2012, ജൂലൈ 3, ചൊവ്വാഴ്ച

വാടിക്കൊഴിയുന്ന മൃദുലസ്വപ്നങ്ങള്‍ : ചില വിദ്യാലോകവികൃതികള്‍

ഇന്ത്യന്‍ വിദ്യാഭ്യാസരംഗം ഒരിക്കലുമില്ലാത്ത  വിധം പുരോഗതിയാര്‍ജിക്കുന്ന കാലമാണിത്. ഹൈ ക്വാളിറ്റി - ഉന്നതവിദ്യാഭ്യാസം ലഭിക്കുന്ന യുവാക്കളുടെ ശതമാനം അത്ഭുതകരമായ രീതിയില്‍ വര്‍ധിച്ചിരിക്കുന്നു. രാജ്യത്ത് പുതുതായി ആരംഭിച്ച ഉന്നതവിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങളും സര്‍വ്വകലാശാലകളും അവയിലെ എണ്ണിയാലൊടുങ്ങാത്ത പുതിയ പഠനശാഖകളും ഈ വളര്‍ച്ചയില്‍ കാര്യമായ പങ്ക്  വഹിക്കുന്നുണ്ട്. പക്ഷേ ഈ വളര്‍ച്ചയുടെ മറ്റ് ചില വശങ്ങളിലേയ്ക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാനാണ് ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്. ആദ്യമേ പറയട്ടെ, ഒരു ലേഖനം എന്നതിലുപരി ഇതൊരു നിവേദനമാണ്, പരാതിയാണ്, ആത്മവിലാപമാണ്.

ന്യൂ ജനറേഷന്‍ കോഴ്സുകള്‍ തീര്‍ക്കുന്ന രാവണന്‍കോട്ടകള്‍
    ഇന്ന് നമ്മുടെ നാട്ടിലെ കോളേജുകളില്‍ ഒരുപാട് പുതുതലമുറ പഠനശാഖകള്‍ ലഭ്യമാണ്. ഏതാണ്ട് ഒരു പതിനഞ്ച്  വര്‍ഷങ്ങളില്‍ ഒട്ടുംകൂടില്ല “ന്യൂ ജനറേഷന്‍ കോഴ്സ് ബൂം” എന്ന ഈ അവസ്ഥാവിശേഷം സംജാതമായിട്ട്.ബയോടെക്നോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി തുടങ്ങിയ ന്യൂ ജനറേഷന്‍ കോഴ്സുകള്‍ “ജനറല്‍ , മെഡിക്കല്‍ , ഇന്‍ഡസ്ട്രിയല്‍ , അപ്പ്ലൈഡ്” തുടങ്ങി നേരിയ വ്യത്യാസങ്ങളോടെ പൊട്ടിത്തെറിച്ച് അവതരിക്കുകയാണ് ഉണ്ടായത്. മുഖ്യധാരാമാധ്യമങ്ങള്‍ മേല്‍പ്പറഞ്ഞതരം കോഴ്സുകളെ വാനോളം പുകഴ്ത്തിയെഴുതി. വിദ്യാഭ്യാസവിദഗ്ദ്ധരും സര്‍വ്വകലാശാലാവൈസ്ചാന്‍സലര്‍മാരും അവയുടെ അനന്തസാധ്യതകളെക്കുറിച്ച് നീണ്ട ലേഖനങ്ങള്‍ എഴുതി.എവിടെത്തിരിഞ്ഞ് നോക്കിയാലും പുതിയ കോഴ്സുകള്‍ ! അനന്തസാധ്യതകള്‍ !

    പ്ലസ് ടു കഴിഞ്ഞിറങ്ങുന്ന, മെഡിക്കല്‍ / എഞ്ചിനീയറിംഗ് പ്രവേശനപ്പരീക്ഷകളില്‍ വിജയിക്കാത്തവരും ആ മേഖലകളില്‍ താല്പര്യമില്ലാത്തവരുമായ മിടുക്കരായ ഒരുപാട് കുട്ടികള്‍ മേല്‍പ്പറഞ്ഞ “സ്പെഷ്യല്‍“ കോഴ്സുകളിലേയ്ക്ക് മുന്നും പിന്നും നോക്കാതെ എടുത്തുചാടുകയുണ്ടായി. മാധ്യമങ്ങളും ലേഖനങ്ങളും അവര്‍ക്ക് പ്രചോദനമായിത്തീര്‍ന്നു. കോഴ്സിന്റെ ഗുണദോഷങ്ങളെക്കുറിച്ച് ഒരു അഭിപ്രായമോ ഉപദേശമോ ലഭിക്കാന്‍ അവര്‍ക്ക് മുന്‍പില്‍ പഠിച്ച് ഉദ്യോഗത്തിന് പോയ സീനിയേഴ്സ് ഇല്ലായിരുന്നു എന്നതും ആ എടുത്തുചാട്ടത്തിന് ഒരു കാരണമായി തീര്‍ന്നു. കാരണം അവരായിരുന്നു ആ കോഴ്സുകളുടെ ആദ്യതലമുറവിദ്യാര്‍ഥികള്‍. അവര്‍ കേട്ടതാകട്ടെ സുന്ദരസുരഭിലസ്വപ്നങ്ങളുടെ കാഹളങ്ങള്‍ മാത്രം.

