2013, സെപ്റ്റംബർ 1, ഞായറാഴ്‌ച

സ്ത്രീ പുരുഷന് ആരാണ്? കളിമണ്ണ്‍: ഒരു സ്ത്രീപക്ഷരാഷ്ട്രീയക്കാഴ്ച

നമ്മുടെ ചലച്ചിത്രവിവാദങ്ങളുടെ ഭൂതകാലം  ശ്രദ്ധിച്ചാല്‍ മലയാളചലച്ചിത്രചരിത്രത്തിലെങ്ങും കളിമണ്ണ് എന്ന ബ്ലെസി ചിത്രം സൃഷ്ടിച്ചതുപോലെ ഒരു ഘോരമായ ചലനം മറ്റൊരു ചിത്രവും സൃഷ്ടിച്ചിട്ടില്ല എന്ന് നിശ്ചയമായും ഉറപ്പിക്കാം. സമീപകാലചരിത്രത്തില്‍ എടുത്തുപറയാനാവുന്ന മറ്റൊരു ചിത്രം ഒരുപക്ഷേ പപ്പീലിയോ ബുദ്ധ മാത്രമായിരിക്കണം. ആ സിനിമ കേരളത്തില്‍ ബൌദ്ധികമായ ഒരുപിടി ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നെങ്കിലും അതൊക്കെയും സാധാരണസമൂഹത്തിന്റെ ആഴത്തിലും പരപ്പിലുമെത്തിയിരുന്നില്ലെന്ന് പറയാം. ധൈഷണികമായി ഉന്നതനിലവാരം പുലര്‍ത്തുന്ന പരിമിതവും അടഞ്ഞതുമായ ചര്‍ച്ചയിടങ്ങളിലേയ്ക്ക് മിക്കവാറും ഒതുങ്ങിപ്പോയിരുന്നു പപ്പീലിയോ ബുദ്ധ. അതിന്റെ കാരണം ആ ചിത്രത്തിന്റെ രാഷ്ട്രീയം സങ്കീര്‍ണവും ഭൂരിപക്ഷസമൂഹത്തിന് ഇന്നും പരോക്ഷമായി താല്പര്യമില്ലാത്തതുമായിരുന്നു എന്നതാണ്. കളിമണ്ണ് എന്ന ചിത്രം പക്ഷേ അത്തരം പൂര്‍വമാതൃകകളില്‍നിന്നെല്ലാം വ്യത്യസ്തമായി പൊതുസമൂഹത്തില്‍ ഏറ്റവുമധികം പരിചിതവും സാര്‍വജനകീയവും ഇന്ത്യന്‍ സാമൂഹ്യവ്യവസ്ഥിതിയുടെ, കൂടുതല്‍ സൂക്ഷ്മമായി പറഞ്ഞാല്‍ കുടുംബവ്യവസ്ഥിതിയുടെ അടിസ്ഥാനശിലയെന്ന് വിശേഷിപ്പിക്കാവുന്ന “മാതൃത്വം” എന്ന വിഷയമാണ് കൈകാര്യം ചെയ്തത്. മലയാളത്തില്‍ ഇതുവരെയുള്ള മറ്റ് “അമ്മസിനിമകളില്‍” നിന്ന് കളിമണ്ണിനുള്ള വ്യത്യസ്തത ഈ ചിത്രം ഗര്‍ഭധാരണം, ഗര്‍ഭാവസ്ഥ, പ്രസവം എന്നീ സ്ത്രൈണജീവിതാവസ്ഥകളെ ഒരു സ്ത്രീപക്ഷവീക്ഷണകോണില്‍ക്കൂടി എന്ന നിലയില്‍ ചര്‍ച്ച ചെയ്യുന്നു എന്നതാണ്. (ദശരഥം എന്ന ചിത്രം മറക്കുന്നില്ല, അത് പക്ഷേ സ്ത്രീപക്ഷവീക്ഷണമെന്ന ലേബലില്‍ ഇറങ്ങിയൊരു സിനിമ ആയിരുന്നില്ലെന്ന് മാത്രമല്ല, പുറത്തിറങ്ങുന്നതിനുമുന്‍പേ കളിമണ്ണിനെ ഏറ്റവുമധികം വിവാദമാക്കിയ പ്രസവനിമിഷങ്ങള്‍ക്ക് യാതൊരു പ്രാധാന്യവുമില്ലാത്തവയുമായിരുന്നു.)

