2011, ഏപ്രിൽ 27, ബുധനാഴ്‌ച

സത്യസായിബാബയും പ്രധാനമന്ത്രിയും ചില പുറമ്പോക്കുചിന്തകളും

ശ്രീസത്യസായിബാബയുടെ ഭൌതികശരീരദര്‍ശനത്തിനും അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കുവാനും പുട്ടപര്‍ത്തിയില്‍ തടിച്ചുകൂടിയ ലക്ഷക്കണക്കിന് ആളുകളുടെ കൂടെ രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും വിവിഐപികളുടെ നീണ്ട നിര തന്നെയുണ്ടായിരുന്നു. കൂട്ടത്തില്‍ നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രി മന്മോഹന്‍സിംഗും അനൌദ്യോഗികപ്രധാനമന്ത്രി സോണിയാഗാന്ധിയുമൊക്കെ സന്നിഹിതരായിരുന്നു. അത് കണ്ടപ്പോള്‍ മനസ്സില്‍ തോന്നിയ ഒരു ഗൌരവമുള്ള (എന്ന് ഞാന്‍ കരുതുന്ന) ഒരു ചിന്ത പങ്ക് വയ്ക്കട്ടെ.

സായിബാബ സേവനപ്രവര്‍ത്തികള്‍ ചെയ്തിരുന്ന, മള്‍ട്ടിസ്പെഷ്യാലിറ്റി ആസ്പത്രികള്‍ക്ക് ഉടമയായ ഒരു വ്യക്തിയായിരുന്നു. ആ നിലയില്‍ അദ്ദേഹം ആദരിക്കപ്പെടേണ്ടവയാള്‍ തന്നെയാണ്. അതോടൊപ്പം കൂട്ടിവായിക്കേണ്ടതൊന്ന് ഇന്ദ്രജാലങ്ങള്‍ കാട്ടി സാമാന്യജനത്തെ തെറ്റിദ്ധരിപ്പിച്ചും ആദ്ധ്യാത്മികഗ്രന്ഥങ്ങളെ ദുരൂഹവും തെറ്റിദ്ധാരണാജനകവുമായ രീതിയില്‍ വ്യാഖ്യാനിച്ചും വിശാലമായ ഒരു അനുയായിവൃന്ദത്തെ ഉണ്ടാക്കിയെടുത്തയാളാണ് അദ്ദേഹമെന്നതുകൂടിയാണ്. അതായത്, ഞാനാണ് ദൈവം, എന്നെയാണ് ആരാധിക്കേണ്ടത് എന്ന് ദുര്‍ബലഹൃദയരെ (കുറ്റകരമാം വിധം) ദുരുപേദിശിച്ച് ഭാരതീയപാരമ്പര്യത്തെ അതിന് ചേരാത്ത വിധം വഴിമാറ്റിനടത്തിയ ഒരാളാണ് ബാബ. ആദ്ധ്യാത്മിക നേതാക്കള്‍ മുന്‍പും ഉണ്ടായിരുന്നു. ഗുരുദേവനെപ്പോലെയുള്ളവര്‍. അവരൊന്നും പക്ഷേ ഇന്ദ്രജാലങ്ങള്‍ കാട്ടിയല്ല അനുയായികളെ ഉണ്ടാ‍ക്കിയെടുത്തത്. അവരുടെ പൊന്മണിവാക്കുകളുടെ മഹത്വമറിഞ്ഞ് കൂടെക്കൂടിയവരായിരുന്നു അവരുടെയെല്ലാം ആരാധകര്‍. അവരുടെ ആത്മീയജീവിതങ്ങളുടെ വെളിച്ചത്തില്‍ വേണം നമ്മള്‍ സായിബാബയുടെ വഞ്ചന തിരിച്ചറിയേണ്ടത്. നല്ല വാക്കുകളിലൂടെ, ഉപദേശങ്ങളിലൂടെ, മാര്‍ഗ്ഗദര്‍ശനങ്ങളിലൂടെ ജനങ്ങളെ സ്വാധീനിക്കുന്നതിന് പകരം ഇന്ദ്രജാലങ്ങള്‍ കാട്ടി (ഇങ്ങനെ തെറ്റിദ്ധരിപ്പിച്ച് കാര്യസാധ്യങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന് എതിരെ നിയമമുണ്ടോ എന്നറിയില്ല, എന്നിരുന്നാലും അത് കുറ്റം തന്നെയാണ്) ജനങ്ങളുടെ മനസ്സിനുമുകളില്‍ പാടകെട്ടി വശംവദരാക്കുകയാണ് ബാബ ചെയ്തത്. എന്തിന് ചെപ്പടിവിദ്യകള്‍.? ആത്മീയമായി കരുത്തനായ ഒരാള്‍ക്ക് ഒരു നോട്ടം അല്ലെങ്കില്‍ ഒരു വാക്ക് പോരേ ഹൃദയങ്ങള്‍ കീഴടക്കുവാന്‍.? അപ്പോള്‍ ഈ കൈവേലകള്‍ ആത്മീയമായി, ദാര്‍ശനികമായി ദുര്‍ബലനായ ഒരാളുടെ, ജനശ്രദ്ധ പിടിച്ചുപറ്റുവാനുള്ള സൂത്രങ്ങളല്ലാതെ എന്താണ്.?

