2011, ജൂലൈ 17, ഞായറാഴ്‌ച

വി എസിന്റെ മകളും മനോരമയും പിന്നെ പത്രധര്‍മ്മവും

കഴിഞ്ഞ ദിവസം മലയാളമനോരമ ദിനപ്പത്രത്തില്‍ കണ്ട ഒരു വാര്‍ത്തയാണ്‌ ഇങ്ങനെയൊരു കുറിപ്പെഴുതുവാന്‍ പ്രേരിപ്പിച്ചത്‌. പത്രം വായിക്കുന്ന ഏതൊരാളുടെയും ശ്രദ്ധ പിടിച്ചുപറ്റുവാനുതകുന്ന തരത്തില്‍ വലിയൊരു വാര്‍ത്ത ഉള്‍പ്പേജില്‍. സംഭവം ഇതാണ്‌. വി എസ്‌ അച്യുതാനന്ദന്റെ മകളും രാജീവ്‌ ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ സയന്റിസ്റ്റുമായ ഡോ. വി വി ആശയ്ക്ക്‌ ഗവേഷണാര്‍ത്ഥം വനം വകുപ്പ്‌ 35 ലക്ഷം രൂപ നല്‍കിയിരിക്കുന്നു. പക്ഷേ ഗവേഷണപ്രബന്ധങ്ങളൊന്നും വനം വകുപ്പിന്‌ ലഭിച്ചിട്ടില്ല. രാജ്യാന്തരശാസ്ത്രജേര്‍ണലുകളില്‍ ഒരു ഗവേഷണലേഖനവും പ്രസിദ്ധീകരിച്ചതായി വനം വകുപ്പിന്‌ അറിവുമില്ല. മനോരമയോ മറ്റാരോ വിവരാവകാശനിയമപ്രകാരം അന്വേഷിച്ച്‌ കണ്ടെത്തിയ കാര്യമാണിത്‌.

വാര്‍ത്ത വായിക്കുന്ന ഏതൊരു സാധാരണക്കാരനും ആദ്യം മനസിലാവുന്ന കാര്യമിതാണ്‌ : വനം വകുപ്പ്‌ വഴിവിട്ട്‌ ആശയ്ക്ക്‌ പണം നല്‍കുകയും അവര്‍ അത്‌ വഴിവിട്ട്‌ ചിലവാക്കുകയും ചെയ്തിരിക്കുന്നു. അതും ഒന്നും രണ്ടുമല്ല, 35 ലക്ഷം രൂപ..! വാര്‍ത്ത വായിക്കുന്ന ഏതൊരു സാധാരണക്കാരനും വായ്‌ പൊളിച്ച്‌ "അമ്പട വി എസ്സേ..! അമ്പടി ആശേ..!!" എന്ന് അസ്തപ്രജ്ഞരാവുമെന്ന് ഉറപ്പ്‌..!

വാര്‍ത്തയുടെ വിശദാംശങ്ങള്‍ പറയുന്നത്‌ പത്ത്‌ വര്‍ഷം കൊണ്ടാണ്‌ (2001 മുതല്‍) വനം വകുപ്പ്‌ സഹ്യപര്‍വതനിരയിലെ ജൈവവൈവിധ്യഗവേഷണത്തിനായി ഒരു പ്രൊജക്ടിനും എലികളിലുള്ള ഗവേഷണത്തിനായി ഒരു പ്രൊജക്ടിനും പലപ്പോഴായി 35 ലക്ഷം രൂപ നല്‍കിയത്‌. ഇത്‌ ആശയുടെ പോക്കറ്റിലേയ്ക്ക്‌ പോയിരിക്കാമെന്ന രീതിയിലാണ്‌ വാര്‍ത്ത വളരുന്നത്‌.