കളിമണ്ണ് എന്ന “സ്ത്രീപക്ഷ സിനിമ, അല്ലെങ്കില്‍ ആ സിനിമയില്‍ക്കൂടി സ്ത്രീപക്ഷവാദിയെന്ന നിലയില്‍ ബ്ലെസി എന്ന സംവിധായകന്‍ കേരളസമൂഹത്തിന് മുന്‍പിലേയ്ക്ക് വയ്ക്കുന്ന രാഷ്ട്രീയമെന്താണ്? ഇത്രനാള്‍ മലയാളിപ്രേക്ഷകര്‍ കണ്ട യാഥാസ്ഥിതികമായ സ്ത്രീത്വനിര്‍വചനങ്ങളില്‍നിന്ന് ഏത് അളവ് വരെയാണ് കളിമണ്ണിലെ നായിക വ്യത്യസ്തയാവുന്നത്? മാതൃത്വം സ്ത്രീയുടെ സ്വകാര്യതയാണ്, അവകാശമാണ് എന്ന ചില പുരോഗമനാത്മകമായ ആശയങ്ങളൊഴിച്ചാല്‍, ഒറ്റനോട്ടത്തില്‍ ഫെമിനിസ്റ്റ് വീക്ഷണങ്ങള്‍ എന്ന് തോന്നിപ്പിക്കുന്ന, അല്ലെങ്കില്‍ കേരളത്തിലെ പുരുഷകേന്ദ്രീകൃതസമൂഹം ഫെമിനിസമെന്നാല്‍ ഇതൊക്കെയാണ് എന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന ചില വീക്ഷണങ്ങളാണ് കളിമണ്ണെന്ന സിനിമ നീട്ടുന്ന രാഷ്ട്രീയമെന്ന് പറയാതെ വയ്യ.

മുന്‍നിര നായികയായി ചുവടുമാറിക്കൊണ്ടിരിക്കുന്ന ഒരു ബോളിവുഡ് ഐറ്റം ഡാന്‍സറായാണ് കളിമണ്ണില്‍ ശ്വേതാമേനോന്‍ അവതരിക്കുന്നത്. അവര്‍ അതിനും മുന്‍പ് ഡാന്‍സ് ബാറിലെ നര്‍ത്തകിയുമായിരുന്നു. അതുകൊണ്ടുതന്നെ മാദകനൃത്തങ്ങളാലും മാംസപ്രദര്‍ശനങ്ങളാലും സമ്പന്നമാണ് ചിത്രത്തിന്റെ ആദ്യപാതിയുടെ ആദ്യപാതി. ആ ഒറ്റക്കാരണം കൊണ്ട് തന്നെ അവര്‍ ആദ്യമേ തന്നെ “ദ അദര്‍ വുമണ്‍” ആണ്. നൃത്തരംഗങ്ങളിലല്ലാത്തപ്പോഴും പല അവസരങ്ങളിലും ബ്ലെസിയുടെ ക്യാമറ അല്‍പ്പം കൊതിയോടെയാണ് പെരുമാറുന്നതെന്ന് ചിലനേരം നമുക്ക് സംശയം തോന്നുകയുമാവാം. ആ സംശയത്തിന്റെ സാംഗത്യം വെളിവാകുമ്പോള്‍ കടുത്തൊരു വിരോധാഭാസം പല്ലിളിക്കുന്നുണ്ട്. ബ്ലെസിയുടെ പ്രഖ്യാപിതനിലപാടുകളും ക്യാമറയും ചിലനേരങ്ങളില്‍ രണ്ടു ധ്രുവങ്ങളില്‍ നില്‍ക്കുന്നതിന്റേതായ വിരോധാഭാസം.