ദുര്‍ബലനായ മനുഷ്യര്‍ പിടിവള്ളികള്‍ക്ക് കാത്തിരിക്കുന്നു ഓരോ നിമിഷവും. പെട്ടെന്ന് ഒരു കണ്‍കണ്ടദൈവത്തെയും അദ്ദേഹത്തിന്റെ അത്ഭുതപ്രവര്‍ത്തികളെയും കണ്ടപ്പോള്‍ അവര്‍ ചാഞ്ഞു. ചാരുവാന്‍ അരികില്‍ എന്തെങ്കിലുമുള്ളവന്‍ ഭാഗ്യവാന്‍. എന്തെന്നാല്‍ അവന് അതില്‍പ്പരം ആശ്വാസം വേറെയില്ല. പിന്നെ ഒന്നിനേക്കുറിച്ചും അവന് വേവലാതിപ്പെടേണ്ടതില്ല. എല്ലാം തന്നെ സംരക്ഷിക്കുന്ന ശക്തിക്ക് വിട്ടുകൊടുത്ത് സമാധാനിച്ചിരിക്കാം. പിന്നെ വരുന്നതൊക്കെ ആ ശക്തി നല്‍കുന്ന വിധിയെന്ന് കരുതി ദു:ഖിക്കുകയോ സന്തോഷിക്കുകയോ ചെയ്യാം. ഇതാണ് ഓരോ ദൈവവും (കണ്ടിട്ടില്ലാത്തതും കണ്‍കണ്ടതുമായ ദൈവങ്ങള്‍) തന്റെ ഭക്തനുവേണ്ടി ചെയ്യുന്നത്. അതേസമയം അവിശ്വാസിക്കും യുക്തിവാദിക്കും കിട്ടാത്തതും ഇതാണ്. ഈ സമാധാനവും വിധിയെ പഴിച്ചോ പുകഴ്ത്തിയോ നിഷ്ക്രിയമായി ഇരിക്കുവാനുള്ള മനസ്സും. അവന് ചാരാന്‍ അരികില്‍ അവന്റെ സ്വന്തം തത്വങ്ങളോ അല്ലെങ്കില്‍ ഏതെങ്കിലും പ്രത്യയശാസ്ത്രങ്ങളോ മാത്രമേയുള്ളു. അതാവട്ടെ അവന് ഒരിക്കലും സമാധാനം നല്‍കുന്നില്ല താനും. എപ്പോഴും വിഷമിക്കുവാനും അതിനെത്തുടര്‍ന്ന് കാര്യകാരണങ്ങള്‍ അന്വേഷിക്കുവാനും പ്രവര്‍ത്തിക്കുവാനും മാത്രമേ അത് അവന് പ്രേരകമാകുന്നുള്ളു. ആത്യന്തികമായി അവയൊക്കെയും മാറ്റങ്ങള്‍ക്കും പുരോഗതിക്കും (കാരണങ്ങള്‍ അന്വേഷിക്കുമ്പോളാണ് പുതിയ കാര്യങ്ങളറിയുന്നത്. അപ്പോഴാണ് മാറ്റങ്ങളും പുരോഗതിയും ഉണ്ടാവുന്നത്) വഴിവയ്ക്കുന്നു. ചുരുക്കത്തില്‍ ദൈവങ്ങള്‍ മനുഷ്യന് ശാന്തിനല്‍കുമ്പോള്‍ പ്രത്യയശാസ്ത്രങ്ങള്‍ മനുഷ്യനെ അശാന്തനാക്കുന്നു (അശാന്തനായ മനുഷ്യന്‍ സംസ്ക്കാരത്തെയും സമൂഹത്തെയും ഉടച്ചുവാര്‍ക്കുന്നു. ശാന്തനായി വിശ്രാന്തിയില്‍ ശയിക്കുന്നവന് എന്തിനാണ് മാറ്റങ്ങള്‍.?).