ഞാന്‍ യൂണിവേഴ്സിറ്റിയില്‍ ഇരിക്കുമ്പോഴാണ്‌ മേല്‍പ്പറഞ്ഞ വാര്‍ത്ത വായിക്കുന്നത്‌. വായിച്ച ശേഷം ഞാന്‍ നേരെ പോയത്‌ ലൈബ്രറിയിലേക്കാണ്‌. അവിടെ ചെന്ന് ഇന്റര്‍നെറ്റില്‍ രാജീവ്‌ ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി (ആര്‍ജിസിബി)യുടെ വെബ്സൈറ്റ്‌ തുറന്ന് ഡോ. ആശയുടെ പ്രൊഫെയില്‍ പേജില്‍ കയറി നോക്കി. 2002 മുതല്‍ 2009 വരെ 14 ഗവേഷണലേഖനങ്ങളാണ്‌ ഡോ. ആശയുടേതായി അന്താരാഷ്ട്രജേണലുകളില്‍ വന്നിരിക്കുന്നത്‌ (ലിസ്റ്റ് കാണുവാന്‍ ഇവിടെ ക്ലിക്കുക). സസ്യങ്ങളിലുള്ള ഗവേഷണത്തിന്റെയും എലികളിലുള്ള ഗവേഷണത്തിന്റെയും. വിവരാവകാശവിവരക്കേട്‌ കിട്ടിയ പടി വിഴുങ്ങും മുന്‍പ്‌ വാര്‍ത്ത തയാറാക്കിയ മനോരമയ്ക്ക്‌ ഏറ്റവും കുറഞ്ഞത്‌ ആര്‍ജിസിബിയുടെ വെബ്സൈറ്റില്‍ കയറി അത്രയെങ്കിലും പരിശോധിക്കാമായിരുന്നു.

ഇനി ഗവേഷണപ്രബന്ധത്തിന്റെ കാര്യം. എല്ലാ ഗവേഷണലാബുകളില്‍ നടക്കുന്ന ഗവേഷണങ്ങളും പ്രാവര്‍ത്തികമാക്കപ്പെടുന്നത് ഏതെങ്കിലും ഫണ്ടിംഗ്‌ ഏജന്‍സികളില്‍ നിന്ന് അനുവദിക്കപ്പെടുന്ന പണം കൊണ്ടാണ്‌. അത്‌ ചിലപ്പോള്‍ കേന്ദ്രസര്‍ക്കാറിന്റെ ഗവേഷണവകുപ്പുകള്‍ (ഉദാ : കേന്ദ്രസര്‍ക്കാറിന്റെ ഡിപ്പാര്‍ട്ട്‌മന്റ്‌ ഓഫ്‌ ബയോടെക്നോളജി അഥവാ ഡിബിറ്റി), യൂണിവേഴ്സിറ്റി ഗ്രാന്റ്സ്‌ കമ്മീഷന്‍, മറ്റ്‌ സര്‍ക്കാര്‍ വകുപ്പുകള്‍, ഏജന്‍സികള്‍, അതുമല്ലെങ്കില്‍ സ്വകാര്യഫണ്ടിംഗ്‌ ഏജന്‍സികള്‍ അങ്ങനെ എന്തുമാകാം. ഗവേഷണാനന്തരം പ്രബന്ധങ്ങള്‍ സമര്‍പ്പിക്കുക ഏത്‌ യൂണിവേഴ്സിറ്റി അല്ലെങ്കില്‍ ഗവേഷണകേന്ദ്രത്തിലാണോ ആ പ്രോജക്ട്‌ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്‌, അവിടെയാണ്‌. അല്ലാതെ ഫണ്ടിംഗ്‌ ഏജന്‍സിക്കല്ല. അങ്ങനെയിരിക്കേ, ആര്‍ജിസിബിയില്‍ നടന്ന ഒരു ഗവേഷണത്തിന്റെ പ്രബന്ധം കാണുവാന്‍ മനോരമ സമീപിക്കേണ്ടിയിരുന്നത്‌ ആര്‍ജിസിബിയെ ആയിരുന്നു.

മറ്റൊരു ആരോപണമായി നിരത്തപ്പെടുന്നത്‌ ഒരു പ്രോജക്ട്‌ തീരുന്നതിന്‌ മുന്‍പ്‌ മറ്റൊന്ന് തുടങ്ങി എന്നാണ്‌. ഗവേഷണമേഖല അത്ര പരിചയമില്ലാത്ത ഏതൊരാളുടെ കണ്ണിലും അക്ഷന്തവ്യമായ തെറ്റ്‌.! ഇവിടെ, കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ എന്റെ റിസര്‍ച്ച്‌ ഗൈഡിന്‌ ഒരേ സമയം ഒന്നിലധികം പ്രോജക്ടുകള്‍ ഉണ്ട്‌. ഇപ്പോള്‍ മറ്റൊന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ്‌ കമ്മീഷന്‌ പ്രൊപ്പോസ്‌ ചെയ്തിട്ട്‌ അനുമതി കാത്തിരിക്കുന്നു. എല്ലാ റിസര്‍ച്ച്‌ ലാബുകളിലും ഇതുപോലെ ഒന്നിലധികം പ്രൊജക്ടുകള്‍ ഒരേസമയം നടക്കുന്നുണ്ട്‌. എല്ലാ സയന്റിസ്റ്റുകളും പ്രൊഫസര്‍മാരും ഒന്നിലധികം പ്രോജക്ടുകള്‍ക്ക്‌ നേതൃത്വം കൊടുക്കുന്നുമുണ്ട്‌. അപ്പോള്‍ ഡോ. ആശയ്ക്ക്‌ മാത്രമെന്താണ്‌ മനോരമയുടെ കണ്ണില്‍ അയിത്തം?

