2012, ഓഗസ്റ്റ് 3, വെള്ളിയാഴ്‌ച

നിറങ്ങള്‍ സുന്നത്ത് ചെയ്യപ്പെടുമ്പോള്‍

തമിഴ്നാട്ടില്‍ നിന്ന് തീവണ്ടിയില്‍ കേരളത്തിലേയ്ക്ക് വരുന്നത് ഒരു പ്രത്യേക അനുഭവമാണ്. തീവണ്ടിപ്പാളത്തിന് ഇരുപുറവും കണ്ണെത്താദൂരത്തോളം പരന്ന് കിടക്കുന്ന തരിശുനിലങ്ങള്‍ കാണാം. നരച്ച ആകാശത്ത് ചിതറിക്കിടക്കുന്ന നക്ഷത്രങ്ങള്‍ പോലെ വിശാലതരിശുകളില്‍ അവിടവിടെ ചിതറിയ നിറം കെട്ട ഇലകളുള്ള കുറുകിയ മരങ്ങളും കുറ്റിച്ചെടികളും. വരണ്ട പൊടിക്കാറ്റ് വീശുന്ന ആ ശൂന്യഭൂമികയില്‍നിന്ന് ഏതോ ഒരു നിമിഷം പ്രകൃതിയാകെ ഒരു ജാലവിദ്യക്കാരന്റെ തൊപ്പിയില്‍ക്കയറി വര്‍ണാഭമായി തിരിച്ചിറങ്ങുന്നതുപോലെ പെട്ടെന്ന് രൂപം മാറുന്നു. കണ്ണും മനസ്സും കുളുരുന്ന കടുംപച്ചയുടെ ജീവിതോത്സവം! കേരളം! പിന്നെ പ്രകൃതി മാറുകയാണ്, തീവണ്ടിപ്പാതയുടെ വശങ്ങളില്‍ പച്ചയുടെ വിവിധതരം ചായക്കൂട്ടുകള്‍ തോരെ മറിഞ്ഞ് പരക്കുന്നു. ഹരിതകേരളം എന്നും ദൈവത്തിന്റെ സ്വന്തം നാട് എന്നും കേരളത്തിന് തൊങ്ങലുകള്‍ ചാര്‍ത്തപ്പെട്ടത് ഇത് പ്രകൃതിയുടെ ഉത്സവദേശം ആയതുകൊണ്ടാണ്. എന്റെ കേരളത്തേക്കാള്‍ മനോഹരമായ നാട് വേറെയില്ല എന്ന് ഓരോ മലയാളിയും അഭിമാനം കൊള്ളുന്നതും അതുകൊണ്ട് തന്നെയാണ്.

പക്ഷേ കഴിഞ്ഞ കുറേ നാളുകള്‍ കൊണ്ട് കേരളത്തിന്റെ സ്വന്തം നിറത്തിന് കേവലസൌന്ദര്യതലങ്ങള്‍ക്കപ്പുറം ഗൌരവപൂര്‍ണമായ ഒരു രാഷ്ട്രീയ,സാമുദായിക മാനം കൈവന്നിരിക്കുന്നു. അതിന് മതപരിവര്‍ത്തനം സംഭവിച്ചിരിക്കുന്നു. ഇപ്പോള്‍ മലയാളികളെ സംബന്ധിച്ച് “പച്ച” ഇസ്ലാമിന്റെ മാത്രം നിറമാണ്. കുറച്ചുകൂടി ഗ്രാമീണവത്ക്കരിച്ചാല്‍ “പച്ചനിറം സുന്നത്ത് ചെയ്യപ്പെട്ടിരിക്കുന്നു”. നിറങ്ങള്‍ക്ക് സമുദായം ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ടെന്ന് തന്നെയാണ് ഉത്തരം. ഭാരതത്തില്‍ കാവിനിറത്തിന് ഹിന്ദു ആകാമെങ്കില്‍ എന്തുകൊണ്ട് പച്ചയ്ക്ക് ഇസ്ലാമായിക്കൂടാ?

ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ഒരു ചിത്രം
അടുത്തകാലത്തെ ചില “പ്രധാന” വാര്‍ത്തകള്‍ നമുക്ക് നല്‍കുന്ന ചിത്രങ്ങള്‍ ഹരിതവര്‍ണ്ണത്തിന്റെ ഈ മതപരിവര്‍ത്തനത്തിന് പ്രത്യക്ഷോദാഹരണങ്ങളാണ്. കേരളവിദ്യാഭ്യാസവകുപ്പിന്റെ ഒരു പൊതുപരിപാടിയില്‍ അധ്യാപികമാരെല്ലാം “പച്ച” ബ്ലൌസും സെറ്റുസാരിയും ധരിച്ച് വരണമെന്ന് ജില്ലാതല പ്രോജക്ട് ഓഫീസര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു എന്നതായിരുന്നു ഏതാനും ദിവസം മുന്‍പ് പ്രധാന മലയാള വാര്‍ത്താചാനലുകളിലെ “ബ്രേയ്ക്കിംഗ് ന്യൂസ്”! പോരേ പൂരം! കേരളവിദ്യാഭ്യാസവകുപ്പുമന്ത്രി ശ്രീ അബ്ദുറബ്ബ് വിശ്വാസപരമായി ഇസ്ലാമും രാഷ്ട്രീയപരമായി ഒരു മുസ്ലീംലീഗുകാരനുമായതുകൊണ്ടും, മുസ്ലീം ലീഗ് മതേതരപ്പാര്‍ട്ടിയെന്ന് പുറത്ത് ലേബല്‍ ഒട്ടിച്ച ഒരു ഒന്നാന്തരം സാമുദായികരാഷ്ട്രീയസംഘടന ആയതുകൊണ്ടും, മുസ്ലീം ലീഗിന്റെ കൊടിനിറം പച്ച ആയതുകൊണ്ടും കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ ആ വാര്‍ത്ത ഒരു തീക്കാറ്റ് പോലെയാണ് പടര്‍ന്നത്. അഞ്ചാം മന്ത്രി പ്രശ്നത്തിലും “വിദ്യാഭ്യാസവ്യാപാര”പ്രശ്നത്തിലും സര്‍ക്കാറുമായി ഇടഞ്ഞ് നിന്നിരുന്ന “മതേതരസാമുദായികസംഘടനകള്‍” ആ‍യ എന്‍.എസ്.എസ്സിന്റെയും എസ്.എന്‍.ഡി.പിയുടെയും നേതാക്കള്‍ വിദ്യാഭ്യാസത്തെ സാമുദായികവല്‍ക്കരിക്കുന്നതിനെതിരെ ശക്തമായി പ്രതിഷേധിച്ചു (ക്ഷമിക്കണം; തമാശയല്ല). ഫോട്ടോ എഡിറ്റിംഗ് സോഫ്റ്റ് വെയറുകളില്‍ ഉരുവം കൊണ്ട പച്ചനിറമുള്ള കേരളവും സെക്രട്ടേറിയറ്റും പച്ച യൂണിഫോമണിഞ്ഞ സ്കൂള്‍ കുട്ടികളുമെല്ലാം ആഗോള സോഷ്യല്‍ മീഡിയയായ ഫേസ്ബുക്കില്‍ നിമിഷങ്ങള്‍ക്കകം പ്രചരിച്ചു. ലക്ഷക്കണക്കിന് മലയാളികളാണ് വിദ്യാഭ്യാസവകുപ്പിന്റെ വര്‍ഗ്ഗീയവല്‍ക്കരണത്തിനെതിരെ അമര്‍ഷം പ്രകടിപ്പിച്ചത്.

ആദ്യമായാണോ വിദ്യാഭ്യാസവകുപ്പിന്റെ പരിപാടികളില്‍ അധ്യാപകര്‍ക്ക് ഡ്രസ് കോഡ് നിര്‍ദേശിക്കപ്പെടുന്നത്? അല്ലേയല്ല. ഇതിനുമുന്‍പും ഉന്നതമേധാവികള്‍ ഇത്തരം ഉത്തരവുകള്‍ അധ്യാപകര്‍ക്ക് നല്‍കിയിട്ടുണ്ട്. എങ്കില്‍ പിന്നെ ഈ ഉത്തരവ് മാത്രം വിവാദമാകുന്നതെങ്ങിനെ? ആ ചോദ്യത്തിന്റെ ഉത്തരം തേടിച്ചെന്നാല്‍ ഒരു പുതിയ മാധ്യമസംസ്ക്കാരത്തിലും അവിടെനിന്നും വീണ്ടും സഞ്ചരിച്ച് മലയാളികളുടെ മനസ്സിന്റെ ഇരുണ്ട ഉള്ളറകളിലേയ്ക്കുമാണ് നമുക്ക് എത്തിച്ചേരാന്‍ കഴിയുക.

ഇന്ത്യയില്‍ വാര്‍ത്താചാനലുകള്‍ക്ക് പ്രചാരം ലഭിക്കുംമുന്‍പ് ബിബിസി പോലുള്ള ആഗോള വാര്‍ത്താചാനലുകളാണ് നമുക്ക് അപ്പപ്പോള്‍ വാര്‍ത്തകള്‍ എത്തിച്ചുതന്നിരുന്നത്. ആക്കാലത്ത് സ്ഥിരമായി വാര്‍ത്തകള്‍ കണ്ടിരുന്ന ആളുകള്‍ക്കറിയാം “ബ്രേയ്ക്കിംഗ് ന്യൂസ്” എന്താണെന്ന്. അന്നൊക്കെ ചാനലുകള്‍ അതീവപ്രാധാന്യമുള്ള വാര്‍ത്തകള്‍ക്ക് മാത്രമേ അത്തരം ഒരു പട്ടം ചാര്‍ത്തിക്കൊടുത്തിരുന്നുള്ളു; അതും അടിയന്തിരഘട്ടങ്ങളില്‍ മാത്രം. എന്നാല്‍ ഇന്ന് കേരളത്തില്‍ ചാനലുകളുടെ വേലിയേറ്റത്തില്‍, രാഷ്ട്രീയനേതാക്കള്‍ തുമ്മുന്നതും കുളിക്കുന്നതും പോലും ബ്രേക്കിംഗ് ന്യൂസ് ആയിത്തീരുന്ന ഒരു പുത്തന്‍ മാധ്യമസംസ്ക്കാരത്തിന്റെ, അല്ലെങ്കില്‍ സാംസ്ക്കാരിക അപചയത്തിന്റെ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ചാനലുകള്‍ തമ്മില്‍ ബ്രേയ്ക്കിംഗ് ന്യൂസുകള്‍ക്കും എക്സ്ക്ലൂസീവുകള്‍ക്കുമായി മത്സരിക്കുന്ന ഒരു യുഗത്തില്‍ വിദ്യാഭ്യാസവകുപ്പ് അധ്യാപകര്‍ക്ക് ഡ്രസ് കോഡ് നല്‍കുന്നതുപോലും വാര്‍ത്തയായിത്തീരുന്നതില്‍ അത്ഭുതപ്പെടാനില്ല. ചാനലുകള്‍ക്ക് എങ്ങിനെയും വാര്‍ത്ത സൃഷ്ടിച്ചാല്‍ മതിയല്ലോ. സാമുദായികവിദ്വേഷത്തിന്റെ കറ പുരണ്ട വാര്‍ത്തകള്‍ക്ക് മാര്‍ക്കറ്റ് കൂടുതലാണ് താനും. അങ്ങനെ വരുമ്പോള്‍ ഒരു ഇസ്ലാം മതവിശ്വാസിയ്ക്ക് “എന്റെ കേരളം ഹരിതകേരളം” എന്ന് പറയുവാന്‍ പോലും ഭയക്കേണ്ടുന്ന ഒരു ഇടമായിത്തീരുന്നു നമ്മുടെ നാട്.

തകര്‍ന്നടിയുന്ന സനാതനധര്‍മ്മ പാരമ്പര്യം
പൊതുസമൂഹത്തില്‍ ആഘോഷിക്കപ്പെട്ട മറ്റൊരു വാര്‍ത്തയാണ് വിദ്യാഭ്യാസമന്ത്രി തന്റെ ഔദ്യോഗികവസതിയുടെ പഴയ പേര് മാറ്റിയതും. “ഗംഗ” എന്ന ഭാരതീയരുടെ പുണ്യനദിയുടെ പേരുണ്ടായിരുന്ന വസതിയെ ശ്രീ അബ്ദുറബ്ബ് “ഗ്രേസ്” എന്ന് പുനര്‍നാമകരണം ചെയ്തു! കൊടിയ അപരാധം! സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള സനാതനധര്‍മ്മ പാരമ്പര്യം മന്ത്രി ഒറ്റപ്പേരിലൂടെ തകര്‍ത്തെറിഞ്ഞിരിക്കുന്നു.