അതെന്തായാലും ഗാനരംഗങ്ങളിലെ ശരീരപ്രദശനങ്ങളുടെ പിന്നിലുള്ള രാഷ്ട്രീയം അപ്പോള്‍ വ്യക്തമാകാത്തവര്‍ക്കായി പിന്നീട് സിനിമതന്നെ വെളിപ്പെടുത്തുന്നുണ്ട്. ചിത്രം അവസാനഭാ‍ഗത്തിലേയ്ക്കടുക്കുമ്പോള്‍ ബോളിവുഡ് നടിയുടെ പ്രസവം വിവാദവിഷയമായി ചര്‍ച്ച ചെയ്യുന്ന ടിവി ചാനലുകളിലിരുന്ന് ഒരു ഖദര്‍ധാരി, ഒരു കാബറേ ഡാന്‍സറായിരുന്ന ആ സ്ത്രീയ്ക്ക് എന്ത് യോഗ്യതയാണ് ഇങ്ങനെ ഗര്‍ഭം ധരിക്കാനും പ്രസവം ആഘോഷമാക്കുവാനും എന്നമട്ടില്‍ സംസാരിക്കുന്നുണ്ട്. ആദ്യപാതിയും ആ രംഗങ്ങളും കൂട്ടിവായിച്ചാല്‍ മനസിലാകുന്നത് അതൊരു ഫണ്ടമെന്റല്‍ ഫെമിനിസ്റ്റ് ചിന്തയുടെ പ്രകാശനശ്രമമാണെന്നാണ്. ഒരു സ്ത്രീ, അവള്‍ മോശമോ അല്ലാത്തതോ ആയ എന്ത് തൊഴില്‍ ചെയ്ത് ജീവിക്കുന്നവളായാലും ഒരു മനുഷ്യനെന്ന നിലയിലും ഒരു പൌരനെന്ന നിലയിലും മറ്റേതൊരു മനുഷ്യനെപ്പോലെയും പൌരനെപ്പോലെയും എല്ലാ അവകാശങ്ങളും അര്‍ഹിക്കുന്നു എന്ന സ്ത്രീപക്ഷ ചിന്തയുടെ, ഒരു യാഥാസ്ഥിതികപ്രേക്ഷകസമൂഹത്തിന് മുന്‍പില്‍ അവതരിപ്പിക്കാന്‍ പറ്റിയ രീതിയില്‍ തുലോം മയപ്പെടുത്തിയ രൂപമാണ് അത്. മാനുഷികമായും നൈതികമായും പരിശോധിച്ചാല്‍, പരിഷ്കൃതസമൂഹമെന്ന് അവകാശപ്പെടുന്ന ഒരു ജനത ഒരു സ്ത്രീലൈംഗികത്തൊഴിലാളിയെപ്പോലും അശ്ലീലം ദ്യോതിപ്പിക്കുന്ന രീതിയില്‍ നോക്കുവാനോ അവളുടെ അനുവാദമില്ലാതെ സ്പര്‍ശിക്കുവാനോ പാടില്ല. അത്രത്തോളം ബ്ലെസിയുടെ ചിന്താധാര ശരിയാണ്. അഭിനവ ഭാരതീയ സദാചാരബോധത്തിന് അത്ര രുചിക്കുകയില്ലാത്തൊരു വിളംബരമാണത് എന്ന നിലയില്‍ ചിന്തിക്കുമ്പോള്‍ അങ്ങനെയൊരു ആശയം നമ്മുടെ പ്രേക്ഷകസമൂഹത്തിന് മുന്‍പിലേയ്ക്ക് വയ്ക്കുവാനുള്ള ധൈര്യം അഭിനന്ദനാര്‍ഹവുമാണ്.