ബാബയുടെ കാര്യത്തിലും ഇതാണ് സംഭവിക്കുന്നത്. ബാബ ഒരു ചാരാണ്. വേദനിക്കുന്ന ഭക്തന്‍ അങ്ങോട്ടേയ്ക്ക് ചായുന്നു. അവന് ശാന്തികിട്ടുന്നു (നല്ല കാര്യം). ഏതൊരു ദൈവം - ഭക്തന്‍ ബന്ധത്തിലുമെന്ന പോലെ. പക്ഷേ സായിബാബയുമായി മറ്റ് ദൈവങ്ങള്‍ക്കുള്ള വ്യത്യാസം അവര്‍ ഭക്തന്റെ മുന്‍പില്‍ നേരിട്ട് വന്ന് ശൂന്യതയില്‍ നിന്ന് വിഭൂതിയും സ്വര്‍ണമാലയും ശിവലിംഗവും ഉണ്ടാക്കി അവനെ അല്‍ഭുതപ്പെടുത്തുന്നില്ല എന്നതാണ്. ദൈവങ്ങളല്ലാത്ത, നമ്മുടെ മഹാന്മാരായ ആത്മീയാ‍ചാര്യരും ഇതുപോലുള്ള ഒരു ഇദ്രജാലങ്ങളും കാണിച്ചിട്ടില്ല ആരാധകരെ അല്‍ഭുതപ്പെടുത്തുവാനായി. ഇവിടെയാണ് ബാബയുടെ ചതി തിരിച്ചറിയേണ്ടത്. ബാബ ആത്മീയശാന്തി നല്‍കട്ടെ, വഴി കാട്ടട്ടെ. പക്ഷേ അതിനുവേണ്ടി തിരഞ്ഞെടുക്കുന്ന കുറുക്കുവഴികളും കുതന്ത്രങ്ങളും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല. കാരണം അത് അപകടകരമായ ഒരു പ്രവണതയ്ക്ക് വഴി വെയ്ക്കും (നിര്‍ഭാഗ്യമെന്ന് പറയട്ടെ, അതങ്ങനെയൊരു പ്രവണതയ്ക്ക് വഴി വെച്ചുകഴിഞ്ഞു. നമ്മുടെ നാട്ടിലെ ആള്‍ദവങ്ങളുടെ എണ്ണത്തിലുണ്ടായ ആശ്ചര്യജനകമായ വര്‍ദ്ധനയും, അവരുടെ ചെപ്പടിവിദ്യകളും തെറ്റിദ്ധാരണാജനകമായ കപടോപദേശങ്ങളും വിചിത്രപൂജകളും ഉദാഹരണമാണ്).

ബാബ ചെയ്തു എന്ന് പറയപ്പെടുന്ന എല്ലാ കുറ്റങ്ങളും ആരോപണങ്ങളും (ഡ്രഗ്സ്, ലൈംഗികകുറ്റങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിയവ) നിലനില്‍ക്കുമ്പോള്‍ തന്നെ അദ്ദേഹത്തെ ഒരു സാമൂഹികപ്രവര്‍ത്തകനെന്ന നിലയില്‍ മാത്രം കാണാനാണ് ഞാനാഗ്രഹിക്കുന്നത്. പക്ഷേ അദ്ദേഹം ഒരു ജനതയെ മുഴുവന്‍ തെറ്റിദ്ധരിപ്പിച്ചത് പൊറുക്കുവാനാവുന്നതുമല്ല.

