ മണ്ണെണ്ണവിളക്കിന്റെ വെട്ടത്തിലിരുന്ന് പഠിക്കാമെന്ന് വിചാരിച്ച്, ഒഴിഞ്ഞ മണ്ണെണ്ണക്കുപ്പി കണ്ട് നിരാശരാവുന്ന പാവപ്പെട്ട ബാലജനങ്ങളോ? സാമ്പത്തികവളര്‍ച്ചയുടെ ഔന്നത്യത്തില്‍ പട്ടിണികിടന്നാലും സാരമില്ല, പ്രജാപതിയുടെ പ്രസാദമാണ് വിലക്കയറ്റമെന്ന് സമാധാനിക്കുന്ന പാവം പാവം ജനകോടികളോ? ധര്‍മ്മപുരിയില്‍ , ശാന്തിഗ്രാമത്തില്‍ പ്രജാപതി തൂറിക്കൊണ്ടേയിരിക്കുന്നു. പ്രജകള്‍ തീട്ടം തിന്നുകൊണ്ടുമിരിക്കുന്നു!

യുപിഎ സര്‍ക്കാര്‍ അധികാരത്തിലേറിയകാലം പെട്രോള്‍ വില 35 രൂപയ്ക്ക് താഴെയായിരുന്നു. ഈ എട്ടുവര്‍ഷം കൊണ്ട് അത് 75ന് മുകളിലേയ്ക്ക് കടക്കുന്നു. വളര്‍ച്ചാനിരക്കില്‍ അഭിനവധര്‍മ്മപുരിയ്ക്ക് അഭിമാനിക്കാം; സര്‍വ്വകാലറിക്കാഡാണ്! ധര്‍മ്മപുരിയിലെ രസകരമായ കാഴ്ച അധ്യാത്മകക്ഷിനേതാക്കളെല്ലാം ഇതിനെ അപലപിക്കുന്നു എന്നുള്ളതാണ്. ഈ എണ്ണ വില താങ്ങാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാക്കളായ ചെന്നിത്തലക്കാരനും പുതുപ്പള്ളിക്കാരനും കേരളത്തിലിരുന്ന് വ്യക്തമാക്കിയിരിക്കുന്നു. എങ്കിലും എണ്ണവിഷയത്തില്‍ മാത്രമുള്ള പ്രജാപതിയുടെ ഈ ദാരിദ്ര്യം നമ്മള്‍ മനസ്സിലാക്കണമെന്ന അലിവൂറുന്ന, കണ്ണ് നിറയിക്കുന്ന ഉപദേശവുമുണ്ട് ഒപ്പം. ഉപതിരഞ്ഞെടുപ്പ് വന്ന് മൂക്കത്തിരിക്കുമ്പോ പിന്നെങ്ങനെ പ്രതികരിക്കാനാണ് മധുരിച്ചിട്ട് തുപ്പാനും വയ്യ, കയ്ചിട്ട് ഇറക്കാനും വയ്യ എന്ന ഗതികേടിലിരിക്കുന്ന നമ്മുടെ പ്രിയപ്പെട്ട അധ്യാത്മര്‍ ! അല്ലേ?

സമഷ്ടിവാദികള്‍ അധ്യാത്മരേക്കാള്‍ ശക്തമായി പ്രതിഷേധിക്കുന്നു. ഏതായാലും ഇത്തവണ ഹര്‍ത്താല്‍ എന്ന് പറയപ്പെടുന്ന വണ്‍ഡേ മാച്ചില്‍ ഒതുക്കില്ല പരിപാടികള്‍ എന്നാണ് കോമ്രേഡ് പ്രകാശന്‍ പറഞ്ഞിരിക്കുന്നത്. വിലകുറയ്ക്കുന്നത് വരേയ്ക്കും സമരമത്രേ! നല്ലത്. പക്ഷേ ഒന്നുണ്ട്. ലിറ്ററിന് ഒരുകാലത്തുമില്ലാത്തതുപോലെ എട്ടുരൂപയോളം കൂട്ടിയപ്പോള്‍ തന്നെ അതില്‍ മൂന്ന് രൂപ കുറയ്ക്കുവാനുള്ളതാണെന്നുള്ള കാര്യം പ്രജകള്‍ക്കെല്ലാം അറിയാം എന്നത് അധ്യാത്മരെപ്പോലെ സമഷ്ടിവാദികളും മറക്കരുത്. എണ്ണക്കമ്പനികളുടെ നഷ്ടം നഷ്ടമല്ലെന്നും അത് കൊള്ളലാഭമാണെന്നും പ്രജകള്‍ക്ക് നന്നായറിയാം. അതുകൊണ്ട് എട്ടുരൂപ കൂട്ടി മൂന്ന് രൂപ കുറയ്ക്കുന്ന നാടകം പ്രജാപതി അവസാനിപ്പിക്കുമ്പോഴേയ്ക്ക് വായും പൂട്ടി അടങ്ങിക്കിടക്കുവാതിരിക്കാനുള്ള ചങ്കൂറ്റം സമഷ്ടിവാദികള്‍ക്ക് ഉണ്ടായിരിക്കണം സഖാവേ! കൊള്ള ഭാഗികമായല്ല, പൂര്‍ണ്ണമായി ഇല്ലാതാക്കുകയാണ് യഥാര്‍ഥ സമഷ്ടിവാദവും ശാകുന്തളവും!

പെട്രോള്‍ വില വര്‍ദ്ധനയ്ക്ക് പുറമേ ഡീസലിനും ഗ്യാസിനും മണ്ണെണ്ണയ്ക്കുമൊക്കെ വില കൂട്ടാന്‍ വിലക്കയറ്റോത്സവം പ്രമാണിച്ച് തീരുമാനമായിട്ടുണ്ട്. ഇത്രകാലം തിരഞ്ഞെടുപ്പ് പ്രമാണിച്ച് എണ്ണക്കമ്പനികളുടെ പട്ടിണിവായ പ്ലാസ്റ്ററുവെച്ച് ഒട്ടിച്ചിരിക്കുകയായിരുന്നു. മനോഹരമായ വിശദീകരണം! അപ്പോള്‍ പ്രജാപതിക്കും കുഞ്ഞുങ്ങള്‍ക്കുമറിയാം; കാട്ടിക്കൂട്ടുന്നത് ശുദ്ധജനദ്രോഹമാണെന്നും ഇലക്ഷന് തൊട്ടുമുന്‍പ് എന്തെങ്കിലും കൊള്ളരുതായ്മ കാണിച്ചാല്‍ പ്രജകള്‍ വോട്ട് മാറ്റിക്കുത്തുമെന്നും! അതുകൊണ്ടാണ് അവര്‍ ഇലക്ഷന്‍ കഴിഞ്ഞ് പിറ്റേന്ന് വിലകൂട്ടുന്നത്. അതാവുമ്പോള്‍ അടുത്ത ഇലക്ഷന് കാലതാമസമുണ്ടല്ലോ. “ഷോര്‍ട്ട് ടേം മെമ്മറി ലോസ്” എന്ന രോഗത്തിന്റെ അസ്കിതയുള്ള ധര്‍മ്മപുരി ജനത അടുത്ത ഇലക്ഷനാവുമ്പോഴേയ്ക്ക് ഇതെല്ലാം മറന്നുപൊയ്ക്കൊള്ളുമെന്നും അവര്‍ പ്രജാപതിക്കാട്ടം പിന്നെയും തിന്നുകൊള്ളുമെന്നും പ്രജാപതിയ്ക്ക് നന്നായറിയാം.