ഇപ്പോള്‍ സാമാന്യബുദ്ധിയില്‍ തെളിയുന്ന ഒരു സംശയം ഇതാണ് : “ഒരു പേരുമാറ്റത്താല്‍ തകരുവാനും മാത്രം ദുര്‍ബലമായ ഒന്നാണോ സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ആര്‍ഷഭാരതപാരമ്പര്യം? ഞാന്‍ നീയാകുന്നുവെന്നും ബ്രഹ്മമാകുന്നുവെന്നും പഠിപ്പിക്കുന്ന സനാതനധര്‍മ്മത്തില്‍ ഒരു പേരുമാറ്റത്തിനെവിടെയാണ് സ്ഥാനം? സര്‍വ്വം മായയെന്ന് വിശ്വസിക്കുന്ന ഒരു ഭാരതീയന് ഒരു വീടിന്റെ പേര് ഗംഗയെന്നായാലെന്ത്, ഗ്രേസ് എന്നായാലെന്ത്?”

ഗ്രേസ് എന്നാല്‍ ഒരു ഇസ്ലാമിക വാക്ക് അല്ലെന്നും ആ ഇംഗ്ലീഷ് വാക്കിന്റെ ലളിതമായ അര്‍ഥം മഹത്വം എന്നുമാത്രമാണെന്നും നമുക്കറിയാം. ഈ പേരുമാറ്റത്തെ കേരളത്തിലുള്ള ജനങ്ങളുടെയെല്ലാം മുന്‍പില്‍ “ബ്രേയ്ക്കിംഗ് ന്യൂസ്” ആയി അവതരിപ്പിച്ച മാധ്യമങ്ങളാണ് ഇത്തരം തൃണതുല്യമായ സംഭവങ്ങളെ തീവ്രവര്‍ഗ്ഗീയകുറ്റങ്ങളാക്കിത്തീര്‍ക്കുന്നതില്‍ ഒന്നാം പ്രതികള്‍. നിര്‍ദോഷമായ പച്ചനിറത്തിനെയും വ്യക്തിപരമായ ഗ്രേസിനെയുമൊക്കെ വര്‍ഗ്ഗീയ വിഷം പുരട്ടിയ അമ്പുകളാക്കി ജനങ്ങളുടെ മനസ്സിലേയ്ക്ക് എയ്യുന്ന സാമുദായിക, സാംസ്ക്കാരിക, രാഷ്ട്രീയ നേതാക്കള്‍ രണ്ടാം പ്രതികളും.

അതുപോലെതന്നെ തീര്‍ത്തും അനാവശ്യമായതും തരം താണതുമായ ഒരു വിവാദമായിരുന്നു വിദ്യാഭ്യാസമന്ത്രി നിലവിളക്ക് കൊളുത്തില്ല എന്ന വാര്‍ത്ത. ഒരാളുടെ വിശ്വാസം ഒരു കാര്യം ചെയ്യുന്നതില്‍ നിന്ന് അയാളെ വിലക്കുന്നുണ്ടെങ്കില്‍ അതിലെന്തിനാണ് മറ്റുള്ളവര്‍ അസഹ്യരാവുന്നത്? വിശ്വാസങ്ങള്‍ എല്ലാവര്‍ക്കും വ്യക്തിപരമായ കാര്യങ്ങളാണ്. അതില്‍ കൈകടത്താന്‍ മറ്റുള്ളവനെന്താണ് അവകാശം? ഒരു ഭാരതീയനായി ജനിച്ചു, ഒരു മന്ത്രിയായി,എന്ന് കരുതി അബ്ദുറബ്ബ് എന്ന ഇസ്ലാമിന് തന്റെ വേദത്തെ തള്ളേണ്ട ആവശ്യമില്ല. ഒരു മതേതരജനാധിപത്യരാഷ്ട്രമെന്ന നിലയില്‍ മൌലികാവകാശമായി ഇന്ത്യന്‍ ഭരണഘടന ആ സ്വാതന്ത്ര്യം ഏതവസ്ഥയിലും ഏത് സ്ഥാനമാനങ്ങളിലും എല്ലാ ഇന്ത്യന്‍ പൌരനും വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്റെ വിശ്വാസം പോലെ നീയും പ്രവര്‍ത്തിച്ചേ മതിയാവൂ എന്ന് ചിന്തിക്കുന്നത് വിശ്വാസപരമായ തീവ്രവാദമാണ്. ഇവിടെയും മാധ്യമങ്ങള്‍ക്കും, പ്രത്യേകിച്ച് സോഷ്യല്‍ മാധ്യമങ്ങള്‍ക്കും അവയെ വേണ്ടവിധം നിയ്ന്ത്രിക്കാത്ത അധികാരികള്‍ക്കും പ്രതിക്കൂട്ടില്‍ സ്ഥാനമുണ്ട്. സനാതനധര്‍മ്മത്തിന്റെ മൂലാര്‍ഥം അറിയാത്ത ഒരു വിഭാഗം “ഹിന്ദുക്കള്‍” ഇങ്ങനെയുള്ള അനാവശ്യപ്രകോപനങ്ങളില്‍ രോഷം കൊള്ളുവാനും തയ്യാറായി നില്‍ക്കുമ്പോള്‍ രംഗം കൊഴുക്കുന്നു.

സമകാലീന കേരളരാഷ്ട്രീയസാഹചര്യങ്ങളില്‍ മുസ്ലീം ലീഗിന് കൈവന്ന അസന്ദിഗ്ദ്ധമായ പ്രാധാന്യത്തില്‍ അസഹ്യമായ ചൊരുക്കുള്ള, ഇസ്ലാം മതത്തിനോട് അസഹിഷ്ണുതയുള്ള, ഒരു അവസരത്തിന് തക്കം പാര്‍ത്തിരിക്കുകയായിരുന്ന വലിയൊരു വിഭാഗം ആളുകളുടെ സംഘടിതവും ഗൂഢവുമായ ഒരു അജണ്ട നടപ്പാക്കല്‍ കൂടിയാണ് ഈ സംഭവവികാസങ്ങള്‍. പക്ഷേ അവയൊക്കെയും ആത്യന്തികമായി വിനയാകുന്നത് മുസ്ലിം ലീഗ് എന്ന കപടമതേതര രാഷ്ട്രീയപ്പാര്‍ട്ടിയിലുപരി മുസ്ലിം സമുദായത്തിന് മൊത്തമാണ്. ചുരുക്കത്തില്‍; “ഇസ്ലാമിക വിശ്വാസി എന്നാല്‍ പാക്കിസ്ഥാനിയെന്നും ഇന്ത്യാവിരുദ്ധനെന്നും” വരുത്തിത്തീര്‍ക്കുന്ന അത്യന്തം അപകടകരമായ ഒരു ഭാരതീയസാമൂഹികസവിശേഷസന്ധിയില്‍ കാര്യങ്ങള്‍ എത്തിയിരിക്കുന്നു.

മാധ്യമങ്ങള്‍ മനുഷ്യനെ തൊട്ടുണര്‍ത്തുമ്പോള്‍
ത്രേതായുഗത്തില്‍ യുഗങ്ങളോളം കല്ലായിക്കിടന്ന അഹല്യയ്ക്ക് ശ്രീരാമന്‍ കാല്‍ വിരല്‍കൊണ്ട് തൊട്ട് ശാപമോക്ഷം നല്‍കിയതായി രാമായണം പറയുന്നുണ്ട്. അഹല്യയിലെ സ്ത്രീത്വത്തെ ശ്രീരാമന്‍ വിമോചിപ്പിക്കുകയായിരുന്നു ഒരു വിരല്‍ സ്പര്‍ശത്തിലൂടെ. അത്തരം ഒരു തൊട്ടുണര്‍ത്തലാണ് ഇന്ന് ദൃശ്യമാധ്യമങ്ങളും സോഷ്യല്‍ നെറ്റ് വര്‍ക്കുകളും മലയാളിമനസ്സിനോട് ചെയ്തുകൊണ്ടിരിക്കുന്നത്. പണ്ടും മനുഷ്യന്റെയുള്ളില്‍ വര്‍ഗ്ഗബോധവും വര്‍ഗ്ഗവിഷ്വേദവും ഉണ്ടായിരുന്നു. മാധ്യമങ്ങള്‍ പരിമിതമായിരുന്ന ഒരു കാലത്ത് വേണ്ടത്ര ഉത്തേജനം ലഭിക്കാതിരുന്നതിനാല്‍ വര്‍ഗ്ഗവര്‍ണ്ണവെറികള്‍ വല്ലപ്പോഴും മാത്രം തലപൊക്കുന്ന, ഉറങ്ങുന്ന സിംഹങ്ങള്‍ ആയിരുന്നു. എന്നാല്‍ കൂടുതല്‍ വേഗത്തില്‍ ദൃശ്യശ്രാവ്യമാധ്യമങ്ങള്‍ വാര്‍ത്തകളും വിശകലനങ്ങളും നല്‍കാന്‍ തുടങ്ങിയതോടെ ആ സിംഹങ്ങള്‍ക്ക് ഉണര്‍വ് ലഭിച്ചുതുടങ്ങി. പല വാര്‍ത്താധിഷ്ഠിതചര്‍ച്ചകളും ഓരോ വാര്‍ത്തയുടെയും കാണാപ്പുറങ്ങളെയും വരികള്‍ക്കിടയില്‍ മറഞ്ഞുകിടക്കുന്ന നാനാര്‍ഥങ്ങളെയും വെളിപ്പെടുത്തിയപ്പോള്‍ വാര്‍ത്തകളുടെയും സംഭവങ്ങളുടെയും സാധ്യതകളെയും അര്‍ഥതലങ്ങളെയും കുറിച്ച് മനുഷ്യന്‍ ബോധവാനായി. സദുദ്ദേശപരമെന്നുതോന്നാവുന്ന ഈ ചര്‍ച്ചകള്‍ മനുഷ്യനെ കൂടുതല്‍ ജാഗരൂകനാക്കിയതിനൊപ്പം ഒരു നല്ല പങ്ക് ആളുകളിലും മയങ്ങിക്കിടന്നിരുന്ന സാമുദായിക ചിന്തകളെയും ഉണര്‍ത്താതിരുന്നില്ല. മാധ്യമങ്ങള്‍ക്ക് ഇത്തരം സമീപനങ്ങളില്‍ ചാനല്‍ റേറ്റിംഗ് ഉള്‍പ്പെടെ സാമ്പത്തികവും രാഷ്ട്രീയ വുമായ പല നേട്ടങ്ങളും ഉണ്ടായിരിക്കാം. പക്ഷേ, മനുഷ്യന് അവന്റെ സ്വതസിദ്ധമായ നിഷ്ക്കളങ്കത നഷ്ടപ്പെട്ടിരിക്കുന്നു. പ്രത്യക്ഷത്തില്‍ നിര്‍ദോഷമെന്ന് തോന്നുമെങ്കിലും മനുഷ്യ, സാമൂഹ്യ, മനശാസ്ത്രവീക്ഷണകോണില്‍നിന്ന് നോക്കുമ്പോള്‍ പൊതുസമൂഹത്തില്‍ ദീര്‍ഘകാലപ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാവുന്ന അപകടകരമായ ഒരു മാറ്റമാണത്.

ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ എത്തിയതോടെ മനുഷ്യന്റെയുള്ളിലെ നവ്യോന്മേഷം ലഭിച്ച ദുര്‍ചിന്താസരണികള്‍ പൂര്‍ണരൂപം പ്രാപിച്ചു. അവനവന്റെ ചിന്തകള്‍ പങ്ക് വയ്ക്കുവാന്‍ സുരക്ഷിതമെന്ന് “തോന്നിക്കുന്ന” സ്വന്തമായൊരു ഇടം ലഭിച്ചതോടെ അത്തരം ചിന്തകള്‍ക്ക് ചിറകുകള്‍ വച്ചു. ഇന്നത്തെ ഫേസ്ബുക്ക് പോസ്റ്റുകളില്‍ നല്ലൊരു ശതമാനം ജാതിമതസ്പര്‍ദ്ധകള്‍ വളര്‍ത്തുന്നതാണെന്നത് ഈ (ദു)സ്വാതന്ത്ര്യപ്രഖ്യാപനത്തിന് ഉത്തമദൃഷ്ടാന്തമാണ്. സ്വന്തം മതത്തെയും സമുദായത്തെയും പുകഴ്ത്തുന്നതും അന്യസമുദായങ്ങളെ അവഹേളിക്കുന്നതുമായ ചിത്രങ്ങളും ചിന്തകളും സോഷ്യല്‍ മീഡിയകളില്‍ നിരന്തരം പങ്ക് വയ്ക്കപ്പെടുന്നു. സാമുദായികസന്ദേശപ്രചരണങ്ങള്‍ മുന്‍പെങ്ങുമില്ലാത്തവിധം ശക്തമാകുന്നു.

ഇതിലിത്ര വേവലാതിപ്പെടാനുണ്ടോ എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. ഒരുതരം “സ്ലോ പോയിസണിംഗ്” ആണ് യഥാര്‍ത്തത്തില്‍ ഈ പങ്കുവയ്ക്കലുകള്‍. നിരന്തരമായി മറ്റ് സമുദായങ്ങളുടെ “ന്യൂനതകളും ക്രൂരതകളും”  ദൃശ്യശ്രാവ്യരൂപത്തില്‍ “ആധികാരികമായി” കണ്ടുകൊണ്ടിരിക്കുന്ന ഒരു ഹിന്ദുവിന്/മുസല്‍മാന്/കൃസ്ത്യാനിയ്ക്ക് കുറെ കഴിയുമ്പോള്‍ തന്റെ അബോധമനസ്സില്‍ ഒരു പരിധി വരെയെങ്കിലും ഇതൊക്കെ ശരിയാണെന്നും ആ സമുദായങ്ങള്‍ നിന്ദ്യമാണെന്നും തന്റെ (സമുദായത്തിന്റെ) ശത്രുക്കളാണെന്നും തോന്നും. അത് ഒരു തരം പ്രേരിത മനപരിവര്‍ത്തനം ആണ്.