അവസാനമായി നമുക്ക്‌ തുകയുടെ വലുപ്പം എടുക്കാം. 35 ലക്ഷം രൂപ സാധാരണക്കാരനെ ഞെട്ടിക്കുന്ന ഒരു വലിയ തുകയാണ്‌. പക്ഷേ ഒരു യൂണിവേഴ്സിറ്റിയില്‍, ഒരു ഗവേഷണാന്തരീക്ഷത്തില്‍ നില്‍ക്കുന്ന എനിക്കറിയാം, പത്ത്‌ കൊല്ലം കൊണ്ട്‌, രണ്ട്‌ ഗവേഷണപ്രോജക്ടുകളിലായി 35 ലക്ഷം രൂപയെന്നത്‌ വളരെ വളരെ സാധാരണമായ ഒരു തുകയാണ്‌ എന്നത്‌. കോടിക്കണക്കിന്‌ രൂപ അതിലും ചുരുങ്ങിയ കാലയളവുകൊണ്ട്‌ നമ്മുടെ എത്രയോ ഗവേഷണലാബുകളില്‍ ചിലവാകുന്നു. മിക്കയിടത്തും ചിലവാകുന്ന തുകയുടെ പത്തിലൊന്ന് പോലും മുതലാവുന്ന രീതിയില്‍ ഫലങ്ങള്‍ ഉണ്ടാവുന്നു പോലുമില്ല. എത്രയോ രൂപ തുരുമ്പെടുത്ത ഉപകരണങ്ങളായി പാഴായി പോകുന്നു നമ്മുടെ ഗവേഷണലാബുകളില്‍. അങ്ങനെ നോക്കുമ്പോള്‍ ഏതൊരു ഗവേഷകനും കിട്ടുന്ന ഫണ്ടിംഗ്‌ മാത്രമേ ഡോ. ആശയ്ക്കും കിട്ടിയിട്ടുള്ളൂ. അതിന്‌ അവരുടെ പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട 14 അന്താരാഷ്ട്രഗവേഷണലേഖനങ്ങള്‍ സാധൂകരണവുമാകുന്നു.

അതെന്തായാലും കേരളത്തില്‍ പത്രം വായിക്കുന്നവര്‍ക്കെല്ലാം ഒരു കാര്യം മനസിലായി. അച്യുതാനന്ദന്‍ ഇത്ര നാള്‍ കറ പുരളാത്ത കമ്മ്യൂണിസ്റ്റ്‌ എന്ന് മേനി നടിച്ചു നടന്നു. ആവശ്യത്തിനും അനാവശ്യത്തിനും മറ്റുള്ളവരെ അഴിമതിക്കേസുകളില്‍ കുടുക്കുകയും ചെയ്തു. അങ്ങനെയിരിക്കേ ആദ്യം മകന്റെ രൂപത്തില്‍ വി എസിന്റെ പുറത്ത്‌ അഴിമതിക്കറ പുരണ്ടു. ഇപ്പോ ദേ മകളുടെ രൂപത്തിലും. എല്ലാ മനോരമ വായനക്കാരും മൂക്കത്ത്‌ കൈവെച്ചു. "അമ്പട വി എസേ!! അമ്പട അരുണേ!! അമ്പടി ആശേ!!

എനിക്ക്‌ പക്ഷേ ഒരു ചോദ്യമുണ്ട്‌. ആരെയെങ്കിലും ചിത്രവധമോ വ്യക്തിഹത്യയോ ചെയ്യണമെന്ന് ബോധപൂര്‍വ്വം തീരുമാനമെടുത്തിട്ട്‌, അവിടുന്നുമിവിടുന്നും കിട്ടിയ മുറിത്തെളിവുകളും തുമ്പുകളും കാട്ടി നാലുകോളം വാര്‍ത്തയാക്കി സാധാരണ വായനക്കാരനെ തെറ്റിദ്ധരിപ്പിച്ച്‌ സെന്‍സേഷണലിസവും അക്ഷരവ്യഭിചാരവും നടത്തുന്ന പണി (പത്രധര്‍മ്മമെന്ന് ഞാനതിനെ വിളിക്കില്ല. പത്രധര്‍മ്മമെന്ന വാക്കിനെ അത്‌ കളങ്കം ചാര്‍ത്തുമെന്ന് ഞാന്‍ ഭയക്കുന്നു.) എന്ന് മനോരമ ഉപേക്ഷിക്കും?