വംഗദേശത്താകട്ടെ സമഷ്ടിവാദികളുടെ 34 വര്‍ഷത്തെ യാതൊരു പ്രയോജനവുമില്ലാത്ത ഭരണം അവസാനിപ്പിച്ച് പുല്ലുപോലൊരു പഴയ കോണ്‍ഗ്രസ്സുകാരി അധികാരത്തിലെത്തി. എത്തിച്ചതാണ് ജനങ്ങള്‍ എന്നുപറയുന്നതാണ് കൂടുതല്‍ ശരി. ഒരു അവസാന കച്ചിത്തുരുമ്പെന്ന നിലയില്‍ ജനങ്ങള്‍ ശ്രമിച്ച് നോക്കിയതാണ്. അധികാരം കിട്ടിയശേഷം പക്ഷേ വംഗദേശത്തിന്റെ സിമ്പിള്‍ വുമണിന് ജനങ്ങളോട് എന്തെങ്കിലും മമത ഉണ്ടായിരുന്നെങ്കില്‍ അതും ഇല്ലാതായി. സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനാസ്വാതന്ത്ര്യം നിഷേധിച്ചും സര്‍ക്കാറിനോട് മമത കുറവുള്ള പത്രങ്ങള്‍ നിരോധിച്ചും ജനകീയസമരങ്ങള്‍ കൊതുകിനെ തല്ലുന്ന ലാഘവത്തോടെ അടിച്ചമര്‍ത്തിയും വിദ്യാര്‍ഥികളെ ഒരു രസത്തിന് മാവോയിസ്റ്റ് ചാപ്പ കുത്തിയും അടിയന്തിരാവസ്ഥയ്ക്ക് പ്രതിസന്ധിയ്ക്ക് തുല്യമായ അവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ് ബംഗാളില്‍ മമത. ഫാസിസമെന്താണെന്ന് ഇപ്പോള്‍ വംഗദേശത്തിന് കുറച്ചുകൂടി നന്നായി മനസ്സിലാകുന്നുണ്ട്. പുതിയ പാര്‍ട്ടിയുണ്ടാക്കിയാലും അധ്യാത്മര്‍ എപ്പോഴും അധ്യാത്മര്‍ തന്നെയാണല്ലോ!

മലനാട്ടിലാകട്ടെ ഒന്നും രണ്ടുമല്ല, അമ്പത്തൊന്ന് വെട്ടാണ് ജനങ്ങളുടെ നെറുകംതലയില്‍ ഏറ്റത്. മലനാടിന്റെ സാംസ്ക്കാരികമാനവികപുരോഗതിയുടെ ജിഹ്വയായ അക്ഷരമാലയില്‍ അമ്പത്തൊന്ന് അക്ഷരങ്ങളാണെന്നത് അവഗണിക്കാനാവാത്ത യാദൃശ്ചികത. സമഷ്ടിവാദികളാണ് പ്രതിക്കൂട്ടില്‍ . സഖാക്കള്‍ അറസ്റ്റിലാകുമ്പോള്‍ വേവുന്നത് വസന്തത്തിന്റെ ഇടിമുഴക്കം സ്വപ്നം കാണുന്ന ഒരു സമ്പൂര്‍ണജനതയാണ്, അവരുടെ നെഞ്ചകങ്ങളാണ്. വരികള്‍ക്കിടയില്‍ വായിക്കുവാന്‍ കഴിവുള്ളവരെന്ന് സ്വയം അഭിമാനിച്ചിരുന്ന യുവപ്രജകള്‍ സമഷ്ടിവാദികള്‍ക്കെതിരെയുള്ള ആരോപണങ്ങളെ വെറും തമാശകളായാണ് ആദ്യമൊക്കെ കണ്ടത്. കാരണം തങ്ങള്‍ ബുദ്ധിജീവികളാണെങ്കില്‍ സമഷ്ടിവാദിനേതാക്കള്‍ അതിബുദ്ധിജീവികള്‍ ആണെന്നാണ് എല്ലാ ചിന്തിക്കുന്ന ധര്‍മ്മപുരിക്കാന്റെയും വിശ്വസം. ആ വിശ്വാസത്തിന് ആവോളം വളമിട്ടിരുന്നു കൊലനടന്നയുടന്‍ “അസാധാരണമായ” ആവേശം പ്രകടിപ്പിച്ച അധ്യാത്മരും മുഖ്യമന്ത്രിയുമൊക്കെ. പക്ഷേ ആ വിശ്വാസം ഇപ്പോള്‍ കയ്യാലപ്പുറത്തെ തേങ്ങയേക്കാള്‍ കഷ്ടസ്ഥിതിയിലാണ്. ഇപ്പോഴും ചിത്രം പൂര്‍ണമായി വ്യക്തമായിട്ടില്ല; പക്ഷേ സാഹചര്യത്തെളിവുകളെല്ലാം സമഷ്ടിവാദികളുടെ നേരെ നീളുമ്പോള്‍ , ഇപ്പോഴേ ഞാന്‍ പറയാം, പോലീസിന്റെ വാമൊഴി ശരിയാണെങ്കില്‍ സഖാക്കളേ, തകരുന്നത് ഒരു ജനതയുടെ സങ്കല്‍പ്പവിശ്വാസങ്ങളുടെ ഏഴുനിലമാളികയാണ്.

ഇതിന് മുന്‍പും കക്ഷികള്‍ പരസ്പരം കൊല്ലുകയും ചാകുകയും ചെയ്തിട്ടുണ്ട്. പക്ഷേ ഈ ചോരയ്ക്ക് അല്‍പ്പം കട്ടി കൂടുതലാണ്. സാഹചര്യങ്ങള്‍ അതിന്റെ കട്ടി കൂട്ടുകയും ചെയ്യുന്നു. മാധ്യമങ്ങളുടെ “അസാധാരണമായ” സാമൂഹികപ്രതിബദ്ധത (ആസന്നതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലാണെങ്കിലും) ഈ രക്തസാക്ഷിത്വത്തെ ഇതുവരെയുണ്ടായ എല്ലാ രക്തസാക്ഷിത്വങ്ങളില്‍നിന്നും ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. കൊലയ്ക്കുശേഷം ഇത്രനാളായും തുടരുന്ന ഈ സാമൂഹികപ്രതിബദ്ധതയ്ക്ക് വണക്കം! (ഒരു ചെന്നായച്ചൂര് അടിക്കുന്നുണ്ടോ മൂക്കിലേയ്ക്ക്?)