പ്രശസ്ത മനശാസ്ത്രജ്ഞന്‍ ഡാനിയേല്‍ ഷാറ്ററുടെ “ഓര്‍മ്മയുടെ ഏഴുപാപങ്ങള്‍” എന്ന പുസ്തകത്തില്‍ ഇത്തരം പ്രേരിത മനപരിവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. അതിന്‍പ്രകാരം ഓര്‍മ്മയുടെ ഏഴുപാപങ്ങളിലൊന്നായ “പ്രത്യാനയം (suggestibility)” ആടിനെ പട്ടിയാക്കുക എന്ന ലളിതമായ ആശയത്തെയാണ് ഉള്‍ക്കൊള്ളുന്നത്. ഉദാഹരണമായി, പോലീസ് ഒരു കുറ്റാരോപിതനെ ആജ്ഞാസ്വരത്തില്‍ കുറേനേരം ചോദ്യം ചെയ്ത് താന്‍ തന്നെയാണ് കുറ്റവാളി എന്ന് അയാളെക്കൊണ്ട് തോന്നിപ്പിക്കുകയും കുറ്റം സമ്മതിപ്പിക്കുകയും ചെയ്യുന്നു. ഇതു പോലെ തന്നെ ഒരുതരം സജസ്റ്റിബിലിറ്റി ആണ് സോഷ്യല്‍ മീഡിയകള്‍ വഴി നടത്തുന്ന മതപ്രചരണങ്ങളും വര്‍ഗ്ഗീയവിദ്വേഷത്തിന്റെ സാമാന്യവല്‍ക്കരണവും. ചുരുക്കത്തില്‍ ശാസ്ത്രസാങ്കേതികവിദ്യകള്‍ മനുഷ്യനെ കൂടുതല്‍ ബോധവാനായ സാമൂഹ്യജീവി ആക്കുന്നതിനൊപ്പം അവനെ അവന്‍ പോലുമറിയാതെ ദുഷിപ്പിക്കുകയും ചെയ്യുന്നു. എന്തിനെയും ദോഷൈകദൃക്ക് ആയി സമീപിക്കുവാന്‍ മലയാളിയെ പ്രേരിപ്പിക്കുന്നതില്‍ നവമാധ്യമങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്.

ഒഴുക്കുനിലച്ച സമൂഹം
1980-കള്‍ വരെ കേരളജനത ഒരു നവോത്ഥാനയന്ത്രത്തിലൂടെ കടന്നുപോവുകയായിരുന്നു. കൂലംകുത്തിയൊഴുകുന്ന ഒരു നദി പോലെ, ശുദ്ധമായി, തെളിഞ്ഞ്, വളര്‍ന്ന്, വികസിച്ചിരുന്ന, ശുഭാപ്തിവിശ്വാസമുള്ളൊരു ജനസഞ്ചയം. പിന്നീട് ജീവിതപരിസരങ്ങള്‍ ഒരുവിധം മെച്ചപ്പെട്ടുകഴിഞ്ഞപ്പോള്‍ കേരളം ഉണര്‍വ്വിന്റെ ചര്യകള്‍ കൈവിട്ടു. സാംസ്ക്കാരികമായ പുരോഗമനത്തിന്റെയും മാറ്റത്തിന്റെയും നാളുകള്‍ പിന്നിട്ട്, അന്നത്തെ നവോത്ഥാനപ്രസ്ഥാനങ്ങള്‍ പോലും ശിഥിലമായ ഇന്ന്, പരസ്പരം ചെളിവാരിയെറിയാനും പരദൂഷണം പറയുവാനുമാണ് മലയാളിക്ക് പൊതുവെ താല്പര്യം. അവര്‍ പ്രതീക്ഷയറ്റവരായി മാറിയിരിക്കുന്നു. അവനവന്റെയും മറ്റുള്ളവന്റെയും പുണ്ണുകുത്തി ചൊറിയാക്കുന്നതല്ലാതെ അവര്‍ക്ക് മറ്റൊന്നും ചെയ്യാനുമില്ലാതായിരിക്കുന്നു.

അതിന്റെ ലളിതമായ തെളിവുകളാണ് വര്‍ദ്ധിച്ചുവരുന്ന സദാചാരപ്പോലീസ് കഥകള്‍. ആരോഗ്യകരമായ ബൌദ്ധികവ്യായാമങ്ങള്‍ ഇല്ലാത്ത മനുഷ്യന്റെ മനസ്സ് ചെകുത്താന്റെ പണിപ്പുരയാകുന്നതെങ്ങിനെയെന്ന് ഈ കഥകള്‍ പറയുന്നുണ്ട്. ക്രിയാത്മകമായി ഒന്നും ചെയ്യാനില്ലാത്ത മനുഷ്യമനസ്സുകള്‍ അന്യന്റെ സ്വകാര്യതകളിലേയ്ക്ക് ഒളിഞ്ഞ് നോക്കാനും ആ സ്വകാര്യതകളില്‍ അസഹിഷ്ണുവാകാനും തുടങ്ങുന്നിടത്ത് ഇത്തരം കപടസദാചാരവാദികള്‍ ഉടലെടുക്കുന്നു. ആ അസഹിഷ്ണുതയെ അത്രയൊന്നും ഉപദ്രവകാരിയല്ലാത്ത ഒരു മൃഗമായിരുന്ന അവസ്ഥയില്‍നിന്ന് ഇന്ന് കാണുന്ന ആക്രമണകാരിയായ അവസ്ഥയിലെത്തിച്ചതില്‍ മതസംഹിതകളുടെ ദുര്‍വ്യാഖ്യാനങ്ങള്‍ക്കും മതേതര മേലങ്കിയണിഞ്ഞ രാഷ്ട്രീയ സാമുദായിക സംഘടനകളുടെ രഹസ്യവും പരസ്യവുമായ ആഹ്വാനങ്ങള്‍ക്കുമുള്ള അനിഷേധ്യമായ പങ്ക് സംശയാതീതമായി വ്യക്തമാണ്. ഈ ദുര്‍വ്യാഖ്യാനങ്ങളും ആഹ്വാനങ്ങളും ഇന്ന് പഴയ കാലത്തേക്കാള്‍ വളരെ പെട്ടെന്നാണ് ഒരാളില്‍ നിന്ന് മറ്റൊരാളിലേയ്ക്ക് ഒരു പകര്‍ച്ചവ്യാധി പോലെ പടരുന്നത്. ആ പകര്‍ച്ചവ്യാധികളുടെ പ്രധാനവാഹകര്‍ നമ്മുടെ പ്രിയപ്പെട്ട ആധുനികമാധ്യമങ്ങള്‍ തന്നെയാണ്.

ഈ പകര്‍ച്ചവ്യാധികള്‍ സമൂഹത്തെ എത്രയധികം ദോഷകരമായി ബാധിക്കുന്നു എന്നതിന്റെ ഉദാഹരണങ്ങളാണ് ഒന്നുരണ്ട് വര്‍ഷം മുന്‍പ് ഒരു കൂട്ടം രാമസേനാ അംഗങ്ങള്‍ മംഗലാപുരത്ത് പബ്ബില്‍ ഡാന്‍സ് ചെയ്തിരുന്ന പെണ്‍കുട്ടികളെ ക്രൂരമായി ആക്രമിച്ചതും, ഇപ്പോള്‍ പിറന്നാളാഘോഷത്തിന് ഒത്തുകൂടിയ കുട്ടികളെ മര്‍ദ്ദിച്ച് അവശരാക്കി ഒരുമിച്ചിരുത്തി ചിത്രങ്ങളെടുത്തതും (അതും മാധ്യമപ്രവര്‍ത്തകരുടെ പിന്തുണയോടെ!), കേരളത്തില്‍ അടുത്തയിടെ ഒരു യുവാവിനെ രണ്ടുപേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് അതിന്റെ വീഡിയോ റെക്കോഡ് ചെയ്ത് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച് രസിക്കുകയും ചെയ്തത്. ഇവയൊക്കെ പറയുന്നത് മറ്റൊന്നുമല്ല; സമൂഹത്തിന്റെ അസഹിഷ്ണുത ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍, പ്രഖ്യാപിത  സാമൂഹിക, ശാസ്ത്ര, സാങ്കേതിക, മാനവിക പുരോഗതിക്ക് കടകവിരുദ്ധമായി, പുഴുത്തുനാറുന്ന ഒരു രോഗാവസ്ഥയില്‍ (perversion) എത്തിയിരിക്കുന്നു! എന്നെപ്പോലെ മറ്റൊരാള്‍ക്കും സമൂഹത്തില്‍ അര്‍ഹമായ ഇടവും വ്യക്തിസ്വാതന്ത്ര്യവുമുണ്ട് എന്ന സത്യം നമ്മള്‍ അംഗീകരിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു. അന്യന്റെ സ്വകാര്യത അവന്റെ മാത്രം സ്വകാര്യതയാണെന്നും അതില്‍ നമ്മള്‍ അനാവശ്യമായി ഇടപെടേണ്ടതില്ലെന്നും നാം തിരിച്ചറിയണം.

ജനങ്ങളെയും മാധ്യമങ്ങളെയും മാത്രം കുറ്റപ്പെടുത്തിയിട്ടും കാര്യമില്ല. നല്ല നേതാക്കളുടെ വംശം ഏതാണ്ട് കുറ്റിയറ്റ് പോയിരിക്കുന്നു എന്ന നിലയിലാണ് കാര്യങ്ങള്‍. നയിക്കുവാന്‍ ആളില്ലാത്ത ജനത ഇടയിനില്ലാത്ത ആട്ടിന്‍പറ്റത്തെപ്പോലെയാണ്, ചിതറിപ്പോകും. ഹൃദയത്തില്‍ നന്മയുടെ അംശങ്ങള്‍ അപൂര്‍വ്വമായിത്തീര്‍ന്ന ഇന്നത്തെ മുതിര്‍ന്ന നേതൃസമൂഹത്തെ കണ്ട്, വളര്‍ന്ന് വരുന്ന യുവനേതാക്കള്‍ തങ്ങളുടെ മുതിര്‍ന്നവര്‍ കാട്ടിയ വഴിയെ തന്നെ സഞ്ചരിക്കുവാന്‍ തീരുമാനിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല. സാമൂഹികപ്രതിബദ്ധത പ്രസ്താവനകളില്‍ മാത്രമൊതുക്കുന്ന രാഷ്ട്രീയനേതൃത്വങ്ങള്‍ ഇരുണ്ട ഒരു രാഷ്ട്രീയഭാവിയുടെ മുന്നടയാളങ്ങളാകുന്നു. ഇനിയുമൊരു നവോഥാനത്തിന് സാധ്യതകള്‍ അതിവിദൂരങ്ങളായിരിക്കുന്നു. ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞാല്‍ ഒഴുക്കുനിലച്ച് കെട്ടിക്കിടക്കുന്നൊരു വെള്ളക്കെട്ട് പോലെ സമൂഹവും അതിലെ തവളകളെ പോലെ നേതാക്കളും മാറിയിരിക്കുന്നു. മാധ്യമങ്ങള്‍ ആ വെള്ളക്കെട്ടുകളില്‍ തുടര്‍ച്ചയായി മാലിന്യം കലര്‍ത്തുമ്പോള്‍ വെള്ളവും തവളകളും ഒരുപോലെ കെട്ടിക്കിടന്ന് ദുഷിച്ച് നാറുകയും ചെയ്യുന്നു.

2012, ജൂലൈ 3, ചൊവ്വാഴ്ച

വാടിക്കൊഴിയുന്ന മൃദുലസ്വപ്നങ്ങള്‍ : ചില വിദ്യാലോകവികൃതികള്‍

ഇന്ത്യന്‍ വിദ്യാഭ്യാസരംഗം ഒരിക്കലുമില്ലാത്ത  വിധം പുരോഗതിയാര്‍ജിക്കുന്ന കാലമാണിത്. ഹൈ ക്വാളിറ്റി - ഉന്നതവിദ്യാഭ്യാസം ലഭിക്കുന്ന യുവാക്കളുടെ ശതമാനം അത്ഭുതകരമായ രീതിയില്‍ വര്‍ധിച്ചിരിക്കുന്നു. രാജ്യത്ത് പുതുതായി ആരംഭിച്ച ഉന്നതവിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങളും സര്‍വ്വകലാശാലകളും അവയിലെ എണ്ണിയാലൊടുങ്ങാത്ത പുതിയ പഠനശാഖകളും ഈ വളര്‍ച്ചയില്‍ കാര്യമായ പങ്ക്  വഹിക്കുന്നുണ്ട്. പക്ഷേ ഈ വളര്‍ച്ചയുടെ മറ്റ് ചില വശങ്ങളിലേയ്ക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാനാണ് ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്. ആദ്യമേ പറയട്ടെ, ഒരു ലേഖനം എന്നതിലുപരി ഇതൊരു നിവേദനമാണ്, പരാതിയാണ്, ആത്മവിലാപമാണ്.

ന്യൂ ജനറേഷന്‍ കോഴ്സുകള്‍ തീര്‍ക്കുന്ന രാവണന്‍കോട്ടകള്‍
    ഇന്ന് നമ്മുടെ നാട്ടിലെ കോളേജുകളില്‍ ഒരുപാട് പുതുതലമുറ പഠനശാഖകള്‍ ലഭ്യമാണ്. ഏതാണ്ട് ഒരു പതിനഞ്ച്  വര്‍ഷങ്ങളില്‍ ഒട്ടുംകൂടില്ല “ന്യൂ ജനറേഷന്‍ കോഴ്സ് ബൂം” എന്ന ഈ അവസ്ഥാവിശേഷം സംജാതമായിട്ട്.ബയോടെക്നോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി തുടങ്ങിയ ന്യൂ ജനറേഷന്‍ കോഴ്സുകള്‍ “ജനറല്‍ , മെഡിക്കല്‍ , ഇന്‍ഡസ്ട്രിയല്‍ , അപ്പ്ലൈഡ്” തുടങ്ങി നേരിയ വ്യത്യാസങ്ങളോടെ പൊട്ടിത്തെറിച്ച് അവതരിക്കുകയാണ് ഉണ്ടായത്. മുഖ്യധാരാമാധ്യമങ്ങള്‍ മേല്‍പ്പറഞ്ഞതരം കോഴ്സുകളെ വാനോളം പുകഴ്ത്തിയെഴുതി. വിദ്യാഭ്യാസവിദഗ്ദ്ധരും സര്‍വ്വകലാശാലാവൈസ്ചാന്‍സലര്‍മാരും അവയുടെ അനന്തസാധ്യതകളെക്കുറിച്ച് നീണ്ട ലേഖനങ്ങള്‍ എഴുതി.എവിടെത്തിരിഞ്ഞ് നോക്കിയാലും പുതിയ കോഴ്സുകള്‍ ! അനന്തസാധ്യതകള്‍ !

    പ്ലസ് ടു കഴിഞ്ഞിറങ്ങുന്ന, മെഡിക്കല്‍ / എഞ്ചിനീയറിംഗ് പ്രവേശനപ്പരീക്ഷകളില്‍ വിജയിക്കാത്തവരും ആ മേഖലകളില്‍ താല്പര്യമില്ലാത്തവരുമായ മിടുക്കരായ ഒരുപാട് കുട്ടികള്‍ മേല്‍പ്പറഞ്ഞ “സ്പെഷ്യല്‍“ കോഴ്സുകളിലേയ്ക്ക് മുന്നും പിന്നും നോക്കാതെ എടുത്തുചാടുകയുണ്ടായി. മാധ്യമങ്ങളും ലേഖനങ്ങളും അവര്‍ക്ക് പ്രചോദനമായിത്തീര്‍ന്നു. കോഴ്സിന്റെ ഗുണദോഷങ്ങളെക്കുറിച്ച് ഒരു അഭിപ്രായമോ ഉപദേശമോ ലഭിക്കാന്‍ അവര്‍ക്ക് മുന്‍പില്‍ പഠിച്ച് ഉദ്യോഗത്തിന് പോയ സീനിയേഴ്സ് ഇല്ലായിരുന്നു എന്നതും ആ എടുത്തുചാട്ടത്തിന് ഒരു കാരണമായി തീര്‍ന്നു. കാരണം അവരായിരുന്നു ആ കോഴ്സുകളുടെ ആദ്യതലമുറവിദ്യാര്‍ഥികള്‍. അവര്‍ കേട്ടതാകട്ടെ സുന്ദരസുരഭിലസ്വപ്നങ്ങളുടെ കാഹളങ്ങള്‍ മാത്രം.

    മികച്ച രീതിയില്‍ നാട്ടിലും മറ്റ് സംസ്ഥാനനഗരികളിലുമായി പഠനം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയവരെ കാത്തിരുന്നത് പക്ഷേ അവരുടെ ബിരുദാനന്തരബിരുദത്തിന്റെയും, കഠിനമായ വിദ്യാഭ്യാസതപസ്യയുടെയും, സുദീര്‍ഘങ്ങളായ നിദ്രാവിഹീനവര്‍ഷങ്ങളുടെയും ഭാരത്തിന് നിരക്കാത്ത, ചെറിയ വരുമാനം മാത്രമുള്ള ജോലികളായിരുന്നു. ഉദാഹരണമായി മൈക്രോബയോളജി ബിരുദാനന്തരബിരുദമെടുത്തവര്‍ക്ക് നാട്ടിലെ വലിയൊരു ഉദ്യോഗസ്രോതസ് ആശുപത്രികളാണ്. ആശുപത്രികളില്‍ / ലാബുകളില്‍ മൈക്രോബയോളജിസ്റ്റുകളായി ജോലിയ്ക്ക് കയറുന്ന ഒരു ബിരുദാ‍നന്തരബിരുദധാരിയ്ക്ക് ലഭിക്കുന്നത് ആറായിരമോ എട്ടായിരമോ രൂപയാണ്. ഗവേഷണരംഗത്ത് കരാറടിസ്ഥാനത്തില്‍ ലഭിക്കുന്ന അവസരങ്ങള്‍ (പ്രധാനമായും ഫെലോഷിപ്പുകള്‍) ആണ് മറ്റൊരു പ്രധാന മേഖല. അതും സ്ഥിരതയില്ലാത്ത വരുമാനങ്ങളാണ്. ഇന്നത്തെ കാലത്ത് ഒരു കുടുംബത്തിന് കഴിയുവാന്‍ ഈ അരക്ഷിത-സാമ്പത്തികസാഹചര്യങ്ങള്‍ മതിയാകുമോ എന്നത് ചിന്തനീയമാണ്. പ്രത്യേകിച്ചും ഭൂരിപക്ഷം വിദ്യാര്‍ഥികളും ലോണെടുത്താണ് ഈ ഉന്നതവിദ്യാഭ്യാസകോഴ്സുകള്‍ പഠിച്ചതെന്നും പഠനം കഴിഞ്ഞ് ലക്ഷങ്ങളുടെ കടക്കാരായാണ് അവര്‍ വിദ്യാലയങ്ങള്‍ക്ക് പുറത്തിറങ്ങുന്നതെന്നുമുള്ള വസ്തുത കണക്കിലെടുക്കുക. യൌവ്വനത്തിന്റെ പാതിയെത്തിയ  അവര്‍ക്ക് ലോണുകള്‍ തിരിച്ചടയ്ക്കണ്ടേ? വിവാഹം കഴിക്കുകയും കുടുംബം പോറ്റുകയും ചെയ്യണ്ടേ?

    ഇനി വരുമാനം കൂടുതല്‍ വേണമെന്നുള്ളവര്‍  മറ്റ് കമ്പനിജോലികള്‍ക്ക് പോകണം. പക്ഷേ സര്‍ക്കാറും മറ്റും സഹായിച്ച് നമ്മുടെ നാട്ടില്‍ അങ്ങനെയുള്ള കമ്പനികള്‍ വിരലിലെണ്ണാന്‍ പോലുമില്ല. ജീവിക്കാന്‍ പണമാവശ്യമുള്ളവന്‍ വീണ്ടും നാടും വീടും വിട്ട് ബാംഗ്ലൂര്‍ , മുംബൈ തുടങ്ങിയ വിദൂരനഗരങ്ങളില്‍ ചേക്കേറുകയേ നിവര്‍ത്തിയുള്ളു. അല്ലെങ്കില്‍ അതിനുമപ്പുറം അതിവിദൂരപാശ്ചാത്യരാജ്യങ്ങളില്‍ പോകണം കൂടുതല്‍ വേഗത്തില്‍ കൂടുതല്‍ ശക്തമായ സാമ്പത്തിക ഭദ്രത നേടാന്‍. അതിനും പക്ഷേ കടമ്പകള്‍ ഏറെ.

    മേല്‍പ്പറഞ്ഞ വിവരങ്ങള്‍ ഒരു രാവണന്‍ കോട്ടയുടെ പൂമുഖത്താണ് നിങ്ങളെ നിര്‍ത്തിയിരിക്കുന്നത്. അതിന്റെ ഉള്ളറകള്‍ വഴിയെ കൂടുതല്‍ വിശദീകരിക്കാം.

കരിഞ്ഞുപോകുന്ന ചില സൌമ്യസ്വകാര്യസ്വപ്നങ്ങള്‍
    എല്ലാ ജോലികള്‍ക്കും അതിന്റേതായ മാന്യതയുണ്ട് എന്നത് ശരി തന്നെ. പക്ഷേ എല്ലാവര്‍ക്കും എന്തെങ്കിലും ചില ആത്യന്തികസ്വപ്നങ്ങളും കാണുമല്ലോ. മൈക്രോബയോളജിയില്‍ ബിരുദാനന്തരബിരുദം നേടിയ, അധ്യാപകനാവുക എന്ന സ്വപ്നം പേറുന്ന, എന്റെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ചിലത് പറയട്ടെ. ജീവശാസ്ത്രരംഗത്ത് അധ്യാപകനാവാന്‍ ബിരുദാനന്തരബിരുദവും “നെറ്റ്” യോഗ്യതയും ഒരിക്കലും യോഗ്യതകളേ ആവുന്നില്ല. ഗവേഷണബിരുദധാരികള്‍ വരെ ഈ മേഖലയില്‍ സ്ഥിരം തൊഴിലില്ലാതെ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്ത് ജീവിക്കുകയാണ്. അവരുടെ എണ്ണമോ മറ്റൊരു ശാസ്ത്രശാഖയിലുമില്ലാത്തവിധം ഭീമമാണ്. കാരണം ഇത്രയേറെ ശാഖോപശാഖകള്‍ ഉള്ള മറ്റൊരു ശാസ്ത്രമേഖല വേറെ ഇല്ലയെന്നത് തന്നെ. അവരില്‍ത്തന്നെ ഏറ്റവും മികവ് തെളിയിക്കുന്ന വളരെ ചെറിയൊരു വിഭാഗം ഉപരിപഠനത്തിനും ഗവേഷണത്തിനും ജോലിയ്ക്കുമായി വിദേശങ്ങളിലേയ്ക്ക് വിമാനം കയറുന്നു. മറ്റ് ശാസ്ത്രമേഖലകളിലും സ്ഥിതി ഒരുപാടൊന്നും മെച്ചമാണെന്ന് കരുതാന്‍ നമുക്കാവില്ല.

    ഇനി ഒരു കോളജ് അധ്യാപകനാകാമെന്ന സ്വപ്നത്തിന് പുറകെ പോകാമെന്ന് വിചാരിച്ചാല്‍ കേരളത്തില്‍ ഒരു കോളജിലും മൈക്രോബയോളജി, ബയോടെക്നോളജി തുടങ്ങിയ ന്യൂ ജനറേഷന്‍ കോഴ്സുകള്‍ റഗുലറൈസ് ചെയ്തിട്ടില്ല. അതിനാല്‍ത്തന്നെ കേരളത്തില്‍ ഒരു ആര്‍ട്ട്സ് & സയന്‍സ് കോളജില്‍പ്പോലും ഇങ്ങനെയുള്ള വിഷയങ്ങളില്‍ സ്ഥിരാധ്യാപകനിയമനം ഇല്ല! എല്ലാം ഗസ്റ്റ് ലക്ചേഴ്സ് മാത്രം. മണിക്കൂറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന അവരുടെ വരുമാനം അയ്യായിരമോ എണ്ണായിരമോ വരെ മാത്രം.

    പിന്നെ അധ്യാപകജോലിയ്ക്ക് സാധ്യത ഉള്ളത് ഗവേഷണസ്ഥാപനങ്ങളിലും യൂണിവേഴ്സിറ്റികളിലുമാണ്. പക്ഷേ ഒരു യൂണിവേഴ്സിറ്റിവിദ്യാര്‍ഥി ആയിരുന്ന എനിക്ക് വ്യക്തമായറിയാം, നിങ്ങളുടെ നെറ്റും പിഎച്ച്ഡിയും പോസ്റ്റ് ഡോക്ടറല്‍ ഗവേഷണപരിചയവുമൊന്നും പോര അവിടെ  അധ്യാപകതസ്തികകളില്‍ നിയമനം ലഭിക്കുവാന്‍. പണമെറിഞ്ഞാലും അത് കിട്ടുകയില്ല. പിന്നെയോ? അതിന് പിടിപാട് വേണം; മന്ത്രിതലത്തില്‍! അതും സംസ്ഥാനമന്ത്രിമാര്‍ പോരാ, കേന്ദ്രമന്ത്രിമാരെങ്കിലും വേണം. എങ്കിലും കിട്ടാന്‍ പാടാണ്. കാരണം ഒരു സ്ഥാനത്തിനുവേണ്ടി ശുപാര്‍ശ ചെയ്യുന്നത് പലര്‍ക്ക് വേണ്ടിയും പല മന്ത്രിമാരായിരിക്കും. അപ്പോള്‍ രാഷ്ട്രീയസ്വാധീനവും പണവുമില്ലാത്ത ഒരു സാധാരണ മലയാളിയുവാവിന് മുന്‍പില്‍ ആ വഴിയും അടയുന്നു.