ഇനി ഇത്രയും പറയുവാന്‍ കാര്യം, ഒരു രാജ്യത്തെയും ഒരു ജനതയെയും പിന്നെ ഒരു അന്താരാഷ്ട്രസമൂഹത്തെയും മുഴുവന്‍ തെറ്റിദ്ധരിപ്പിച്ച (ബാക്കിയെല്ലാം തല്‍ക്കാലം അവിടെ നില്‍ക്കട്ടെ) ഒരു വ്യക്തിയുടെ ശവശരീരത്തില്‍ പൂക്കളിടുവാന്‍ നമ്മുടെ പ്രധാനമന്ത്രി നില്‍ക്കുന്നത് കണ്ടതാണ്. അത് എന്ത് വേണമെങ്കില്‍ ആവട്ടെ. പൂവിടുകയോ തൊഴുകയോ എന്ത് വേണമെങ്കിലും. പക്ഷേ എനിക്ക് അപ്പോള്‍ ചോദിക്കുവാനുള്ളത്, മറ്റ് തിരക്കുകളെല്ലാം മാറ്റിവച്ച് ഒരു സമൂഹികപ്രവര്‍ത്തകന്‍ കം ആസ്പത്രി ഉടമയുടെ ശവസംസ്ക്കാരച്ചടങ്ങിനെത്തുവാന്‍ സമയമുണ്ടാക്കിയ പ്രധാനമന്ത്രിക്ക് എന്തുകൊണ്ട് അവിടുന്ന് അധികം ദൂരെയല്ലാത്ത കാസര്‍കോട്ടെത്തി എന്‍ഡോസള്‍ഫാനെന്ന മാരകവിഷത്തെ രക്തമാംസങ്ങളില്‍ പേറി, അതിന്റെ വിഷവീര്യത്തില്‍ പുകഞ്ഞ് നീറി, തല വളര്‍ന്ന്, നാവ് നീട്ടി, തൊലിയടര്‍ന്ന്, കാലും കൈയ്യും വളരാതെയോ വളഞ്ഞോ നിശ്ചലമായോ ആയിത്തീര്‍ന്ന, വേദന തിന്നുന്ന, കിടന്ന കിടപ്പില്‍ പുളയുന്ന, അല്ലെങ്കില്‍ പുളയുവാനോ കരയുവാനോ ആവാത്ത ആയിരക്കണക്കിന് പിഞ്ചുകുഞ്ഞുങ്ങളെ, അര്‍ബുദരോഗികളെ, പിന്നെയും പേരറിയാത്ത, ഇനിയും തിരിച്ചറിയപ്പെടാത്ത രോഗം പേറുന്ന പീഡിതരെ കാണുവാന്‍ സമയമുണ്ടാക്കാന്‍ പറ്റുന്നില്ല.? പ്രത്യേകിച്ചും ഒരു സംസ്ഥാനവും, അവിടുത്തെ കോടിക്കണക്കിന് ജനങ്ങളും മുഴുവന്‍ നിലവിളിക്കുമ്പോള്‍, പ്രതിഷേധിക്കുമ്പോള്‍ ആക്രോശിക്കുമ്പോള്‍.? പ്രത്യേകിച്ചും ലോകരാഷ്ട്രങ്ങള്‍ എന്‍ഡോസള്‍ഫാനെന്ന ഈ അസുരവിത്തിനെ നിരോധിക്കുവാനായി ഒത്തുകൂടുമ്പോള്‍.? പ്രത്യേകിച്ചും ഇന്ന് രാജ്യം കാണുന്ന ഏറ്റവും വലിയ മനുഷ്യാവകാശപ്രശ്നമായി ഈ ദുരന്തം മാറുമ്പോള്‍.? അശരണരായ ജനങ്ങളുടെ കണ്ണീരൊപ്പുവാനും അവര്‍ക്ക് ആശ്വാസദായകമായ നടപടികള്‍ സ്വീകരിക്കുവാനും ഉള്ളതിനേക്കാള്‍ അത്യാവശ്യമായ എന്ത് ജോലിയാണ് ഈ രാജ്യത്തിന്റെ ഭരണാധികാരിയായ, മുഖ്യജനസേവകനായ, ബഹുമാന്യനായ അങ്ങേയ്ക്ക് ഉള്ളത്.? നിന്ദിതരും പീഡിതരുമായ, കണ്ണീര്‍ വാര്‍ക്കുന്ന, കേഴുന്ന ജനങ്ങളേക്കാള്‍ വലുതാണോ ബഹുമാനപ്പെട്ട പ്രധാനമന്ത്രീ അങ്ങേയ്ക്ക് ചെപ്പടിവിദ്യകളിലൂടെ ജനങ്ങളെ പറ്റിച്ച് ജീവിച്ചിരുന്ന, പെരുമയ്ക്ക് തുല്യമായ സേവനങ്ങള്‍ ഭക്തരുടെ അന്ധമായ കണ്ണുകളില്‍ മാത്രം നിറയുന്ന, അല്ലാത്തവന്റെ കണ്ണില്‍ അല്‍പ്പമാത്രസേവകനായ ഒരു സ്വാമിയുടെ കാല്‍ക്കലിടുവാനുള്ള പൂക്കള്‍.? ഓഹ്.. ക്ഷമിക്കുക. ഞങ്ങള്‍ പാവം ജനങ്ങളെക്കൊണ്ട് നിങ്ങള്‍ക്ക് ഗൂഢമോ അല്ലാത്തതോ ആയ പ്രയോജനങ്ങളൊന്നുമില്ല എന്ന കാര്യം ഓര്‍ത്തില്ല. ദയവായി ക്ഷമിക്കുക.