കുറ്റാന്വേഷണവാര്‍ത്തകളുടെ പെരുക്കത്തില്‍ കണ്ട മറ്റൊരു കാര്യം പക്ഷേ ചിന്തയെ ഉണര്‍ത്തുന്നുണ്ട്. എണ്ണ വില, ഭാരതത്തിലെ 120 കോടിയില്‍പ്പരം ജനങ്ങളെയും ഭീകരമായി ബാധിക്കുന്ന, ഭാരതത്തിന്റെ ദേശീയജീവിതച്ചെലവ് വീണ്ടും ദുരിതപൂര്‍ണമാംവിധം ഏറ്റുന്ന എണ്ണവിലയുടെ വാര്‍ത്ത കോട്ടയം അച്ചായന്റെ പത്രത്തില്‍ മുന്‍പേജിലെ ഒന്നരയിഞ്ച് വീതിയില്‍ പരന്ന് കിടന്ന ഒരു റോ വാര്‍ത്തയിലൊതുങ്ങി. പിന്നെ നടുപേജില്‍ മുഖ്യന്റെയും അധ്യാത്മനേതാവിന്റെയും ഓരോ ചെറിയ പ്രസ്താവനകള്‍ ഉള്‍ക്കൊള്ളുന്ന ചെറിയൊരു രണ്ടുകോളം ബോക്സിലും. എഡിറ്റോറിയല്‍പേജുള്‍പ്പെടെ സമസ്തപുറങ്ങളും ഇപ്പോഴും സഖാവ് ചന്ദ്രശേഖരന്റെ കൊലപാതകാന്വേഷണത്തിലാണ്. (എഡിജിപിയെക്കാള്‍ മുന്‍പേ അച്ചായന്റെ കുഞ്ഞുങ്ങള്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് ലക്ഷണം കണ്ടിട്ട് തോന്നുന്നത്). ആയ്ക്കോട്ടെ. കുറ്റകൃത്യങ്ങള്‍ക്കെതിരെ മാധ്യമജാഗ്രത നല്ലതാണ്. പക്ഷേ ഒരേയൊരു സംശയമുള്ളത്, 120 കോടി ജനങ്ങളുടെയും ആധിയ്ക്ക് ഇന്ന് ഈ ദിവസം ബൃഹത്തായ 20 പേജ് പത്രത്തില്‍ ഈ ചെറിയ സ്ഥലത്തിന്റെ മാത്രം അവകാശമേയുള്ളോ എന്നാണ്! പടിഞ്ഞാറന്‍ തരിശുവാര്‍ത്തയുടെ ധര്‍മ്മപുരിപ്പതിപ്പില്‍ ഈ ദേശീയദുരന്തത്തിന് ഇത്രയേ ഇടമുള്ളു എന്നോര്‍ത്ത് പ്രജകള്‍ക്ക്  സമാധാനിക്കാം.

ഇനിയൊരു തമാശ പ്രധാനസമഷ്ടിവാദിയുടെ സ്ഥാപകനേതാവായ, മലനാട് പ്രതിപക്ഷനേതാവിന്റെ മകനെതിരെയുള്ള അഴിമതിയന്വേഷണം സംബന്ധിച്ചുള്ള വാര്‍ത്തയാണ്. കണ്ടത്തില്‍ മാപ്ലയുടെ പത്രത്തില്‍ പറയുന്നത് കാര്യം അരുണ്മോന്റെ നിയമനം അഴിമതിയാണെങ്കിലും അഛന്‍ ഇപ്പോള്‍ സ്വന്തം കക്ഷിനേതാവിനെതിരെ ശക്തമായി റോക്കറ്റ് വിട്ടുകൊണ്ടിരിക്കുന്നതിനാല്‍ ,ഉപതിരഞ്ഞെടുപ്പില്‍ സമഷ്ടിവാദമുപേക്ഷിച്ച് മറുകണ്ടംചാടിയ പരേതാത്മാവിന്റെ വിജയത്തിന് ആ റോക്കറ്റുകള്‍ നല്‍കുന്ന ആവേഗസാധ്യതകള്‍ കണക്കിലെടുത്ത്, അരുണ്മോന്റെ അഴിമതി തല്‍ക്കാലം കണ്ടില്ലെന്ന് നടിക്കുവാന്‍ ഭരണകക്ഷിക്കാര്‍ തമ്മില്‍ ധാരണയായിരിക്കുന്നുവെന്ന്. ഭരണകൂടത്തിന്റെ ഉദാരസമീപനം എന്ന് പറയുന്ന പ്രതിഭാസം ഇതായിരിക്കുമല്ലേ? എത്ര സുന്ദരമായ നിയമവാഴ്ച! ഇത്രനാള്‍ കൊടികെട്ടിയ ആരോപണങ്ങളും അന്വേഷണങ്ങളുമായിരുന്നു. ഇപ്പോള്‍ അന്വേഷണറിപ്പോര്‍ട്ടുകളെല്ലാം തല്‍ക്കാലം അട്ടത്തിരിക്കട്ടെ എന്ന്! അഴിമതി നടന്നിട്ടുണ്ടെങ്കില്‍ നടപടിയെടുക്കണം എന്ന് വെട്ടിത്തുറന്ന് പറയാന്‍ നെയ്യാറ്റില്‍ ചൂണ്ടയിട്ടിരിക്കുന്ന അധ്യാത്മന്മാര്‍ തയ്യാറായില്ലെങ്കില്‍ കുലത്തില്‍വെച്ച് തലങ്ങും വിലങ്ങും കുത്തേറ്റുകൊണ്ടിരിക്കുന്ന സമഷ്ടിവാദികള്‍ തന്നെ വരുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ!

പ്രധാനസമഷ്ടിവാദികക്ഷിയുടെ സ്ഥാപകനേതാവാണെങ്കിലും പുരകത്തുമ്പോള്‍ വാഴവെട്ടുന്ന സ്വഭാവം കാട്ടുന്ന പുന്നപ്രവയലാര്‍ വിപ്ലവസേനാനിയോട് സമഷ്ടിവാദത്തിന്റെ അടിത്തറ പൊളിച്ചുകൊണ്ടിരിക്കുന്ന അഭിനവസ്റ്റാലിന്മാരുടെ മുഷ്ക്കിന്റെ പേരില്‍ നമുക്ക് ക്ഷമിക്കാം. തമ്മില്‍ ഭേദം തൊമ്മന്‍ തന്നെ!