    എന്നാല്‍പ്പിന്നെ ഹയര്‍സെക്കണ്ടറി സ്ക്കൂളുകളിലോ സെക്കണ്ടറി സ്ക്കൂളുകളിലോ അധ്യാപകനാകാമെന്ന് കരുതുക. അവിടെയെത്തുമ്പോള്‍ പക്ഷേ പരമ്പരാഗത സുവോളജി, ബോട്ടണി ബിരുദധാരികള്‍ക്കാണ് പച്ചക്കൊടി ലഭിക്കുക. മൈക്രോബയോളജി പോലുള്ള ജീവശാസ്ത്ര കോഴ്സുകള്‍ പഠിച്ച ബിരുദാനന്തരബിരുദധാരികള്‍ക്ക് സ്ക്കൂള്‍ തലത്തില്‍ ജീവശാസ്ത്രം പഠിപ്പിക്കുവാനുള്ള യോഗ്യത പോലും നമ്മുടെ അധികാരികള്‍ കല്‍പ്പിക്കുന്നില്ല. അറിയുക, വിദ്യ പകര്‍ന്നുനല്‍കുന്നതിന്റെ മഹിമ തിരിച്ചറിഞ്ഞ് അത് ഒരു ആവേശം പോലെ മനസ്സില്‍ താലോലിക്കുന്ന മനുഷ്യരുടെ മുന്‍പില്‍ ആശകളുടെയും ആദര്‍ശങ്ങളുടെയും വാതിലുകള്‍ കൊട്ടിയടയ്ക്കപ്പെടുന്നതിങ്ങനെയൊക്കെയാണ്.  ഒരു സ്വപ്നം ഇരുളടഞ്ഞ് പോകുന്നതെങ്ങനെയെന്ന് നിങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ടോ? അതും ഒരു മുഴുവന്‍ തലമുറയുടെ സ്വപ്നങ്ങള്‍?

    ഇനിയും കോളജില്‍ പോയി സുവോളജിയിലോ ബോട്ടണിയിലോ ഒരു റഗുലര്‍ ബിരുദാനന്തരബിരുദം സമ്പാദിക്കുവാനുള്ള സാഹചര്യങ്ങള്‍ എന്നേ അന്യമായിക്കഴിഞ്ഞ എനിക്ക് സാഹിത്യത്തോടും ഭാഷയോടുമുള്ള താല്പര്യം മുന്‍നിര്‍ത്തി, ജോലിയ്ക്കൊപ്പം കൊണ്ടുപോകാന്‍ കഴിയുന്ന രീതിയില്‍ മലയാളസാഹിത്യത്തിലോ ഇംഗ്ലീഷ് സാഹിത്യത്തിലോ ഒരു ബിരുദാനന്തരബിരുദം നേടുവാന്‍ ആകുമോ? മിക്കവാറും ഇല്ല എന്ന് തന്നെയാണ് ഉത്തരം. അതിനുകാരണം ഞാന്‍ പഠിച്ച ന്യൂ ജനറേഷന്‍ കോഴ്സിന്റെ ഘടനയാണ്. മറ്റ് പരമ്പരാഗത ബിരുദങ്ങളെപ്പോലെ ഇവയ്ക്ക് ആദ്യ രണ്ടുവര്‍ഷങ്ങളില്‍ പഠിപ്പിക്കുന്ന ഒന്നാം ഭാഷയും രണ്ടാം ഭാഷയുമില്ല. ഒന്നാം വര്‍ഷം പഠിക്കുന്ന  കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് മാത്രം. അത് ഒരു യൂണിവേഴ്സിറ്റിയും ബിരുദാനന്തരബിരുദഭാഷാപഠനത്തിന് യോഗ്യതയായി പരിഗണിക്കുന്നുമില്ല.

    ഇനി എങ്ങനെയെങ്കിലും ഏതെങ്കിലും വിഷയത്തില്‍ ഒരു പരമ്പരാഗത ബിരുദം സ്വകാര്യമായോ വിദൂരവിദ്യാഭ്യാസം  വഴിയോ നേടിയെന്ന് വയ്ക്കുക. അതുമായി കേരള പി.എസ്.സിയുടെ മുന്‍പില്‍ ചെന്നാല്‍ അവര്‍ പറയും മാറിനില്‍ക്കുക എന്ന്. കാരണം കേരള കോളേജിയറ്റ് അധ്യാപകനിയമനത്തിലും സ്ക്കൂള്‍ അധ്യാപകനിയമനത്തിലും കോളേജുകളിലോ യൂണിവേഴ്സിറ്റികളിലോ ഒരു റഗുലര്‍ ബിരുദ കോഴ്സിന് ചേര്‍ന്ന് പഠിച്ചവരെ മാത്രമേ നിയമനത്തിനായി ആദ്യം പരിഗണിക്കുകയുള്ളു. അതിന് ശേഷമേ പ്രൈവറ്റ് / ഡിസ്റ്റന്റ് ഡിഗ്രിക്കാരെ പരിഗണിക്കു. വിളവുള്ള തെങ്ങുകളെക്കാള്‍ എണ്ണത്തില്‍ കൂടുതല്‍ ബിരുദാനന്തരബിരുദധാരികളുള്ള ഇന്നത്തെ കേരളത്തില്‍ ഒരു സ്വകാര്യബിരുദക്കാരന് അങ്ങനെയൊരു അവസരം ലഭിക്കുമെന്ന് കരുതുന്നുണ്ടോ നിങ്ങള്‍?

    ഫലത്തില്‍ കോഴ്സുകളുടെ മഹാപ്രളയത്തില്‍ , തിരിച്ചറിവില്ലാത്ത പ്രായത്തില്‍, ഗുണദോഷവിശകലനസഹിതമായ മാര്‍ഗനിര്‍ദേശങ്ങളുടെ അഭാവത്തില്‍ ന്യൂ ജനറേഷന്‍ കോഴ്സുകളില്‍ എത്തിപ്പെടുന്ന കുട്ടികള്‍ക്ക് മികച്ച ജീവിതസാഹചര്യത്തിനായി നാട്ടില്‍ നിന്ന് അകന്ന്, ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള അന്യദേശങ്ങളില്‍ ജീവിക്കേണ്ടി വരുന്നു. കോര്‍പ്പറേറ്റ് ജീവിതങ്ങളെ പ്രണയിക്കുന്നവര്‍ മാത്രം ഈ ലോകത്തെ ആസ്വദിക്കുകയും വിജയിക്കുകയും ചെയ്യുന്നു. അവശേഷിക്കുന്ന ലക്ഷക്കണക്കിന് യുവാക്കളില്‍ നല്ലൊരു പങ്കിന്റെ സൌമ്യസ്വപ്നങ്ങള്‍ രാവണന്‍കോട്ടയില്‍ അകപ്പെട്ടതുപോലെ ആ മേഖലകളുടെ പരിമിതമായ നാലുചുവരുകള്‍ക്കുള്ളില്‍ തന്നെ ചുറ്റിത്തിരിഞ്ഞ് വാടിക്കരിയുന്നു.

    ഈ ഇരുളടഞ്ഞ സ്വപ്നങ്ങളുടെ നടുവിലിരുന്ന് ഗുണദോഷിക്കുവാന്‍ അനുഭവസ്ഥര്‍ ഇന്നുണ്ടായതിന്റെ അനന്തരഫലമാണ് കഴിഞ്ഞ ദിവസം പത്രങ്ങളില്‍ വന്ന ഒരു വാര്‍ത്ത. പുതിയ അധ്യയന വര്‍ഷത്തില്‍ പരമ്പരാഗത ആര്‍ട്ട്സ് & സയന്‍സ് ബിരുദക്കോഴ്സുകള്‍ക്ക് പ്രിയമേറുന്നു എന്നതാണ് ആ വാര്‍ത്ത, കുട്ടികള്‍ വീണ്ടും ഇംഗ്ലീഷും ഹിസ്റ്ററിയും കണക്കും സുവോളജിയുമൊക്കെ പഠിക്കുവാന്‍ ധൈര്യവും ആവേശവും കാട്ടുന്നു. അത് ഒരു തിരിച്ചറിവിന്റെ പിന്‍ബലത്തിലാണ്. ഓര്‍ക്കുക, പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുവോളജി പോലുള്ള ബിരുദക്കോഴ്സുകളില്‍ കേരളത്തിലെ ഓരോ കോളേജിലും വിദ്യാര്‍ഥികളുടെ സംഖ്യ  പലപ്പോഴും പത്തില്‍ താഴെ മാത്രമായിരുന്നു.

    ഇനി പറയു, ന്യൂ ജനറേഷന്‍ കോഴ്സുകള്‍ സൃഷ്ടിക്കുന്ന വിദ്യാഭ്യാസവിദഗ്ദ്ധരും അവയ്ക്ക് അനുമതി നല്‍കുന്ന സര്‍ക്കാറുകളും ആ കോഴ്സുകള്‍ക്കു ശേഷം വിദ്യാര്‍ഥികളുടെ അവസ്ഥയെന്ത് എന്ന് അന്വേഷിക്കാന്‍ ബാധ്യസ്ഥരല്ലേ? അങ്ങനെയുള്ള കോഴ്സുകള്‍ പഠിച്ചിറങ്ങുന്നവര്‍ക്ക് മറ്റ് പരമ്പരാഗത കോഴ്സുകള്‍ നിഷിദ്ധമാക്കുന്ന യൂണിവേഴ്സിറ്റി നിയമങ്ങള്‍ക്കാണോ കുഴപ്പം അതോ മറ്റ് കോഴ്സുകള്‍ക്ക് ആ ബിരുദങ്ങളെ യോഗ്യതയല്ലാതാക്കിത്തീര്‍ക്കുന്ന രീതിയില്‍ അവയുടെ ഘടനയെ നിര്‍വ്വചിച്ച നമ്മുടെ വിദ്യാഭ്യാസവിദഗ്ദ്ധര്‍ക്കോ കുഴപ്പം?  പ്രത്യേക ബിരുദങ്ങള്‍ നേടിയ യുവാക്കളെ സംബന്ധിച്ചിടത്തോളം നാട്ടിലെ ഏറ്റവും വിശാലമായ തൊഴില്‍മേഖലകളിലൊന്നായ അദ്ധ്യാപനമേഖല അവര്‍ക്ക് അന്യമായിത്തീരുന്ന അവസ്ഥാവിശേഷം സംജാതമാക്കിയ ഗവണ്മെന്റുകള്‍ ഒരിക്കലും മാപ്പര്‍ഹിക്കുന്നില്ല. നമ്മുടെ മാനവശേഷി വിദേശങ്ങള്‍ക്ക് ചൂഷണം ചെയ്യുവാനുള്ളതല്ല എന്ന് ഓരോ ഭരണകര്‍ത്താക്കളും മനസിലാക്കേണ്ടതുണ്ട്.

ബാഗ്പൈപ്പറും നമ്മുടെ കുട്ടികളും
    മേല്‍പ്പറഞ്ഞ ന്യൂ ജനറേഷന്‍ കോഴ്സുകളുടെ ആവിര്‍ഭാവകാലയളവില്‍ തന്നെയാണ് “നഴ്സിംഗ് ബൂം” എന്ന സംഗതിയും ഉണ്ടായത്. മാലാഖമാരെ  ബി.എസ്.സി നഴ്സിംഗും ജനറല്‍ നഴ്സിംഗും പഠിപ്പിക്കുവാന്‍ നഴ്സിംഗ് സ്ക്കൂളുകള്‍ നാടൊട്ടുക്കും ആരംഭിച്ചു. കേരളത്തിലെ കുട്ടികളായ കുട്ടികളെല്ലാം ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ബാംഗ്ലൂരും മദിരാശിയിലുമൊക്കെ നഴ്സ് പഠനത്തിന് പോയി. ശാസ്ത്രജ്ഞരും എഞ്ചിനീയേഴ്സുമൊക്കെ ആകേണ്ടിയിരുന്ന “അതിബുദ്ധിയുള്ള” കുട്ടികളും ആ ഒഴുക്കില്‍ പെട്ട് ബിരുദപഠനങ്ങള്‍ പാതിവഴിയിലിട്ടുപോലും ഒരു സ്വപ്നത്തിന്റെ പിറകെ വലിയ പട്ടണങ്ങളിലേയ്ക്ക് വണ്ടി കയറി. പലരും നിര്‍ധനരായിരുന്നു. ധനമുള്ള കുട്ടികള്‍ പോലും ലോണെടുത്താണ് ചിലവേറിയ ആ കോഴ്സുകള്‍ പഠിച്ചത്. അപ്പോള്‍ പണമില്ലാത്ത കുട്ടികളുടെ കാര്യം പറയേണ്ടതുണ്ടോ? അവരും വാശിക്ക് ലോണെടുത്ത് പഠിച്ചു.