എന്നാല്‍ ഇനി അല്‍പ്പം ആഴത്തിലുള്ള ചിന്തകളിലേയ്ക്ക് കടക്കാം. കഥയുടെ പശ്ചാത്തലം നോക്കുക, അത് ഇന്ത്യയിലെ മെട്രോസിറ്റികളിലൊന്നായ, താരതമ്യേന പുരോഗമിക്കപ്പെട്ട മുംബൈ നഗരമാണ്. ഇത്തരമൊരു വിഷയമവതരിപ്പിക്കുമ്പോള്‍ പുതിയൊരു പശ്ചാത്തലം വേണമെന്ന് തോന്നിയതുകൊണ്ടാണ് ചിത്രത്തെ മുംബൈയിലേയ്ക്കും ബോളിവുഡിലേയ്ക്കും പറിച്ചുനട്ടതെന്ന് ബ്ലെസി അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിട്ടുമുണ്ട്.  പക്ഷേ സൃഷ്ടികര്‍മ്മത്തില്‍ സൃഷ്ടാവിനുള്ള മൌലികവും സ്വതന്ത്രവുമായ എല്ലാ അവകാശങ്ങളെയും അംഗീകരിച്ചുകൊണ്ടുതന്നെ പറയട്ടെ, തികച്ചും വിവാദമായേക്കാവുന്ന ഒരു വിഷയം കൈകാര്യം ചെയ്യുന്ന, പൂര്‍ണമായും പുരോഗമനാത്മകവും സ്ത്രീപക്ഷമെന്നുമുള്ള പ്രഖ്യാപിതകിന്നരികളോടെ, വര്‍ത്തമാനകാല കേരളത്തിന്റെ സവിശേഷ ഭൌതിക, ബൌദ്ധികാന്തരീക്ഷത്തിലേയ്ക്ക് വരുന്ന ഒരു മലയാളചിത്രം ആവശ്യപ്പെടുന്ന ധൈര്യം കളിമണ്ണ് പ്രകടിപ്പിച്ചുവോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

എന്തുകൊണ്ട് കളിമണ്ണിന് ശില്പമാകുവാന്‍ മുംബൈ വരെ പോകേണ്ടിവന്നു? ഒരു മെട്രോനഗരമായ മുംബൈയെ അപേക്ഷിച്ച് തികച്ചും യാഥാസ്ഥിതികമായ, അല്ലെങ്കില്‍ അനുദിനം യാഥാസ്ഥിതികമായിക്കൊണ്ടിരിക്കുന്ന കേരളീയസാഹചര്യങ്ങളില്‍ ഇത്തരമൊരു കഥയെ പ്രതിഷ്ഠിക്കുന്നതില്‍ ചലച്ചിത്രകാരന്‍ അധൈര്യപ്പെട്ടിരുന്നുവെന്നാണ് സിനിമയുടെ പിന്നിലെ സൃഷ്ടിചിന്തകളുടെ അന്തര്‍ധാരയെ വിശകലനം ചെയ്യുമ്പോള്‍ വ്യക്തമാകുന്നത്. കേരളത്തിലെ ഒരു നഗരത്തില്‍വെച്ച്, ഒരു ഐറ്റം ഡാന്‍സറായിരുന്ന സ്ത്രീ ഇത്തരം ശക്തവും ധൈര്യപൂര്‍വുമായ ഒരു നിലപാടെടുക്കുന്നതിനെ കേരളസമൂഹം ഉള്‍ക്കൊള്ളില്ല എന്ന ഭയമായിരിക്കണം കളിമണ്ണ് ബോളിവുഡിലേയ്ക്ക് കളം മാറ്റുവാന്‍ കാരണം. ഓര്‍ത്ത് നോക്കുക, ഒരു മുന്‍കാബറേനര്‍ത്തകിയായ മലയാള സിനിമാനടി മസ്തിഷ്കമരണം സംഭവിച്ചുകഴിഞ്ഞ തന്റെ ഭര്‍ത്താവില്‍നിന്ന് കൃത്രിമമാര്‍ഗത്തിലൂടെ ബീജം സ്വീകരിച്ച് ഗര്‍ഭം ധരിക്കുകയും ഗര്‍ഭാന്തം പ്രസവം ടിവി ചാനലുകളില്‍ക്കൂടി പ്രദര്‍ശിപ്പിക്കുകയും ചെയ്താല്‍ എന്താകുമായിരുന്നു മതാധിഷ്ഠിതയാഥാസ്തിതികതയുടെ കളിത്തട്ടായ കേരളത്തിലെ സാമൂഹ്യാവസ്ഥ? ഒരു വശത്ത് സദാചാരപരവും മറുവശത്ത് അടിസ്ഥാനാവകാശാധിഷ്ഠിതവുമായ ചര്‍ച്ചകളും അതേത്തുടര്‍ന്ന് ഉരുവാകുന്ന സമരങ്ങളും അക്രമങ്ങളുമായി കേരളസമൂഹം വെന്തുരുകിയേനെ! (കളിമണ്ണ് എന്ന ചിത്രത്തിന്റെ പ്രഖ്യാപനവേള മുതല്‍ ഉണ്ടായ രാഷ്ട്രീയപരവും മതപരവും സദാചാരപരവുമൊക്കെയായ വിവിധതരം പുകിലുകള്‍ നാമെല്ലാം കണ്ടതാണ് എന്ന് ഇത്തരുണത്തില്‍ പ്രത്യേകം ഓര്‍മ്മിപ്പിക്കട്ടെ. ജനം കരുതിയതുപോലെ പ്രസവരംഗത്തിന്റെ വിശദമായ ഒരു ചിത്രീകരണവും സിനിമയിലെല്ലെന്ന് ചിത്രം പുറത്തുവന്നതോടെ വ്യക്തമാവുകയും വിവാദങളെല്ലാം കാറ്റ് പോയ ബലൂണുകളായിത്തീരുകയും ചെയ്തത് മറ്റൊരു കാര്യം.) അപ്പോള്‍ അത്തരമൊരു കേരളീയാനുഭവം ചലച്ചിത്രമാക്കിയാല്‍ അത് പ്രേക്ഷകര്‍ അംഗീകരിക്കുകയില്ലെന്നും അതിന്മേല്‍ വിവാദങ്ങള്‍ കൂടുതലുണ്ടാകുമെന്നും റിലീസാനന്തര തിയറ്റര്‍ പ്രശ്നങ്ങള്‍ (പ്രദര്‍ശനങ്ങള്‍ക്കെതിരെയുള്ള സമരങ്ങളും അക്രമങ്ങളും) ചിത്രത്തിന്റെ ബോക്സ് ഓഫിസ് വിജയത്തെ ഒരുപക്ഷേ ബാധിക്കുമെന്നും ആര്‍ട്ടിസ്റ്റിക് യെറ്റ് കൊമേഴ്സ്യല്‍ സംവിധായകനായ ബ്ലെസി മുന്‍കൂട്ടിക്കണ്ടിരിക്കണം. 

പക്ഷേ, കുറച്ചുകൂടി തുറന്നതും ധൈര്യസമേതവുമുള്ള ഒരു നിലപാട് (കേരളപശ്ചാത്തലത്തില്‍ ഇത്തരമൊരു കഥയെന്ന് വ്യംഗ്യം) ഈ ചിത്രത്തിന്റെ ചരിത്രവും അടിസ്ഥാനവും പ്രഖ്യാപിതാജണ്ടയും ആവശ്യപ്പെടുന്നുണ്ട് എന്നത് നിസ്തര്‍ക്കമാണ്. “മറ്റ് സ്ത്രീകളില്‍”ക്കൂടി മാതൃത്വം വിഷയമായ ശക്തമായൊരു ഫെമിനിസ്റ്റ് ചിത്രമെന്നതായിരുന്നു ഉദ്ദേശമെങ്കില്‍, ഒരു മലയാളിവേശ്യയുടെ കൃത്രിമഗര്‍ഭധാരണവും പ്രസവപ്രദര്‍ശനവും വിഷയമാക്കണമായിരുന്നു എന്നതരം ഒരു എക്സ്ട്രീം ചലച്ചിത്രാശയം പോലും മുന്‍പോട്ട് വയ്ക്കാതെ, ചലച്ചിത്രകാരന്റെ എല്ലാ സ്വാതന്ത്ര്യങ്ങളെയും മുന്‍നിര്‍ത്തിയാണ് പറയുന്നതെന്ന് ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിച്ചുകൊണ്ട് പറയട്ടെ, കളിമണ്ണിന്റെ സൃഷ്ടിയില്‍ ഒരു മലയാളചലച്ചിത്രകാരനെന്ന നിലയില്‍, കുറേക്കൂടി തീവ്രവും സത്യസന്ധവും സധൈര്യവുമായ, സമ്പൂര്‍ണമായും കേരളീയമായൊരു സ്ത്രീപക്ഷാനുഭവം കാഴ്ചവയ്ക്കാമായിരുന്നു.