ചുരുക്കത്തില്‍ ധര്‍മ്മപുരിയില്‍ പ്രജാപതിയുടെ ശാകുന്തളപ്രത്യയശാസ്ത്രം പൂര്‍വ്വാധികം ശോഭയോടെ ജ്വലിക്കുന്നു. രാജ്യത്തെങ്ങും സമ്പത്സമൃദ്ധിയും സമത്വസമാധാനവെള്ളരിപ്രാവുകളുടെ ചിറകടികളും. പ്രജകളാണെങ്കിലോ കണ്ണടച്ചിരുന്ന് ആകുവോളം പ്രജാപതിക്കാട്ടം തിന്നുന്നുമുണ്ട്. ധര്‍മ്മപുരിക്കിനിയെന്ത് വേണം! ശാകുന്തളം വിജയിക്കട്ടെ! പ്രജാപതിക്കാട്ടം വിജയിക്കട്ടെ!

2011 ജൂൺ 7, ചൊവ്വാഴ്ച

പാസിംഗ്‌ ഓഫ്‌ ഭീഷ്മ അഥവാ ഭീഷ്മരുടെ കുരിശുമരണം!

(ഒരു പൊളിട്രിക്കല്‍ പൊറാട്ട്‌ നാടകം)

അനൌണ്‍സ്മെന്റ് : സഹൃദയരേ, ഇത്‌ ഒന്‍പതാംക്ലാസിലെ ഇംഗ്ലീഷ്‌ പാഠപുസ്തകത്തിലെ "പാസിംഗ്‌ ഓഫ്‌ ഭീഷ്മ" എന്ന അദ്ധ്യായത്തിന്റെ ആധുനികരംഗാവിഷ്ക്കാരമാണ്‌. ഭാരതകലാസമിതി നിങ്ങള്‍ക്കുവേണ്ടി ഈ കൃഷ്ണലീലാമൈതാനിയില്‍ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ നാടകം "പാസിംഗ്‌ ഓഫ്‌ ഭീഷ്മ! അഥവാ ഭീഷ്മരുടെ കുരിശുമരണം!!" (സിംബല്‍)
----------------------

ഗ്രീന്‍ റൂം

മേക്കപ്പിനിടയില്‍ സംസാരിച്ചിരിക്കുന്ന സോണിയാഗാന്ധാരിയും മനോമോഹനഭീഷ്മപിതാമനും. സോണിയാഗാന്ധാരി കണ്ണില്‍ ഒരു കറുത്തതുണി കെട്ടുന്നു.

മനോ : എന്താണ്‌ മകളേജി (മകള്‍ ആണെങ്കിലും സോണിയാഗാന്ധാരിജി ഒരു ജി തന്നെയാണ്‌. സോ ബഹുമാനം വേണം.) കണ്ണിലൊരു കറുത്ത തുണി?

ഗാന്ധാരിജി : അത്‌ ഭീഷ്മരേ, കണ്ണ് മൂടിക്കെട്ടിയാല്‍ പിന്നെ കലാസമിതീടെ ദാരിദ്ര്യോം അംഗങ്ങളുടെ പതം പറച്ചിലും കണ്ണീരുമൊന്നും കാണണ്ടല്ലോ. എപ്പോഴും ദാരിദ്ര്യം പറയാനേ നേരമുള്ളു, കണ്ട്രിപീപ്പിള്‍സ്‌!

മനോ : ഓഹ്‌.. ഗ്രേറ്റ്‌! വാട്ട്‌ ആന്‍ ഐഡിയാജി. ഞാനുമിത്‌ നേരത്തെ ചെയ്യേണ്ടതായിരുന്നു. ഇവന്മാരുടെ ആവലാതികളും ദാരിദ്ര്യോം കേട്ട്‌ ഞാന്‍ മടുത്തു. (അമേരിക്കേന്ന് ഇമ്പോര്‍ട്ട് ചെയ്ത സ്പെഷല്‍ കാജാബീഡിയൊരെണ്ണം കത്തിച്ച്‌ ,ഒരു കട്ടന്‍പുകയെടുത്ത്‌ മനോ തുടരുന്നു). സമിതീടെ ഖജനാവിന്റെ വലിപ്പം കൂട്ടുന്ന കാര്യത്തെക്കുറിച്ച്‌ അമേരിക്കന്‍ രാജാവ്‌ ദുര്യോ ധനാമയുമായി സംസാരിച്ചിട്ട്‌ ഇങ്ങോട്ടിറങ്ങിവരുമ്പോ കുറേയെണ്ണം മുന്നില്‌ : എണ്ണയ്ക്ക്‌ വിലകൂടുതലാണ്‌, ആഹാരത്തിന്‌ തീവില, പച്ചക്കറിയേത്തൊടുമ്പോ കൈപൊള്ളുന്നൂ, സമിതീലെല്ലാരും മുഴുപ്പട്ടിണിയാണെന്നൊക്കെപ്പറഞ്ഞ്‌..! സംസ്ക്കാരമില്ലാത്ത കണ്ട്രികള്‍.! (വീണ്ടും ഒരു പുകയിലേയ്ക്ക്‌) ഇവര്‍ക്കൊക്കെ എന്തറിയാം സമിതീടെ ഖജനാവിനേപ്പറ്റി. അടുത്ത ഒരുകൊല്ലംകൊണ്ട്‌ ഖജനാവിന്റെ ഫോട്ടോയിലെ കുനുകുനാന്നുള്ള നുമ്മടെ മറ്റേ വര ഇരുപത്തിയഞ്ച്‌ ശതമാനം പൊക്കിവരയ്ക്കാന്‍ സഹായിക്കണമെന്ന് ഞാന്‍ ദുര്യോധനാമയോട്‌ പറഞ്ഞു. എന്തിനാ ഇരുപത്തിയഞ്ചാക്കുന്നേ, നൂറ്റമ്പത്‌ ശതമാനം പൊക്കിത്തരാമെന്ന് ദുര്യോധനാമ! അപ്പഴാ അവന്റെയൊക്കെ കഞ്ഞീം കറീം കളി! ഹൂഹൂഹൂ.... (സലിംകുമാര്‍ സ്റ്റെയിലില്‍ പൊട്ടിച്ചിരിക്കുന്ന മനോമോഹനഭീഷ്മര്‍).

സംവിധായകന്‍ കം പ്രധാനവേഷക്കാരന്‍ അര്‍ജ്വാനിജി ഓടിവരുന്നു.