    ഇന്ത്യയില്‍ കൂണുപോലെ മുക്കിനും മൂലയിലും കാണാവുന്ന സ്ഥാപനങ്ങളാണ് ആശുപത്രികള്‍. പഠനമൊക്കെ കഴിഞ്ഞ് ഈ ആശുപത്രികളില്‍ ജോലിക്ക് കയറിയ കുട്ടികള്‍ക്ക് മിച്ചമെന്താണ്? രാത്രിയെന്നും  പകലെന്നുമില്ലാതെയുള്ള കഠിനാധ്വാനവും അവരുടെ പഠനച്ചിലവിനോടും പഠനാധ്വാനത്തിനോടും ചിലവിട്ട വര്‍ഷങ്ങളോടും യാതൊരു തരത്തിലുള്ള നീതിയും പുലര്‍ത്താത്തവിധം തുലോം തുച്ഛമായ വരുമാനവും! ലക്ഷങ്ങള്‍ ലോണെടുത്ത് പഠിച്ച ഒരു നഴ്സിന് രണ്ടായിരമോ മൂവായിരമോ രൂപ മെട്രോ സിറ്റികളിലോ സാധാരണ നഗരങ്ങളിലോ പോലും ഇന്ന് ജീവിക്കാന്‍ തികയുന്ന വരുമാനമല്ല. അങ്ങനെയുള്ളപ്പോള്‍ അവര്‍ക്ക് എങ്ങനെയാണ് ലക്ഷങ്ങളുടെ ലോണ്‍ അടച്ചുതീര്‍ക്കാന്‍  ഒരു ഇന്ത്യന്‍ സാഹചര്യത്തില്‍ നിന്നുകൊണ്ട് സാധിക്കുക? സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിക്കുന്ന നഴ്സുകള്‍ക്ക് മാത്രമാണ് മാന്യമായ ശമ്പളം ലഭിക്കുന്നത്. പക്ഷേ പഠിച്ചിറങ്ങുന്ന കുട്ടികളുടെ എണ്ണവും സര്‍ക്കാര്‍ സര്‍വീസിലെ ഒഴിവുകളുടെ എണ്ണവും തമ്മിലുള്ള വ്യത്യാസം അജഗജാന്തരം എന്ന ഉപമയേക്കാള്‍ എത്രയോ ഭീമമാണ്.

    പഠിത്തം പൂര്‍ത്തിയാക്കുന്ന നഴ്സിംഗ് വിദ്യാര്‍ഥികളില്‍ പലരും എങ്ങനെയെങ്കിലും രണ്ടുമൂന്ന് വര്‍ഷങ്ങള്‍ നാമമാത്രശമ്പളവുമായി നാട്ടില്‍ പിടിച്ച് നിന്നിട്ട് ആ പ്രവൃത്തിപരിചയപത്രവുമായി എത്രയും പെട്ടെന്ന് വിദേശം പറ്റാന്‍ ശ്രമിക്കുന്നു. അവിടുത്തെ സമ്പന്നത മാത്രമാണിനി തങ്ങള്‍ക്ക് ആശ്രയമെന്ന ചിന്തയില്‍. അതിനും പക്ഷേ ഭാഷാപരീക്ഷകള്‍ പോലുള്ള കടമ്പകള്‍ പിന്നെയുമുണ്ട്. അങ്ങനെ പോകുന്ന നമ്മുടെ നല്ലൊരു ശതമാനം കുട്ടികളുടെയും ബൌദ്ധിക, കായിക സേവനവും യൌവ്വനവും വിദേശങ്ങളില്‍ ഒടുങ്ങുന്നു (സാമ്പത്തികവരുമാനത്തെ അവഗണിക്കുന്നില്ല. പക്ഷേ സാമ്പത്തികവരവ് മാത്രമാണോ നമുക്ക് ജീവിതം? രാജ്യത്തിന് അതിന്റെ യുവാക്കള്‍ എടിഎം മെഷീനുകള്‍ മാത്രമാണോ?). പിന്നെയും ശേഷിക്കുന്നവര്‍ ഭാരതത്തിലെ തന്നെ ആശുപത്രികളില്‍ തുച്ഛവേതനത്തില്‍ നെടുവീര്‍പ്പുകളുമായി പണിയെടുത്ത് കഴിയുന്നു.

    വര്‍ഷങ്ങള്‍ പഠിക്കണം, വലിയ തുക ഫീസ് വേണം, ലോണ്‍ എടുക്കേണ്ടിവരും, പഠനം കഴിഞ്ഞാല്‍ ഏറ്റവും കുറഞ്ഞത് കുറച്ച് വര്‍ഷത്തേക്കെങ്കിലും നാമമാത്രമായ ശമ്പളത്തില്‍ ജോലിചെയ്യേണ്ടിവരും, അമിതാധ്വാനവും സംഘര്‍ഷഭരിതജീവിതവും ഉറപ്പ്. ഇതൊക്കെ മനസിലാക്കിയിട്ടും ഇന്നും നല്ലൊരു ശതമാനം കുട്ടികളും ആദ്യം തിരഞ്ഞെടുക്കുന്നത് നഴ്സിംഗാണ്. ബാഗ് പൈപ്പറിന്റെ കുഴലിന് പിന്നാലെ പോയ എലികളെപ്പോലെ അവര്‍ എന്തിലോ മയങ്ങി ഒരു മാന്ത്രികവലയത്തിലകപ്പെട്ടതുപോലെ ആ വഴിയേതന്നെ പോവുകയാണ്. ഒരുപക്ഷേ വിദേശരാജ്യങ്ങളിലെ നാണയക്കിലുക്കമായിരിക്കണം അവരെ പകല്‍സ്വപ്നങ്ങളില്‍ ഭ്രമിപ്പിക്കുന്നത്.

    ഇവിടെ നാം ചിന്തിക്കേണ്ട വസ്തുത അല്‍പ്പം ഇരുണ്ട ഒന്നാണ്. ആരാണ് നമ്മുടെ വിദ്യാസമ്പന്നരായ, പരിശീലനം സിദ്ധിച്ച യുവതയ്ക്ക് നമ്മുടെ രാജ്യം  ജീവിക്കുവാന്‍ നിവൃത്തിയില്ലാത്ത ഇടമാക്കിയത്? കോളേജുകള്‍ തുടങ്ങാന്‍ അനുമതി  നല്‍കുന്ന സര്‍ക്കാര്‍ പഠനശേഷം പഠിച്ചിറങ്ങിയ കുട്ടികള്‍ക്ക് നമ്മുടെ നാട്ടില്‍ത്തന്നെ ജീവിക്കുവാന്‍ അവശ്യവും മാന്യമായ അന്തരീക്ഷവും ജോലിസാധ്യതയും കൂടി ഉറപ്പാക്കേണ്ടതല്ലേ? അങ്ങനെയൊരു സാഹചര്യം നമ്മുടെ സര്‍ക്കാറുകള്‍ സാധ്യമാക്കിയെങ്കില്‍ നമ്മുടെ പൌരസമ്പത്ത് പുറം രാജ്യങ്ങളില്‍ ഭാഗ്യം തേടിപ്പോവുകയില്ല.

വിദ്യാലയങ്ങള്‍ എന്ന ലേലച്ചന്തകള്‍
    പഴയ കാലത്ത് ഒരു മാസ്റ്റര്‍ ബിരുദം മാത്രം മതിയായിരുന്നു കോളജ് അധ്യാപകനാകാന്‍. അതിലും വളരെ വളരെ പണ്ട് ബിരുദം മാത്രം മതിയായിരുന്നു. പക്ഷേ ഇന്ന് ഒരു കോളജ് അധ്യാപകനാവാന്‍ ബിരുദവും ബിരുദാനന്തരബിരുദവും പിന്നെ നെറ്റും സ്ലെറ്റും എല്ലാം വേണെമെന്നായിരിക്കുന്നു. അതുകൊണ്ടും ജോലി കിട്ടുമോ? പിഎച്ച്ഡിക്കാരും പോസ്റ്റ് ഡോക്ടറല്‍ ഗവേഷണപരിചയമുള്ളവരുമൊക്കെ ക്യൂ നില്‍ക്കുമ്പോള്‍ മാസ്റ്റേഴ്സും നെറ്റും മാത്രമായി ചെല്ലുന്നവന് പുറത്താണ് സ്ഥാനം. ഫലത്തില്‍ ഇന്ന് ഇന്ത്യയില്‍ , പ്രത്യേകിച്ച് കേരളത്തില്‍ കലാലയാധ്യാപകയോഗ്യത നേടുകയെന്നത് ഒരു ബാലികേറാമലയാണ്. ഇവയൊക്കെ നേടിവന്നാലോ? ഉദ്യോഗം ഉറപ്പാണ്, ലക്ഷങ്ങള്‍ കയ്യിലുണ്ടെങ്കില്‍! എങ്കില്‍ മാത്രം! ഒരു കോളജ് അധ്യാപകജോലിയ്ക്ക് എയ്ഡഡ്, അണ്‍എയ്ഡഡ് കോളജ് മാനേജ്മെന്റുകള്‍ ഇട്ടിരിക്കുന്ന ശരാശരി വില ഇപ്പോഴത്തെ നിലവാരമനുസരിച്ച് ഇരുപത് മുതല്‍ മുപ്പത് വരെ ലക്ഷങ്ങളാണ്! ലേലം മൂത്താല്‍ അതിന് മുകളിലും ചിലപ്പോള്‍ തുക ഉയരാം! സ്ക്കൂളുകളിലും സ്ഥിതി ഒട്ടും പിന്നിലല്ല. അവിടെയും ലേലത്തുകകള്‍ കോളേജ് അധ്യാപനരംഗത്തേതിന് ഏകദേശം തൊട്ടടുത്ത് വരും.

    ഇപ്പോള്‍ ഉയരുന്ന ന്യായമായ സംശയം ഇതാണ് ; എന്താണ് വിദ്യാഭ്യാസത്തിന്റെ വില? എന്തിനാണ് ഒരു വിദ്യാര്‍ഥി അവന്റെ നീണ്ട നീണ്ട വര്‍ഷങ്ങള്‍, അവന്‍റ്റെ ചോരയും നീരും, അവന്റെ ബുദ്ധി, ഒക്കെയും ഉന്നതപഠനത്തിനും ഗവേഷണത്തിനുമായി ചിലവിടുന്നത്? വര്‍ഷങ്ങള്‍ ഉറക്കമിളച്ചും പട്ടിണികിടന്നും അവന്‍ സമ്പാദിക്കുന്ന ഉന്നതബിരുദങ്ങള്‍ക്കും യോഗ്യതകള്‍ക്കും എത്രയാണ് മൂല്യം?

    എത്ര മഹത്തായ യോഗ്യതകള്‍ നേടിയാലും പോക്കറ്റില്‍ പണമില്ലാത്തവന്റെ അധ്യാപകസ്വപ്നങ്ങള്‍ ഗവണ്മെന്റ് വിദ്യാഭ്യാസസ്ഥാപനങ്ങളിലെ വിരലിലെണ്ണാവുന്ന ഒഴിവുകളിലേയ്ക്കൊതുങ്ങുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികളോ കടല്‍ പോലെയും. കൈയ്യില്‍ കാശുള്ളവന്‍ ശരാശരി യോഗ്യത മാത്രമുള്ളവനാണെങ്കിലും സ്വപ്നങ്ങള്‍ സഫലീകരിക്കുന്നു. അങ്ങനെയല്ലാത്തവരുടെയെല്ലാം അധ്യാപനമോഹങ്ങള്‍ കാറ്റില്‍ നിശബ്ദമായ അലകള്‍ മാത്രമായി ഇളകിപ്പരന്ന് അലിഞ്ഞില്ലാതാവുന്നു. വിദ്യാലയം സരസ്വതീക്ഷേത്രമെന്നും വിദ്യാഭ്യാസം എല്ലാ പൌരന്റെയും മൌലികാവകാശമെന്ന് കരുതുന്ന നാടാണ് നമ്മുടേതെന്ന് ഓര്‍ക്കുക. കേരളത്തിലെ മുഴുവന്‍ അഭ്യസ്തവിദ്യരുടെയും പ്രതിനിധി എന്ന നിലയില്‍ നീറുന്ന നെഞ്ചോടെ ഞാന്‍ ചോദിക്കട്ടെ, ആരാണിതിനുത്തരവാദി? പരിശുദ്ധമെന്ന് കരുതി ആരാധിച്ചുപോരുന്ന വിദ്യാലയങ്ങളെ കേവലം ലേലച്ചന്തകളാക്കുന്നത് ആരാണ്? വിദ്യാഭ്യാസം കച്ചവടച്ചരക്കാക്കുന്ന അധമത്വം ഉന്മൂലനം ചെയ്യുവാന്‍, സംസ്ഥാനത്തെ കോളജുകളില്‍ അധ്യാപകനിയമനത്തിന് പി.എസ്.സി മാതൃകയില്‍ “കോളേജ് സര്‍വീസ് കമ്മീഷന്‍” എന്ന ഗവണ്മെന്റ് സംരഭം തുടങ്ങുവാന്‍ സര്‍ക്കാര്‍ ആരെയാണ് ഭയപ്പെടുന്നത്? എന്തുകൊണ്ടാണ് സ്ക്കൂളുകളില്‍ അധ്യാപകനിയമനം സര്‍ക്കാര്‍ വഴി മാത്രം ആക്കാത്തത്? നാടിന്റെ ഏറ്റവും വലിയ സ്വത്തെന്ന് കരുതുന്ന നമ്മുടെ യുവാക്കളുടെ അമൂല്യമായ വിദ്യയ്ക്ക് വില പറയുന്ന, പാവനമാം സരസ്വതീമണ്ഡലം കളങ്കപ്പെടുത്തുന്ന സര്‍ക്കാറുകളെയും വിദ്യാഭ്യാസസ്ഥാപനങ്ങളെയും നാം എന്ത് പേരാണ് വിളിക്കേണ്ടത്? അധികാരികളേ, നിങ്ങള്‍ നമ്മുടെ യുവാക്കളെയും അക്ഷരലോകത്തെയും നശിപ്പിക്കുകയാണ്!