2 അഭിപ്രായങ്ങൾ:

  1. ചന്ദ്രകാന്തന്‍,
    :)
    ഞാന്‍ ആകെ കണ്‍ഫ്യൂഷനടിച്ചിരിക്കുകയാണ്. മറൈന്‍ ബയോ ടെക്നോളജി 35 ലക്ഷം അനുവദിച്ചു എന്നായിരുന്നു 2009ല്‍ ആക്ഷേപം. അതില്‍ ആശ ഒരു കോ-ഇന്വെസ്റ്റിഗേറ്റര്‍ ആണെന്ന് പറഞ്ഞപ്പോള്‍ പ്രശ്നം അവസാനിച്ചു എന്ന് തോന്നുന്നു. ഇപ്പോള്‍ പൊങ്ങി വന്നിരിക്കുന്നത് വനം വകുപ്പിന്റേതായാണ് എന്ന് പറയുന്നു. 2009ലെ അല്ലല്ലോ അല്ലേ.. ഇതും 35 ലക്ഷം തന്നെ!

    ആ പോട്ട്... വനം വകുപ്പിന്റെ ആണെങ്കില്‍‌, ആശ 7 പബ്ലിക്കേഷനുകള്‍ വനം വകുപ്പിന് അക്നോളഡ്ജ് ചെയ്ത് 2006-2009 കാലഘട്ടത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവര്‍ തന്നെയാണ് കറസ്പോണ്ടിങ് ഓഥര്‍‌. അതും ആ ജേര്‍ണലുകളുടെ ഇമ്പാക്റ്റ് ഫാക്റ്റര്‍ 2.5ന് മുകളില്‍‌! കേരളത്തിലെ മുഖ്യമന്ത്രിയുടെ മകളാണെന്ന് പറഞ്ഞാല്‍ എത്സിവറിന്റെ ജേര്‍ണലില്‍ പ്രത്യേക പരിഗണന ഒന്നും കിട്ടുകയില്ലല്ലോ :)

    10 വര്‍ഷത്തേയ്ക്ക് വെറും 35 ലക്ഷം!! അതും ബയോ ടെക്നോളജി മേഖലയിലെ റിസര്‍ച്ചിന്! അമേരിക്കയില്‍ നിന്നും രണ്ട് മൂന്ന് തരത്തിലെ കോശങ്ങള്‍ അഥവാ ഏതെങ്കിലും ഒരു ക്നോക്കൌട്ട് എലിയെ വരുത്തുമ്പോഴേയ്ക്കും ശു...

    മനോരമക്കാര്‍ ഒന്ന് ഗൂഗിള്‍ സെച്ച് ചെയ്ത് നോക്കിയിരുന്നുവെങ്കില്‍ വനം വകുപ്പിന്റെ പ്രൊജക്റ്റുമായി ബന്ധപ്പെട്ട് “രാജ്യാന്തരശാസ്ത്രജേര്‍ണലുകളില്‍ ഒരു ഗവേഷണലേഖനവും പ്രസിദ്ധീകരിച്ചിട്ടില്ല” എന്ന ആന മണ്ടത്തരം എഴുതി പിടിപ്പിക്കില്ലായിരുന്നു.. ഒന്നുമില്ലേല്‍ അവരും ഇന്റര്‍നെറ്റ് പത്രമല്ലേ.. അതിന്റെ ഒരു അഹങ്കാരമെങ്കിലും കാണിക്കരുതായിരുന്നോ :)

    മറുപടിഇല്ലാതാക്കൂ
  2. വിൻഡോസ് എക്സ്.പിയും, വിസ്റ്റയും, 7 നും ഒക്കെ മൈക്രോസോഫ്‌റ്റിൻറെ സേർച്ച് എൻ‌ജിനുകൾ ആണെന്നാണു കൌമുദിയിൽ കണ്ടത്. മലയാളം പത്രങ്ങളിൽ നിന്ന് ഇത്രയൊക്കെ സാങ്കേതികസാക്ഷരത പ്രതീക്ഷിച്ചാൽ മതി. പിന്നെ വി. എസ്. നിട്ട് കൊട്ടാൻ എന്ത് പൊട്ടത്തരം എഴുതാനും മനോരമ തയാറാണല്ലോ.

    മറുപടിഇല്ലാതാക്കൂ