പെട്ടെന്ന് എണീക്കുന്നവഴിക്ക്‌ കണ്ണുകാണാഞ്ഞ്‌ തപ്പിത്തടഞ്ഞ്‌ വേച്ചുവീഴുന്ന സോണിയാഗാന്ധാരി. ഗാന്ധാരിജിയെ താങ്ങിനിര്‍ത്താന്‍ മല്‍സരിക്കുന്ന കപില്‍ ശകുനിയും ജരാസന്ധന്‍ ത്രിവേണിയും വെള്ളയുടുപ്പുകാരും.

ഗ്രീന്‍ റൂമിന്റെ മൂലയിലേക്ക്‌ മാറി കുത്തിയിരുന്ന് ബീഡി വലിക്കുന്ന മനോമോഹനഭീഷ്മപിതാമഹന്‍.

അര്‍ജ്വാനി : ആരും ഒരുങ്ങിയില്ലേ ഇതുവരെ.? ദേ അവിടെ ബെല്ല് മൂന്നാലെണ്ണമടിച്ചു. ആളുകളിപ്പോ തെറിവിളിക്കും.

പാലം കുലുങ്ങിയാലും മാമന്‍ കുലുങ്ങുകേലെന്ന മട്ടില്‍ ഒന്ന് നോക്കിയശേഷം മനോമാമന്‍ ബീഡിയിലേക്ക്‌ തിരികെ.

അര്‍ജ്വാനി : എടോ തന്നെ ഞാന്‍ അമ്പെയ്ത്‌ വീഴ്ത്തുന്ന സീനാ വരാമ്പോണെ. താനിതെന്തോന്നെടുക്കുവാ?

ബീഡി സ്ലോമോഷനില്‍ വലിച്ചെറിഞ്ഞ്‌ സ്ലോമോഷനില്‍ എണീറ്റ്‌ സ്ലോമോഷനില്‍ മിണ്ടാതെ സ്റ്റേജിലേക്ക്‌ പോകുന്ന മനോ.

അര്‍ജ്വാനി : താനിതെങ്ങോട്ടാ ആ വീണേം കൊണ്ട്‌. എപ്പോഴുമുണ്ടല്ലോ കൈയ്യിലൊരു ഒണക്ക വീണ.! എടോ തന്റെ വേഷം നാരദന്റെയല്ല. ഭീഷ്മരുടെയാ. (വീണയില്‍ കടന്നു പിടിക്കുന്നു. രണ്ടുപേരും മല്‍പ്പിടുത്തം.)

മനോമോഹന്‍ : സോറി അര്‍ജ്വാനിജി. ഭാരതകലാസമിതി അധികം താമസിയാതെ കത്തിപ്പണ്ടാരമടങ്ങുമെന്ന് അമേരിക്കേലെ രാജാവ്‌ ദുര്യോ ധനാമ പറഞ്ഞിട്ടുണ്ട്. അന്നേരം വായിക്കാന്‍ വേണ്ടി ഞാന്‍ കൊണ്ടുനടക്കുന്നതാ. എന്താണെന്നറിയില്ല, എനിക്ക് തീ കണ്ടാ അപ്പൊ വീണവായിക്കാൻ തോന്നും! ഇതിപ്പോ എപ്പോഴാ ഉപയോഗം വരുന്നതെന്നറിയില്ലല്ലോ! അതോണ്ട്‌ വെരി സോറി. അതേല്‍ തൊട്ടുള്ള കളിയൊന്നും വേണ്ട.

അര്‍ജ്വാനി നോക്കിനില്‍ക്കേ വീണയുമായി മൂളിപ്പാട്ടും പാടി പോകുന്ന മനോ.

തിരിഞ്ഞുനോക്കുമ്പോള്‍ സോണിയാഗാന്ധാരിയെ ഒരുക്കുവാന്‍ മല്‍സരിക്കുന്ന ഖദറിട്ട നൂറുകണക്കിന്‌ കൗരവര്‍.

അര്‍ജ്വാനി: എന്റെ ഗാന്ധാരിജി, നിങ്ങളെങ്ങനൊക്കെ വേഷമിട്ടാലും കലാസമിതീടെ പ്രസിഡണ്ടാക്കുകേല. അതോണ്ടിതൊക്കെ മതി. വാ.. വേഗം തട്ടേല്‍ക്കേറാന്‍ നോക്ക്‌.

ഗാന്ധാരിജി: കലാസമിതീടെ പ്രസിഡണ്ട്‌ സ്ഥാനം എനിക്ക്‌ പുല്ലാണ്‌. അതില്ലേലും കലാസമിതീടെ കണ്ട്രോളെനിക്ക്‌ തന്നാന്ന് നിങ്ങക്കറിയാല്ലോ. എന്തായാലും ആ സ്ഥാനം കണ്ട്‌ നിങ്ങള്‌ പനിക്കണ്ട. മനോമോഹനന്റെ കാലശേഷം അവിടെ ഞാനെന്റെ മോന്‍ ദുര്യാഹുലനെ കേറ്റിയിരുത്തും. (പുഛസ്വരത്തില്‍ പറഞ്ഞിട്ട്‌ കണ്ണുംകെട്ടി സ്റ്റേജിലേക്ക്‌ കൗരവരുടെ അകമ്പടിയോടെ തപ്പിത്തടഞ്ഞ്‌ പോകുന്ന ഗാന്ധാരിജി.
-------------------------

ഈയൊരു ബെല്ലോടുകൂടി നാടകം ആരംഭിക്കുകയായി. ട്ര്ണീം.....!)

രംഗം ഒന്ന് (യുദ്ധം എട്ടാം ദിവസം)

രംഗത്ത്‌ മനോമോഹനഭീഷ്മര്‍ തേരില്‍. ആ തേരില്‍ തന്നെ മനോമോഹനന്റെ പുറകില്‍ ഒരു കസേരയില്‍ വിശാലമായി ഇരിക്കുന്ന സോണിയാഗാന്ധാരി. തേരുതള്ളുന്ന വെള്ളഖദറുകാരും കുറേ സാമന്തരാജാക്കന്മാരും. ഇടയ്ക്ക്‌ അവരില്‍ ചിലര്‍ തേരുവലിക്കുന്ന കുതിരയെ ഓതുകാലുവച്ചു താഴെയിടാന്‍ ശ്രമിക്കുന്നു. അങ്ങനെ ചെയ്യുന്നവരെല്ലാം ഗാന്ധാരിജിയുടെ കൈയില്‍നിന്ന് തലയ്ക്ക്‌ കിട്ടുന്ന കിഴുക്കുകളോടെ അല്‍പ്പനേരം സമാധിയാവുന്നു. വീണ്ടും അവര്‍ ഉണരുന്നതോടെ രംഗം ആവര്‍ത്തിക്കുന്നു.