2012, മേയ് 24, വ്യാഴാഴ്‌ച

സമകാലീനഭാരതം : ചില ധര്‍മ്മപുരിക്കാഴ്ചകള്‍

ധര്‍മ്മപുരാണം അടിയന്തിരാവസ്ഥക്കാലത്തെ ഭാരതത്തെക്കുറിച്ചുള്ള അന്യാപദേശകഥയാണെന്ന് ഒരു ശ്രുതിയുണ്ട്. പക്ഷേ അത് മുഴുവന്‍ ലോകജനതയുടെയും സര്‍വ്വകാലജീവചരിത്രത്തിന്റെ നേര്‍ക്കാഴ്ചയാണെന്നതാണ് സത്യം. ഓ.വി.വിജയന്‍ പറഞ്ഞിട്ടുണ്ട് ധര്‍മ്മപുരിയുടെ ആശയം മനസ്സിലുണര്‍ന്നത് 1972-ല്‍ ആണെന്നും 74 ആയപ്പോഴേയ്ക്കും നോവല്‍ ഏകദേശം എഴുതിത്തീര്‍ത്തിരുന്നു എന്നും. അടിയന്തിരാവസ്ഥ ഭാരതത്തെ ഗ്രസിച്ചത് അതിനുശേഷമാണ്, അതായത് 1974-ല്‍ മാത്രമാണെന്നതുംകൂടി ചേര്‍ത്തുവായിക്കുമ്പോള്‍ ധര്‍മ്മപുരാണത്തിന്റെ സാര്‍വ്വകാലിക-സാര്‍വ്വദേശീയസ്വത്വം നമുക്ക് തിരിച്ചറിയാന്‍ കഴിയും.

ലോകത്തിന്റെ, പ്രത്യേകിച്ച് മൂന്നാം ലോകത്തിന്റെ സമ്പൂര്‍ണ്ണമാതൃകയായ ധര്‍മ്മപുരിയുടെ സമകാലീനഭാരതീയോദാഹരണങ്ങള്‍ ചിലത് കണ്ടപ്പോള്‍ അവയെക്കുറിച്ചെന്തെങ്കിലും കുത്തിക്കുറിക്കാതിരിക്കുവതെങ്ങിനെ?

യുപിഎ സര്‍ക്കാര്‍ ഒന്‍പതാം വര്‍ഷത്തിലേയ്ക്ക് കടക്കുമ്പോള്‍ പ്രജാപതിയപ്പന്‍ പ്രധാനമന്ത്രി മന്മോഹന്‍സിംഗ് പറയുന്നു ഭാരതം വന്‍ സാമ്പത്തികവളര്‍ച്ചയിലാണ്, ഇനിയുള്ള രണ്ട് വര്‍ഷങ്ങള്‍ തീപ്പൊരി ഭരണമായിരിക്കുമെന്ന് (അപ്പോള്‍ കഴിഞ്ഞ എട്ടുവര്‍ഷം?). ദാരിദ്ര്യം കുറഞ്ഞു, കാര്‍ഷികവളര്‍ച്ച കൂടി, ഭക്ഷ്യോല്പാദനം സര്‍വ്വകാലറിക്കാഡ് ഭേദിച്ചു, വന്‍ വ്യാവസായിക വളര്‍ച്ച, വിദേശനിക്ഷേപങ്ങളുടെ കുത്തൊഴുക്ക്.. കേള്‍ക്കുന്ന ഏതൊരാള്‍ക്കും അടിമുടി കോരിത്തരിക്കുന്ന ഭരണനേട്ടങ്ങള്‍ ! ജനം പുളകിതരായി. ഏത് ജനങ്ങള്‍ ? ദാരിദ്ര്യരേഖ താഴ്ത്തിയതുമൂലം ദരിദ്രരല്ലാതായിത്തീര്‍ന്ന പട്ടിണിജനങ്ങളോ? ജനങ്ങള്‍ക്ക് ഭക്ഷിക്കുവാന്‍ വേണ്ട അവശ്യസാധനങ്ങള്‍ വിതരണം ചെയ്യുവാനായി പണ്ടെങ്ങോ ഏതോ സര്‍ക്കാര്‍ സൃഷ്ടിച്ച റേഷന്‍ കടകളില്‍ റേഷന്‍ സമ്പ്രദായം തകര്‍ന്നതറിയാതെ ക്യൂനിന്ന് ഒന്നുംകിട്ടാതെ മടങ്ങുന്ന സാധാരണജനങ്ങളോ? വൈദ്യുതിയില്ലെങ്കില്‍ മണ്ണെണ്ണവിളക്കിന്റെ വെട്ടത്തിലിരുന്ന് പഠിക്കാമെന്ന് വിചാരിച്ച്, ഒഴിഞ്ഞ മണ്ണെണ്ണക്കുപ്പി കണ്ട് നിരാശരാവുന്ന പാവപ്പെട്ട ബാലജനങ്ങളോ? സാമ്പത്തികവളര്‍ച്ചയുടെ ഔന്നത്യത്തില്‍ പട്ടിണികിടന്നാലും സാരമില്ല, പ്രജാപതിയുടെ പ്രസാദമാണ് വിലക്കയറ്റമെന്ന് സമാധാനിക്കുന്ന പാവം പാവം ജനകോടികളോ? ധര്‍മ്മപുരിയില്‍ , ശാന്തിഗ്രാമത്തില്‍ പ്രജാപതി തൂറിക്കൊണ്ടേയിരിക്കുന്നു. പ്രജകള്‍ തീട്ടം തിന്നുകൊണ്ടുമിരിക്കുന്നു!

യുപിഎ സര്‍ക്കാര്‍ അധികാരത്തിലേറിയകാലം പെട്രോള്‍ വില 35 രൂപയ്ക്ക് താഴെയായിരുന്നു. ഈ എട്ടുവര്‍ഷം കൊണ്ട് അത് 75ന് മുകളിലേയ്ക്ക് കടക്കുന്നു. വളര്‍ച്ചാനിരക്കില്‍ അഭിനവധര്‍മ്മപുരിയ്ക്ക് അഭിമാനിക്കാം; സര്‍വ്വകാലറിക്കാഡാണ്! ധര്‍മ്മപുരിയിലെ രസകരമായ കാഴ്ച അധ്യാത്മകക്ഷിനേതാക്കളെല്ലാം ഇതിനെ അപലപിക്കുന്നു എന്നുള്ളതാണ്. ഈ എണ്ണ വില താങ്ങാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാക്കളായ ചെന്നിത്തലക്കാരനും പുതുപ്പള്ളിക്കാരനും കേരളത്തിലിരുന്ന് വ്യക്തമാക്കിയിരിക്കുന്നു. എങ്കിലും എണ്ണവിഷയത്തില്‍ മാത്രമുള്ള പ്രജാപതിയുടെ ഈ ദാരിദ്ര്യം നമ്മള്‍ മനസ്സിലാക്കണമെന്ന അലിവൂറുന്ന, കണ്ണ് നിറയിക്കുന്ന ഉപദേശവുമുണ്ട് ഒപ്പം. ഉപതിരഞ്ഞെടുപ്പ് വന്ന് മൂക്കത്തിരിക്കുമ്പോ പിന്നെങ്ങനെ പ്രതികരിക്കാനാണ് മധുരിച്ചിട്ട് തുപ്പാനും വയ്യ, കയ്ചിട്ട് ഇറക്കാനും വയ്യ എന്ന ഗതികേടിലിരിക്കുന്ന നമ്മുടെ പ്രിയപ്പെട്ട അധ്യാത്മര്‍ ! അല്ലേ?

സമഷ്ടിവാദികള്‍ അധ്യാത്മരേക്കാള്‍ ശക്തമായി പ്രതിഷേധിക്കുന്നു. ഏതായാലും ഇത്തവണ ഹര്‍ത്താല്‍ എന്ന് പറയപ്പെടുന്ന വണ്‍ഡേ മാച്ചില്‍ ഒതുക്കില്ല പരിപാടികള്‍ എന്നാണ് കോമ്രേഡ് പ്രകാശന്‍ പറഞ്ഞിരിക്കുന്നത്. വിലകുറയ്ക്കുന്നത് വരേയ്ക്കും സമരമത്രേ! നല്ലത്. പക്ഷേ ഒന്നുണ്ട്. ലിറ്ററിന് ഒരുകാലത്തുമില്ലാത്തതുപോലെ എട്ടുരൂപയോളം കൂട്ടിയപ്പോള്‍ തന്നെ അതില്‍ മൂന്ന് രൂപ കുറയ്ക്കുവാനുള്ളതാണെന്നുള്ള കാര്യം പ്രജകള്‍ക്കെല്ലാം അറിയാം എന്നത് അധ്യാത്മരെപ്പോലെ സമഷ്ടിവാദികളും മറക്കരുത്. എണ്ണക്കമ്പനികളുടെ നഷ്ടം നഷ്ടമല്ലെന്നും അത് കൊള്ളലാഭമാണെന്നും പ്രജകള്‍ക്ക് നന്നായറിയാം. അതുകൊണ്ട് എട്ടുരൂപ കൂട്ടി മൂന്ന് രൂപ കുറയ്ക്കുന്ന നാടകം പ്രജാപതി അവസാനിപ്പിക്കുമ്പോഴേയ്ക്ക് വായും പൂട്ടി അടങ്ങിക്കിടക്കുവാതിരിക്കാനുള്ള ചങ്കൂറ്റം സമഷ്ടിവാദികള്‍ക്ക് ഉണ്ടായിരിക്കണം സഖാവേ! കൊള്ള ഭാഗികമായല്ല, പൂര്‍ണ്ണമായി ഇല്ലാതാക്കുകയാണ് യഥാര്‍ഥ സമഷ്ടിവാദവും ശാകുന്തളവും!

പെട്രോള്‍ വില വര്‍ദ്ധനയ്ക്ക് പുറമേ ഡീസലിനും ഗ്യാസിനും മണ്ണെണ്ണയ്ക്കുമൊക്കെ വില കൂട്ടാന്‍ വിലക്കയറ്റോത്സവം പ്രമാണിച്ച് തീരുമാനമായിട്ടുണ്ട്. ഇത്രകാലം തിരഞ്ഞെടുപ്പ് പ്രമാണിച്ച് എണ്ണക്കമ്പനികളുടെ പട്ടിണിവായ പ്ലാസ്റ്ററുവെച്ച് ഒട്ടിച്ചിരിക്കുകയായിരുന്നു. മനോഹരമായ വിശദീകരണം! അപ്പോള്‍ പ്രജാപതിക്കും കുഞ്ഞുങ്ങള്‍ക്കുമറിയാം; കാട്ടിക്കൂട്ടുന്നത് ശുദ്ധജനദ്രോഹമാണെന്നും ഇലക്ഷന് തൊട്ടുമുന്‍പ് എന്തെങ്കിലും കൊള്ളരുതായ്മ കാണിച്ചാല്‍ പ്രജകള്‍ വോട്ട് മാറ്റിക്കുത്തുമെന്നും! അതുകൊണ്ടാണ് അവര്‍ ഇലക്ഷന്‍ കഴിഞ്ഞ് പിറ്റേന്ന് വിലകൂട്ടുന്നത്. അതാവുമ്പോള്‍ അടുത്ത ഇലക്ഷന് കാലതാമസമുണ്ടല്ലോ. “ഷോര്‍ട്ട് ടേം മെമ്മറി ലോസ്” എന്ന രോഗത്തിന്റെ അസ്കിതയുള്ള ധര്‍മ്മപുരി ജനത അടുത്ത ഇലക്ഷനാവുമ്പോഴേയ്ക്ക് ഇതെല്ലാം മറന്നുപൊയ്ക്കൊള്ളുമെന്നും അവര്‍ പ്രജാപതിക്കാട്ടം പിന്നെയും തിന്നുകൊള്ളുമെന്നും പ്രജാപതിയ്ക്ക് നന്നായറിയാം.