ഇനി, ഒരു സ്ത്രീപക്ഷസിനിമയെന്ന നിലയില്‍ ഈ ചിത്രത്തിന്റെ ഏറ്റവും വലിയ വൈകല്യം ചിത്രത്തിന്റെ ക്ലൈമാക്സിലാണ് വ്യക്തമാകുന്നത്. ഏറ്റവും വിചിത്രം, ഫെമിനിസ്റ്റ് ആശയമെന്ന നിലയിലാണ് ചിത്രം ആ വൈകല്യത്തെ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത് എന്നതാണ്. തന്നെ കൊത്തിപ്പറിക്കുവാനെത്തുന്ന മാധ്യമ, സാമൂഹ്യ പ്രതിനിധികളോട് നായികയും നായികയിലൂടെ സംവിധായകനും ചോദിക്കുന്നത് സ്ത്രീയെ എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് അമ്മയും പെങ്ങളുമായി കാണാനാകുന്നില്ല എന്നാണ്. സ്ത്രീയെ അമ്മയും പെങ്ങളും മാത്രമായി കാണാന്‍ ശ്രമിക്കണമെന്ന് കരുതുന്നതില്‍ രാഷ്ട്രീയ, സാമൂഹിക, ലൈംഗിക, പ്രത്യുല്‍പ്പാദന, മാനസികതലങ്ങളിലെല്ലാം വ്യാപിച്ചുകിടക്കുന്ന ഒരു ശരികേടുണ്ട്. മേല്‍പ്പറഞ്ഞതാണ് ശരിയായ സ്ത്രീത്വാംഗീകരണമെന്ന് വിചാരിക്കുന്ന എല്ലാ അഭിനവഫെമിനിസ്റ്റുകളും മനസിലാക്കേണ്ടുന്ന ആ ശരികേട് ഇതാണ്; സ്ത്രീയെ അമ്മയും പെങ്ങളുമായല്ല കാണാന്‍ പഠിക്കേണ്ടത്. മറിച്ച്, പുരുഷനെപ്പോലെ തന്നെ മജ്ജയും മാംസവും മനസുമുള്ള, വികാരവിചാരങ്ങളെല്ലാമുള്ള ഒരു മനുഷ്യനായിവേണം ആദ്യം സ്ത്രീയെ കാണാന്‍. അങ്ങനെമാത്രമേ സ്ത്രീയെ സംബന്ധിച്ച അടിസ്ഥാനവീക്ഷണം ഉയിര്‍കൊള്ളാവൂ. പിന്നീട് വരുന്നതാണ് അമ്മ, പെങ്ങള്‍, മകള്‍ ഇത്യാദിയായ കര്‍തൃത്വങ്ങളൊക്കെത്തന്നെ. അവ അവകാശപ്പെട്ടവരില്‍ മാത്രം ആരോപിക്കുകയും പൂര്‍വപരാമര്‍ശിതസാമാന്യവല്‍ക്കരണം അവസാനിപ്പിക്കുകയും ചെയ്യുന്നിടത്താണ് പുരുഷന്‍ പുരുഷനും മനുഷ്യനുമാകുന്നത്. സ്ത്രീ പുരുഷനെപ്പോലെ തന്നെ മനുഷ്യരാശിയും ഭരണഘടനയും വാഗ്ദാനം ചെയ്യുന്ന, അടിസ്ഥാനവും വിശാലവുമായ എല്ലാത്തരം അവകാശങ്ങള്‍ക്കും അര്‍ഹതയുള്ള വ്യക്തിയാണ്. പുരുഷന് താഴെയോ മുകളിലോ അല്ല അവളുടെ സ്ഥാനം, അവനൊപ്പമാണ്. ഈ വീക്ഷണത്തിന്റെ മണ്ണിലാണ് ഫെമിനിസം വേരോടിയിരിക്കുന്നത്. അതുകൊണ്ട് ഇത് നിലപാടുതറയാക്കിവേണം സ്ത്രീസമത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി വാദിക്കുന്ന ഓരോ വ്യക്തിയും തന്റെ ചിന്താധാര രൂപപ്പെടുത്തേണ്ടത്.