വേദിയിലേയ്ക്ക്‌ തേരില്‍ പാഞ്ഞ്‌ വരുന്ന അര്‍ജ്വാനിജി. അകമ്പടിയായി സുഷമാദ്രൗപദിയും നരേന്ദ്രഭീമോഡിയുമൊക്കെയുണ്ട്‌. തലങ്ങും വിലങ്ങും അമ്പും ശൂലങ്ങളും പായുന്നു. മനോമോഹനഭീഷ്മരും സോണിയാഗാന്ധാരിയും പലവഴി ഡൈവ്‌ ചെയ്തും ചാടിമറിഞ്ഞും ഒഴിഞ്ഞുവെട്ടിയും ഓതിരകടകം കാട്ടിയും രക്ഷപെടുന്നു. കൗരവരില്‍ പലരും അമ്പും ശൂലവും കൊണ്ടുവീഴുന്നുണ്ട്‌.

ഹഹഹഹഹാ.... ഹഹഹഹഹാ.... (അര്‍ജ്വാനിജി വെറുതെ അട്ടഹസിക്കുന്നു.)

വീണ്ടും തലങ്ങും വിലങ്ങും അമ്പുകളും ശൂലങ്ങളും പായുന്നു. വീണ്ടും മനോമോഹനഭീഷ്മരും സോണിയാഗാന്ധാരിയും പലവഴി ഡൈവ്‌ ചെയ്തും ചാടിമറിഞ്ഞും ഒഴിഞ്ഞുവെട്ടിയും ഓതിരകടകം കാട്ടിയും രക്ഷപെടുന്നു. വീണ്ടും കൗരവരില്‍ പലരും അമ്പും ശൂലവും കൊണ്ടുവീഴുന്നു.

ഹഹഹഹാ... ഹഹഹഹഹാ... (വീണ്ടും അര്‍ജ്വാനിജി വെറുതെ അട്ടഹസിക്കുന്നു.)

അര്‍ജ്വാനി : ഹേയ്‌ മനോമോഹനഭീഷ്മാ, ഇന്ന് യുദ്ധം എട്ടാം ദിവസം (അതോ വര്‍ഷമോ?). കഴിഞ്ഞ ഏഴ്‌ ദിവസമായി ഞാന്‍ കാത്തിരുന്ന ദിവസമിന്ന്. ഇതാ നിങ്ങളെ ഞാന്‍ ശരശയ്യയില്‍ തള്ളിയിടാന്‍ പോകുന്നു. എനിക്ക്‌ ഭാഗ്യമായി നിങ്ങള്‍ക്കെതിരെയുള്ള അന്നാമഹര്‍ഷിയുടെ ശാപമുണ്ട്‌. വില്ലാളിവീരന്‍ അര്‍ജ്വാനിയുടെ ശരങ്ങളെ ഇതാ തടുക്കാമെങ്കില്‍ തടുത്തുകൊള്ളു!

അര്‍ജ്വാനി ഒരു റ്റുജിസ്പെക്ട്രാസ്ത്രമെടുത്ത്‌ തൊടുത്തു. അത്‌ ഭീഷ്മരുടെ കണ്ണേല്‍ കൊണ്ടുകൊണ്ടില്ല എന്ന മട്ടില്‍ പോയി. എങ്കിലും അതുകൊണ്ട്‌ കൗരവരും പിന്നെ ചില സാമന്തരാജാക്കന്മാരും രാജകുമാരന്മാരും, എന്തിനധികം! രാജകുമാരിമാരും കറങ്ങിവീണു.

ഗാന്ധാരിജി : എന്തര്‌ നോക്കിനിക്കണ്‌? നമ്മുടെ ആ സുഖോയിമിസൈലെടുത്ത്‌ അയാടെ നെഞ്ചത്തിനിട്ട്‌ ഒരുകാച്ചങ്ങ്‌ കാച്ചെന്റെ മനോമോഹനഭീഷ്മാ..!

മനോ : വെയിറ്റ്‌. അമേരിക്കന്‍ രാജാവ്‌ ദുര്യോധനാമയുടെ കൈയിലാ അതിന്റെ റിമോട്ട്‌. എന്തുചെയ്താലും അങ്ങേരോട്‌ പറഞ്ഞ്‌ അനുവാദം വാങ്ങീട്ടേ ചെയ്യാവുള്ളൂന്നാ പറഞ്ഞേക്കുന്നെ. പ്രത്യേകിച്ചും യുദ്ധത്തിന്റെ സമയത്ത്‌ എതിര്‍ടീം വെടിവെക്കുമ്പോഴൊക്കെ. അങ്ങേരപ്പോ എന്തുചെയ്യണമെന്നൊക്കെ ഫ്രീയായിട്ട്‌ ഉപദേശം തരുമേന്നാ പറഞ്ഞത്‌.! ഫ്ഹീ.... (മാമുക്കോയസ്റ്റെയിലില്‍ ചിരിക്കുന്ന നമ്മുടെ മനോ). അതാ ഈ ന്യൂക്ലിയാര്‍ ഡീലിന്റെയൊക്കെ ഗുണം. ഞാനങ്ങേരെ ഒന്ന് വിളിച്ച്‌ നോക്കട്ടെ.

അര്‍ജുനാജിയുടെ അമ്പുകളില്‍ നിന്ന് ചാടിയും ഓടിയും രക്ഷപെട്ടുകൊണ്ട്‌ ഫോണ്‍ ചെയ്യുന്ന മനോ. അമ്പുകൊള്ളാതിരിക്കുവാന്‍ തേരില്‍ കുനിഞ്ഞിരിക്കുന്ന ഗാന്ധാരിജി. മരിച്ചുവീഴുന്ന കൗരവര്‍.

പെട്ടെന്ന് ഒരു ആറ്റം ബോംബ്‌ വന്ന് സ്റ്റേജിന്റെ നടുക്ക്‌ വീണ്‌ പൊട്ടുന്നു. അര്‍ജ്വാനിയുടെ പാണ്ഡവപ്പട വിരണ്ടോടുന്നു.

കൗരവര്‍ അല്‍ഭുതത്തോടെ ചുറ്റും നോക്കുന്നു. സോണിയാഗാന്ധാരി മനോമോഹനഭീഷ്മരെനോക്കി അല്‍ഭുതം കൊള്ളുന്നു.

മനോ: ഇപ്പോ എങ്ങിനിരിക്കുന്നു.! ഞാനൊന്ന് വിളിച്ച്‌ പറഞ്ഞതും ദുര്യോധനാമ ദോണ്ടെ നമ്മടെ സ്റ്റേജിത്തന്നെയിട്ട്‌ ഒരാറ്റംബോംബ്‌.! പാണ്ഡവരെല്ലാം പേടിച്ചോടീല്ലേ.! (ഗാന്ധാരിജിയുടെ നേരെ തള്ളവിരലുകൊണ്ട്‌ തമ്പ്സ് അപ്‌ കാണിക്കുന്നു. ഗാന്ധാരിജി തിരിച്ചും. ഇരുവരും തിരിഞ്ഞ്‌ അര്‍ജ്വാനിജിയെ നോക്കി മൂക്കിന്മേല്‍ കൈവിരല്‍ വെച്ച്‌ കോക്രി കാട്ടുന്നു. അര്‍ജ്വാനിജിയ്ക്ക്‌ സങ്കടം വന്നിട്ട്‌ കണ്ണൊക്കെ നിറയുന്നു.)