വംഗദേശത്താകട്ടെ സമഷ്ടിവാദികളുടെ 34 വര്‍ഷത്തെ യാതൊരു പ്രയോജനവുമില്ലാത്ത ഭരണം അവസാനിപ്പിച്ച് പുല്ലുപോലൊരു പഴയ കോണ്‍ഗ്രസ്സുകാരി അധികാരത്തിലെത്തി. എത്തിച്ചതാണ് ജനങ്ങള്‍ എന്നുപറയുന്നതാണ് കൂടുതല്‍ ശരി. ഒരു അവസാന കച്ചിത്തുരുമ്പെന്ന നിലയില്‍ ജനങ്ങള്‍ ശ്രമിച്ച് നോക്കിയതാണ്. അധികാരം കിട്ടിയശേഷം പക്ഷേ വംഗദേശത്തിന്റെ സിമ്പിള്‍ വുമണിന് ജനങ്ങളോട് എന്തെങ്കിലും മമത ഉണ്ടായിരുന്നെങ്കില്‍ അതും ഇല്ലാതായി. സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനാസ്വാതന്ത്ര്യം നിഷേധിച്ചും സര്‍ക്കാറിനോട് മമത കുറവുള്ള പത്രങ്ങള്‍ നിരോധിച്ചും ജനകീയസമരങ്ങള്‍ കൊതുകിനെ തല്ലുന്ന ലാഘവത്തോടെ അടിച്ചമര്‍ത്തിയും വിദ്യാര്‍ഥികളെ ഒരു രസത്തിന് മാവോയിസ്റ്റ് ചാപ്പ കുത്തിയും അടിയന്തിരാവസ്ഥയ്ക്ക് പ്രതിസന്ധിയ്ക്ക് തുല്യമായ അവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ് ബംഗാളില്‍ മമത. ഫാസിസമെന്താണെന്ന് ഇപ്പോള്‍ വംഗദേശത്തിന് കുറച്ചുകൂടി നന്നായി മനസ്സിലാകുന്നുണ്ട്. പുതിയ പാര്‍ട്ടിയുണ്ടാക്കിയാലും അധ്യാത്മര്‍ എപ്പോഴും അധ്യാത്മര്‍ തന്നെയാണല്ലോ!

മലനാട്ടിലാകട്ടെ ഒന്നും രണ്ടുമല്ല, അമ്പത്തൊന്ന് വെട്ടാണ് ജനങ്ങളുടെ നെറുകംതലയില്‍ ഏറ്റത്. മലനാടിന്റെ സാംസ്ക്കാരികമാനവികപുരോഗതിയുടെ ജിഹ്വയായ അക്ഷരമാലയില്‍ അമ്പത്തൊന്ന് അക്ഷരങ്ങളാണെന്നത് അവഗണിക്കാനാവാത്ത യാദൃശ്ചികത. സമഷ്ടിവാദികളാണ് പ്രതിക്കൂട്ടില്‍ . സഖാക്കള്‍ അറസ്റ്റിലാകുമ്പോള്‍ വേവുന്നത് വസന്തത്തിന്റെ ഇടിമുഴക്കം സ്വപ്നം കാണുന്ന ഒരു സമ്പൂര്‍ണജനതയാണ്, അവരുടെ നെഞ്ചകങ്ങളാണ്. വരികള്‍ക്കിടയില്‍ വായിക്കുവാന്‍ കഴിവുള്ളവരെന്ന് സ്വയം അഭിമാനിച്ചിരുന്ന യുവപ്രജകള്‍ സമഷ്ടിവാദികള്‍ക്കെതിരെയുള്ള ആരോപണങ്ങളെ വെറും തമാശകളായാണ് ആദ്യമൊക്കെ കണ്ടത്. കാരണം തങ്ങള്‍ ബുദ്ധിജീവികളാണെങ്കില്‍ സമഷ്ടിവാദിനേതാക്കള്‍ അതിബുദ്ധിജീവികള്‍ ആണെന്നാണ് എല്ലാ ചിന്തിക്കുന്ന ധര്‍മ്മപുരിക്കാന്റെയും വിശ്വസം. ആ വിശ്വാസത്തിന് ആവോളം വളമിട്ടിരുന്നു കൊലനടന്നയുടന്‍ “അസാധാരണമായ” ആവേശം പ്രകടിപ്പിച്ച അധ്യാത്മരും മുഖ്യമന്ത്രിയുമൊക്കെ. പക്ഷേ ആ വിശ്വാസം ഇപ്പോള്‍ കയ്യാലപ്പുറത്തെ തേങ്ങയേക്കാള്‍ കഷ്ടസ്ഥിതിയിലാണ്. ഇപ്പോഴും ചിത്രം പൂര്‍ണമായി വ്യക്തമായിട്ടില്ല; പക്ഷേ സാഹചര്യത്തെളിവുകളെല്ലാം സമഷ്ടിവാദികളുടെ നേരെ നീളുമ്പോള്‍ , ഇപ്പോഴേ ഞാന്‍ പറയാം, പോലീസിന്റെ വാമൊഴി ശരിയാണെങ്കില്‍ സഖാക്കളേ, തകരുന്നത് ഒരു ജനതയുടെ സങ്കല്‍പ്പവിശ്വാസങ്ങളുടെ ഏഴുനിലമാളികയാണ്.

ഇതിന് മുന്‍പും കക്ഷികള്‍ പരസ്പരം കൊല്ലുകയും ചാകുകയും ചെയ്തിട്ടുണ്ട്. പക്ഷേ ഈ ചോരയ്ക്ക് അല്‍പ്പം കട്ടി കൂടുതലാണ്. സാഹചര്യങ്ങള്‍ അതിന്റെ കട്ടി കൂട്ടുകയും ചെയ്യുന്നു. മാധ്യമങ്ങളുടെ “അസാധാരണമായ” സാമൂഹികപ്രതിബദ്ധത (ആസന്നതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലാണെങ്കിലും) ഈ രക്തസാക്ഷിത്വത്തെ ഇതുവരെയുണ്ടായ എല്ലാ രക്തസാക്ഷിത്വങ്ങളില്‍നിന്നും ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. കൊലയ്ക്കുശേഷം ഇത്രനാളായും തുടരുന്ന ഈ സാമൂഹികപ്രതിബദ്ധതയ്ക്ക് വണക്കം! (ഒരു ചെന്നായച്ചൂര് അടിക്കുന്നുണ്ടോ മൂക്കിലേയ്ക്ക്?)

കുറ്റാന്വേഷണവാര്‍ത്തകളുടെ പെരുക്കത്തില്‍ കണ്ട മറ്റൊരു കാര്യം പക്ഷേ ചിന്തയെ ഉണര്‍ത്തുന്നുണ്ട്. എണ്ണ വില, ഭാരതത്തിലെ 120 കോടിയില്‍പ്പരം ജനങ്ങളെയും ഭീകരമായി ബാധിക്കുന്ന, ഭാരതത്തിന്റെ ദേശീയജീവിതച്ചെലവ് വീണ്ടും ദുരിതപൂര്‍ണമാംവിധം ഏറ്റുന്ന എണ്ണവിലയുടെ വാര്‍ത്ത കോട്ടയം അച്ചായന്റെ പത്രത്തില്‍ മുന്‍പേജിലെ ഒന്നരയിഞ്ച് വീതിയില്‍ പരന്ന് കിടന്ന ഒരു റോ വാര്‍ത്തയിലൊതുങ്ങി. പിന്നെ നടുപേജില്‍ മുഖ്യന്റെയും അധ്യാത്മനേതാവിന്റെയും ഓരോ ചെറിയ പ്രസ്താവനകള്‍ ഉള്‍ക്കൊള്ളുന്ന ചെറിയൊരു രണ്ടുകോളം ബോക്സിലും. എഡിറ്റോറിയല്‍പേജുള്‍പ്പെടെ സമസ്തപുറങ്ങളും ഇപ്പോഴും സഖാവ് ചന്ദ്രശേഖരന്റെ കൊലപാതകാന്വേഷണത്തിലാണ്. (എഡിജിപിയെക്കാള്‍ മുന്‍പേ അച്ചായന്റെ കുഞ്ഞുങ്ങള്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് ലക്ഷണം കണ്ടിട്ട് തോന്നുന്നത്). ആയ്ക്കോട്ടെ. കുറ്റകൃത്യങ്ങള്‍ക്കെതിരെ മാധ്യമജാഗ്രത നല്ലതാണ്. പക്ഷേ ഒരേയൊരു സംശയമുള്ളത്, 120 കോടി ജനങ്ങളുടെയും ആധിയ്ക്ക് ഇന്ന് ഈ ദിവസം ബൃഹത്തായ 20 പേജ് പത്രത്തില്‍ ഈ ചെറിയ സ്ഥലത്തിന്റെ മാത്രം അവകാശമേയുള്ളോ എന്നാണ്! പടിഞ്ഞാറന്‍ തരിശുവാര്‍ത്തയുടെ ധര്‍മ്മപുരിപ്പതിപ്പില്‍ ഈ ദേശീയദുരന്തത്തിന് ഇത്രയേ ഇടമുള്ളു എന്നോര്‍ത്ത് പ്രജകള്‍ക്ക്  സമാധാനിക്കാം.

ഇനിയൊരു തമാശ പ്രധാനസമഷ്ടിവാദിയുടെ സ്ഥാപകനേതാവായ, മലനാട് പ്രതിപക്ഷനേതാവിന്റെ മകനെതിരെയുള്ള അഴിമതിയന്വേഷണം സംബന്ധിച്ചുള്ള വാര്‍ത്തയാണ്. കണ്ടത്തില്‍ മാപ്ലയുടെ പത്രത്തില്‍ പറയുന്നത് കാര്യം അരുണ്മോന്റെ നിയമനം അഴിമതിയാണെങ്കിലും അഛന്‍ ഇപ്പോള്‍ സ്വന്തം കക്ഷിനേതാവിനെതിരെ ശക്തമായി റോക്കറ്റ് വിട്ടുകൊണ്ടിരിക്കുന്നതിനാല്‍ ,ഉപതിരഞ്ഞെടുപ്പില്‍ സമഷ്ടിവാദമുപേക്ഷിച്ച് മറുകണ്ടംചാടിയ പരേതാത്മാവിന്റെ വിജയത്തിന് ആ റോക്കറ്റുകള്‍ നല്‍കുന്ന ആവേഗസാധ്യതകള്‍ കണക്കിലെടുത്ത്, അരുണ്മോന്റെ അഴിമതി തല്‍ക്കാലം കണ്ടില്ലെന്ന് നടിക്കുവാന്‍ ഭരണകക്ഷിക്കാര്‍ തമ്മില്‍ ധാരണയായിരിക്കുന്നുവെന്ന്. ഭരണകൂടത്തിന്റെ ഉദാരസമീപനം എന്ന് പറയുന്ന പ്രതിഭാസം ഇതായിരിക്കുമല്ലേ? എത്ര സുന്ദരമായ നിയമവാഴ്ച! ഇത്രനാള്‍ കൊടികെട്ടിയ ആരോപണങ്ങളും അന്വേഷണങ്ങളുമായിരുന്നു. ഇപ്പോള്‍ അന്വേഷണറിപ്പോര്‍ട്ടുകളെല്ലാം തല്‍ക്കാലം അട്ടത്തിരിക്കട്ടെ എന്ന്! അഴിമതി നടന്നിട്ടുണ്ടെങ്കില്‍ നടപടിയെടുക്കണം എന്ന് വെട്ടിത്തുറന്ന് പറയാന്‍ നെയ്യാറ്റില്‍ ചൂണ്ടയിട്ടിരിക്കുന്ന അധ്യാത്മന്മാര്‍ തയ്യാറായില്ലെങ്കില്‍ കുലത്തില്‍വെച്ച് തലങ്ങും വിലങ്ങും കുത്തേറ്റുകൊണ്ടിരിക്കുന്ന സമഷ്ടിവാദികള്‍ തന്നെ വരുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ!

പ്രധാനസമഷ്ടിവാദികക്ഷിയുടെ സ്ഥാപകനേതാവാണെങ്കിലും പുരകത്തുമ്പോള്‍ വാഴവെട്ടുന്ന സ്വഭാവം കാട്ടുന്ന പുന്നപ്രവയലാര്‍ വിപ്ലവസേനാനിയോട് സമഷ്ടിവാദത്തിന്റെ അടിത്തറ പൊളിച്ചുകൊണ്ടിരിക്കുന്ന അഭിനവസ്റ്റാലിന്മാരുടെ മുഷ്ക്കിന്റെ പേരില്‍ നമുക്ക് ക്ഷമിക്കാം. തമ്മില്‍ ഭേദം തൊമ്മന്‍ തന്നെ!

ചുരുക്കത്തില്‍ ധര്‍മ്മപുരിയില്‍ പ്രജാപതിയുടെ ശാകുന്തളപ്രത്യയശാസ്ത്രം പൂര്‍വ്വാധികം ശോഭയോടെ ജ്വലിക്കുന്നു. രാജ്യത്തെങ്ങും സമ്പത്സമൃദ്ധിയും സമത്വസമാധാനവെള്ളരിപ്രാവുകളുടെ ചിറകടികളും. പ്രജകളാണെങ്കിലോ കണ്ണടച്ചിരുന്ന് ആകുവോളം പ്രജാപതിക്കാട്ടം തിന്നുന്നുമുണ്ട്. ധര്‍മ്മപുരിക്കിനിയെന്ത് വേണം! ശാകുന്തളം വിജയിക്കട്ടെ! പ്രജാപതിക്കാട്ടം വിജയിക്കട്ടെ!