അവിടെയാണ് ഒരു സ്ത്രീപക്ഷസിനിമയെന്ന നിലയില്‍ കളിമണ്ണിന് ഏറ്റവും വലിയ പിഴവ് പറ്റിയത്. യഥാര്‍ത്ഥത്തില്‍ ഫെമിനിസ്റ്റ് പ്രത്യയശാസ്ത്രം എന്നനിലയില്‍ കളിമണ്ണ് മുന്‍പിലേയ്ക്ക് വെച്ചത് പുരുഷകേന്ദ്രീകൃത ഇന്ത്യന്‍ സമൂഹത്തിന്റെ പരമ്പരാഗത ചിന്താഗതി തന്നെയായിരുന്നു. മാതാവ്, സഹോദരി എന്നീ പദവികളെ അവ ആവശ്യപ്പെടുന്നതിലുമധികം വിശുദ്ധമാക്കുകയും അതുവഴി ഇന്ത്യന്‍ സാമൂഹ്യവ്യവസ്ഥിതിയുടെ അടിസ്ഥാനശിലയായ യാഥാസ്ഥിതികകുടുംബസങ്കല്‍പ്പത്തെ അരക്കിട്ടുറപ്പിക്കുകയുമാണ് കളിമണ്ണില്‍ക്കൂടി ബ്ലെസി ചെയ്തത്. മാതാവും സഹോദരിയുമല്ലാത്ത സ്ത്രീയോട് എന്ത് അക്രമവും പ്രവര്‍ത്തിക്കാമെന്ന പെര്‍വെര്‍ട്ടഡ് പുരുഷമനോഗതി അപ്പോഴും പരുക്കേല്‍ക്കാതെ വിദഗ്ദ്ധമായും രഹസ്യമായും രക്ഷപെടുന്നു. ഒപ്പം, മാതൃത്വത്തിന്റെ അമിതമായ ശ്രേഷ്ഠവല്‍ക്കരണം അതേ ഇന്ത്യന്‍ യാഥാസ്ഥിതികത്വത്തെയും സ്ത്രീവിരുദ്ധതയെയും നല്ലൊരു പരിധിവരെ പിന്താങ്ങുകയും ചെയ്യുന്നുണ്ട്. മാതൃത്വം മഹത്തരമല്ല എന്നല്ല ഇതിനര്‍ഥം. എല്ലാ ജീവജാലങ്ങളിലുമെന്ന പോലെ മനുഷ്യനിലും മാതൃത്വത്തിന് അതിന്റേതായ സ്വകാര്യനിര്‍വൃതികളും വേദനകളും മഹത്വവുമുണ്ട്. എന്നാല്‍ മാതൃദൈവം എന്ന പ്രത്യക്ഷത്തില്‍ വളരെ ശ്രേഷ്ഠമായിത്തോന്നുന്ന ഭാരതീയസങ്കല്‍പ്പത്തിന്റെ പിന്നില്‍ ഒളിഞ്ഞുകിടക്കുന്ന ചില പ്രതിലോമതകളെ, മാനുഷികവിരുദ്ധതകളെ കാണാതിരിക്കുവാന്‍ സാധ്യമല്ല എന്ന് മാത്രമാണ് പറയുവാനുള്ളത്. ആ സ്ത്രീവിരുദ്ധതകളെ, കുറെക്കൂടി വിശാലവും കൃത്യവുമായ അര്‍ഥത്തില്‍ പറഞ്ഞാല്‍ മാനുഷികവിരുദ്ധതകളെ പരോക്ഷമായെങ്കിലും കളിമണ്ണെന്ന, സ്ത്രീപക്ഷചിത്രമെന്ന് അവകാശപ്പെടുന്ന സിനിമയും അതിന്റെ സംവിധായകനും ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്.

വാല്‍ക്കഷ്ണം: ആദിവാസികള്‍ കഥാപാത്രങ്ങളായ ഒരുപാട് സിനിമകള്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ ഇന്നും, ബ്ലെസിയേപ്പോലെ ശക്തമായ ധിഷണയും ചിന്തകളും അനുഭവങ്ങളുമുള്ള ഒരു സംവിധായകനുപോലും കേരളത്തിന്റെ ആദിവാസിയെന്നാല്‍ തമിഴ് മാത്രം സംസാരിക്കുന്നവരാണെന്നത് അത്ഭുതപ്പെടുത്തുന്നു! ഊരുകളില്‍പ്പോയി അനുഭവം സമ്പാദിക്കേണ്ടതില്ല, ഏറ്റവും കുറഞ്ഞത് വാര്‍ത്താചാനലുകളിലും ഡോക്യുമെന്ററികളിലുമെങ്കിലും നമ്മുടെ തിരക്കഥാകൃത്തുക്കള്‍ യഥാര്‍ഥ കേരളീയ ആദിവാസികളെ കണ്ടിട്ടില്ലാത്തത് എന്തുകൊണ്ടാണ്?