അര്‍ജ്വാനി: ഇതുകൊണ്ടൊന്നും ഞാന്‍ തോറ്റുപോകുമെന്ന് കരുതണ്ട. (കടപ്പാട്‌ : മോഹന്‍ലാല്‍ ഇന്‍ നാടോടിക്കാറ്റ്‌).!

അര്‍ജ്വാനി മടങ്ങിപ്പോകുന്നു.

കൗരവര്‍ വിജയമാഘോഷിക്കുന്നു. മയങ്ങിയും മരിച്ചും വീണ കൗരവരെയും സീമന്തരെയും അവിടെ ഉപേക്ഷിച്ച്‌ കൗരവപ്പട മടങ്ങുന്നു.
----------------------------

രംഗം രണ്ട്‌ (യുദ്ധം ഒന്‍പതാം ദിവസം)

തലേദിവസത്തെ സീന്‍ ആവര്‍ത്തിക്കുന്നു. തേരില്‍ മനോമോഹനനും ഗാന്ധാരിജിയും, താഴെ തേര്‍ വലിച്ച്‌, വീഴ്ത്തുന്ന കൗരവരും സാമന്തരും.

വീണ്ടും പാഞ്ഞെത്തുന്ന അര്‍ജ്വാനിജിയുടെ തേര്‌.! വീണ്ടും അകമ്പടി സേവിക്കുന്ന സുഷമാദ്രൗപദിയും നരേന്ദ്രഭീമോഡി ഇത്യാദികളും. വീണ്ടും തലങ്ങും വിലങ്ങും പായുന്ന അമ്പുകളും ശൂലങ്ങളും.

മനോമോഹനഭീഷ്മരും സോണിയാഗാന്ധാരിജിയും കൗരവരും സീമന്തരുമെല്ലാം പകച്ചുനിന്നു. അല്‍ഭുതപരതന്ത്രരായി നിന്നു. കാരണമെന്താ? അമ്പുകളും ശൂലങ്ങളും? അല്ലാ...! നിങ്ങള്‍ക്ക്‌ തെറ്റി.

അര്‍ജ്വാനിയുടെ തേര്‌ തെളിക്കുന്നതാരാ.? നുമ്മടെ കൃഷ്ണന്‍! ഏത്‌ കൃഷ്ണന്‍? നമ്മുടെ ബാലേഷ്ണന്‍! അര്‍ജ്വാനീടെ മുന്‍പിലോ? നല്ല "മേരിക്കുണ്ടൊരു കുഞ്ഞാട്‌" മോഡല്‍ ചുരിദാറൊക്കെ ഇട്ട്‌ നമ്മുടെ രാംദേവി.!

മനോയും സോണിയാജിയുമൊക്കെ ഞെട്ടാതിരിക്കുമോ!

രാംദേവി തേരിലിരുന്ന് മസിലുപിടിച്ച്‌ കാണിക്കുന്നു.! മൂക്കുംവായും പൊത്തി ശ്വാസം മുട്ടിപ്പിടയുന്നു.! ഒറ്റക്കാലില്‍ നിന്ന് സള്‍സാഡാന്‍സ്‌ കളിക്കുന്നു.! തലകുത്തിനിന്ന് റൊട്ടീം പാലും കഴിക്കുന്നു.!

മനോ : അയ്യേ, ഈ സാധനത്തിനോടൊന്നും യുദ്ധം ചെയ്യാന്‍ എന്നെക്കൊണ്ടാവൂല്ല. ഞാന്‍ വേണേല്‍ സമിതീന്ന് പൊക്കോളാം. എനിക്കാ ഖജനാവിന്റെ ഫോട്ടോഗ്രാഫ്‌ തന്നാല്‍ മതി. അതേല്‌ വരകള്‍ വരച്ച്‌ ഇനിയുള്ള കാലം ഞാന്‍ കഴിച്ചോളാം.

ഇതുകണ്ടതും കേട്ടതും സോണിയാജി താഴെ തേരുവലിക്കുന്ന കപില്‍ ശകുനിയുടെ തലയ്ക്കിട്ട്‌ ഒറ്റത്തട്ട്‌ കൊടുക്കുന്നു. കപില്‍ ശകുനിയും മൂന്നാലുപേരുംകൂടി ഓടിച്ചെന്ന് രാംദേവീടെ കാല്‍ക്കല്‍ ഡൈവ്‌ ചെയ്യുന്നു. കലാസമിതീടെ നടത്തിപ്പില്‍ പങ്കുതരാമെന്ന് രാംദേവീടെ കാതില്‍ രഹസ്യമായി പറയുന്നു. എങ്കില്‍ ഡാന്‍സ്‌ നിര്‍ത്താമെന്ന് രാംദേവിയും രഹസ്യം പറയുന്നു. പക്ഷേ അത്‌ മറ്റുള്ളോരറിയല്ലെന്നും.

കേട്ടപാതി കേള്‍ക്കാത്തപാതി ശകുനി ആന്‍ഡ്‌ ടീം ഒരു മൈക്കെടുത്ത്‌ അങ്ങ്‌ വിളിച്ചുകൂവുന്നു.

രാംദേവി ഡാന്‍സ്‌ നിര്‍ത്തിയേ...!!

രാംദേവി : എന്ത്‌.! അത്രയ്ക്കഹങ്കാരമോ.! നോം ഇങ്ങനെയൊക്കെ പത്തുപേരെ പറ്റിച്ച്‌ ജീവിച്ചുകഴിയുമ്പോ നിനക്കൊന്നും സുഖിക്കുന്നില്ലല്ലേ. എങ്കില്‍ നിങ്ങളും സുഖിക്കണ്ട.!

രാംദേവിയുടെ സള്‍സാഡാന്‍സിന്റെ താളം മുറുകുന്നു. പുറകില്‍ പാണ്ടിമേളം മുറുകുന്നു. വായിക്കുന്നത്‌ പാണ്ഡവര്‍. രാംദേവിയ്ക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്‌ ആര്‍പ്പുവിളിക്കുന്ന അര്‍ജ്വാനിയും കൂട്ടുകാരും. ഒന്നും മിണ്ടാതെ കള്ളച്ചിരിയുമായി ബാലേഷ്ണന്‍.

ഡാന്‍സ്‌.! മേളം.! ഡാന്‍സ്‌.! മേളം.! ഡാന്‍സ്‌.!! മേളം.!! (ഇതിങ്ങനെ മാറിമാറിക്കാണിക്കണം. കൂട്ടത്തില്‍ ചിരിക്കുന്ന ബാലേഷ്ണന്റെ ക്ലോസപ്പുകളും.)

അര്‍ജ്വാനിയും കൂട്ടരും ഇതിനിടയില്‍ മനോമോഹനഭീഷ്മരുടെ തേരിനുനേരെ അമ്പുകളും ശൂലങ്ങളും വിടുന്നു. കൗരവര്‍ ഒഴിഞ്ഞുമാറുന്നു. പകച്ച്‌ നില്‍ക്കുന്നു.

രാംദേവിയുടെ ഡാന്‍സ്‌ താണ്ഡവമായിമാറുന്നു. ഇളകിയാടുന്ന സ്റ്റേജ്‌. മുറുകുന്ന താളം. ആര്‍പ്പുവിളിച്ചു പൂണ്ടുവിളയാടുന്ന നടീനടന്മാര്‍. ചിരിക്കുന്ന ബാലേഷ്ണന്‍. പകച്ചിരിക്കുന്ന കാണികള്‍. ഡും ഡും ഡും..! (ഇതെല്ലാം പെട്ടെന്ന് പെട്ടെന്ന് മാറ്റിക്കാണിക്കണം.)

പെട്ടെന്ന് സ്റ്റേജിലേയ്ക്ക്‌ ഇരച്ചെത്തുന്ന സംഘാടകസമിതിക്കാരും പോലീസുകാരും. അവര്‍ രാംദേവിയുടെ മേല്‍ ചാടിവീഴുന്നു. പിന്നെ ഒരു പൊഹ!

പുകമാറുമ്പോള്‍ രാംദേവി രാംദേവനായി പോലീസ്‌ കസ്റ്റഡിയില്‍. രാംദേവിയുടെ വീടിന്റെ ആധാരത്തിലെന്തോ അക്ഷരത്തെറ്റുണ്ടത്രേ! അത്‌ ചോദിക്കാന്‍ വന്നതാണെന്ന്. രാംദേവന്‍ തിരിഞ്ഞും മറിഞ്ഞും നോക്കുന്നു.

പൊലീസ്‌ : എന്താ?

രാംദേവന്‍ : അല്ല... നമ്മടെ ബാലേഷ്ണന്‍ ഇവിടെങ്ങാണ്ടുണ്ടാരുന്ന്.... ഓനെവിടെപ്പോയി.... (ബാലേഷ്ണനെ നോക്കുന്ന രാംദേവനും പോലീസും).

ഇതിനിടയില്‍ മൈതാനത്തിന്റെ കിഴക്കുവശത്തുള്ള മതിലുചാടിക്കടന്ന്, ഔതക്കുട്ടീടെ റബറുംതോട്ടത്തിന്റെ അതിരിലൂടെ, തങ്കപ്പന്റെ തെങ്ങിന്തോപ്പിന്റെ നടുവിലൂടെ, ഔസേപ്പിന്റെ ആറുപറക്കണ്ടത്തിന്റെ വരമ്പിലൂടെ, കമലാക്ഷീടെ പശുത്തൊഴുത്തിന്റെ വിളുമ്പിലൂടെ ഓടിയോടി രക്ഷപെടുന്ന ബാലേഷ്ണന്റെ പലവിധ ആംഗിളില്‍ നിന്നുള്ള ഷോട്ടുകള്‍..!

സ്റ്റേജില്‍ ആശയക്കുഴപ്പത്തില്‍ നില്‍ക്കുന്ന നടീനടന്മാര്‍. അതിനേക്കാളേറെ ആശയക്കുഴപ്പത്തില്‍ കാണികള്‍.

അര്‍ജ്വാനി സംഘാടകസമിതിയോട്‌ : അപ്പോ എന്റെ "പാസിംഗ്‌ ഓഫ്‌ ഭീഷ്മാ അഥവാ ഭീഷ്മരുടെ കുരിശുമരണം"..?

സംഘാടകന്‍: ആഹാ, ഇനിയും ഈ കൂത്ത്‌ ഞങ്ങള്‌ കണ്ടോണ്ടിരിക്കണോ!

അര്‍ജ്വാനി: അല്ല, എന്റെ കൊല്ലങ്ങളായുള്ള അഭിലാഷമായിരുന്നു ഈ നാടകം.! അതിനായാണ്‌ ഞാന്‍ അര്‍ജ്വാനി ആയതുതന്നെ...

സംഘാടകന്‍ : പൊക്കോണം! ഇനീം ഇതുംകണ്ടോണ്ടിരുന്നാലേ നാട്ടുകാര്‌ ആ അഭിലാഷം നിങ്ങടെ അന്ത്യാഭിലാഷമാക്കും!

ട്ര്ണീം......!! ഈയൊരു ബെല്ലോടുകൂടി നാടകം അവസാനിക്കുന്നു.
-------------------------

ഗ്രീന്‍ റൂം

കിട്ടിയകാശ്‌ വീതിച്ചെടുക്കുന്ന ഗാന്ധാരിജിയും മനോമോഹനഭീഷ്മനും അര്‍ജ്വാനിയും ശകുനിജിയും സുഷമാദ്രൗപദിജിയും മറ്റുള്ളവരും. എല്ലാവരും ആര്‍പ്പുവിളിക്കുന്നു. പരസ്പരം ആശ്ലേഷിക്കുന്നു.

ലാസ്റ്റ്‌ ഷോട്ട്‌ : നാടകം കണ്ടശേഷം, എണ്ണ വില കൂടുതലായതുകാരണം നടന്ന് വീട്ടില്‍പ്പോയി, അരിക്കും പച്ചക്കറിക്കും മറ്റവശ്യസാധനങ്ങള്‍ക്കും വില കൂടുതലായതുകാരണം പച്ചവെള്ളം മാത്രം കുടിച്ച്‌, വൈദ്യുതിക്ക്‌ വില കൂടുതലായതുകാരണം ഫാന്‍ ഓഫുചെയ്ത്‌, വിയര്‍ത്തുകുളിച്ച്‌ കിടന്നുറങ്ങാൻ വൃഥാ ശ്രമിക്കുന്ന കാണികള്‍.

ശുഭം.

****************************

ഓഫ് : ഈ നാടകത്തിലെ കഥാപാത്രങ്ങള്‍ക്ക് മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയ ആരെങ്കിലുമായി സാദൃശ്യം തോന്നുകയാണെങ്കില്‍ നിങ്ങള്‍ കൊണ്ടുപോയി കേസ് കൊടുക്ക്..! ഹല്ല പിന്നെ..!!