    മികച്ച രീതിയില്‍ നാട്ടിലും മറ്റ് സംസ്ഥാനനഗരികളിലുമായി പഠനം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയവരെ കാത്തിരുന്നത് പക്ഷേ അവരുടെ ബിരുദാനന്തരബിരുദത്തിന്റെയും, കഠിനമായ വിദ്യാഭ്യാസതപസ്യയുടെയും, സുദീര്‍ഘങ്ങളായ നിദ്രാവിഹീനവര്‍ഷങ്ങളുടെയും ഭാരത്തിന് നിരക്കാത്ത, ചെറിയ വരുമാനം മാത്രമുള്ള ജോലികളായിരുന്നു. ഉദാഹരണമായി മൈക്രോബയോളജി ബിരുദാനന്തരബിരുദമെടുത്തവര്‍ക്ക് നാട്ടിലെ വലിയൊരു ഉദ്യോഗസ്രോതസ് ആശുപത്രികളാണ്. ആശുപത്രികളില്‍ / ലാബുകളില്‍ മൈക്രോബയോളജിസ്റ്റുകളായി ജോലിയ്ക്ക് കയറുന്ന ഒരു ബിരുദാ‍നന്തരബിരുദധാരിയ്ക്ക് ലഭിക്കുന്നത് ആറായിരമോ എട്ടായിരമോ രൂപയാണ്. ഗവേഷണരംഗത്ത് കരാറടിസ്ഥാനത്തില്‍ ലഭിക്കുന്ന അവസരങ്ങള്‍ (പ്രധാനമായും ഫെലോഷിപ്പുകള്‍) ആണ് മറ്റൊരു പ്രധാന മേഖല. അതും സ്ഥിരതയില്ലാത്ത വരുമാനങ്ങളാണ്. ഇന്നത്തെ കാലത്ത് ഒരു കുടുംബത്തിന് കഴിയുവാന്‍ ഈ അരക്ഷിത-സാമ്പത്തികസാഹചര്യങ്ങള്‍ മതിയാകുമോ എന്നത് ചിന്തനീയമാണ്. പ്രത്യേകിച്ചും ഭൂരിപക്ഷം വിദ്യാര്‍ഥികളും ലോണെടുത്താണ് ഈ ഉന്നതവിദ്യാഭ്യാസകോഴ്സുകള്‍ പഠിച്ചതെന്നും പഠനം കഴിഞ്ഞ് ലക്ഷങ്ങളുടെ കടക്കാരായാണ് അവര്‍ വിദ്യാലയങ്ങള്‍ക്ക് പുറത്തിറങ്ങുന്നതെന്നുമുള്ള വസ്തുത കണക്കിലെടുക്കുക. യൌവ്വനത്തിന്റെ പാതിയെത്തിയ  അവര്‍ക്ക് ലോണുകള്‍ തിരിച്ചടയ്ക്കണ്ടേ? വിവാഹം കഴിക്കുകയും കുടുംബം പോറ്റുകയും ചെയ്യണ്ടേ?

    ഇനി വരുമാനം കൂടുതല്‍ വേണമെന്നുള്ളവര്‍  മറ്റ് കമ്പനിജോലികള്‍ക്ക് പോകണം. പക്ഷേ സര്‍ക്കാറും മറ്റും സഹായിച്ച് നമ്മുടെ നാട്ടില്‍ അങ്ങനെയുള്ള കമ്പനികള്‍ വിരലിലെണ്ണാന്‍ പോലുമില്ല. ജീവിക്കാന്‍ പണമാവശ്യമുള്ളവന്‍ വീണ്ടും നാടും വീടും വിട്ട് ബാംഗ്ലൂര്‍ , മുംബൈ തുടങ്ങിയ വിദൂരനഗരങ്ങളില്‍ ചേക്കേറുകയേ നിവര്‍ത്തിയുള്ളു. അല്ലെങ്കില്‍ അതിനുമപ്പുറം അതിവിദൂരപാശ്ചാത്യരാജ്യങ്ങളില്‍ പോകണം കൂടുതല്‍ വേഗത്തില്‍ കൂടുതല്‍ ശക്തമായ സാമ്പത്തിക ഭദ്രത നേടാന്‍. അതിനും പക്ഷേ കടമ്പകള്‍ ഏറെ.

    മേല്‍പ്പറഞ്ഞ വിവരങ്ങള്‍ ഒരു രാവണന്‍ കോട്ടയുടെ പൂമുഖത്താണ് നിങ്ങളെ നിര്‍ത്തിയിരിക്കുന്നത്. അതിന്റെ ഉള്ളറകള്‍ വഴിയെ കൂടുതല്‍ വിശദീകരിക്കാം.

കരിഞ്ഞുപോകുന്ന ചില സൌമ്യസ്വകാര്യസ്വപ്നങ്ങള്‍
    എല്ലാ ജോലികള്‍ക്കും അതിന്റേതായ മാന്യതയുണ്ട് എന്നത് ശരി തന്നെ. പക്ഷേ എല്ലാവര്‍ക്കും എന്തെങ്കിലും ചില ആത്യന്തികസ്വപ്നങ്ങളും കാണുമല്ലോ. മൈക്രോബയോളജിയില്‍ ബിരുദാനന്തരബിരുദം നേടിയ, അധ്യാപകനാവുക എന്ന സ്വപ്നം പേറുന്ന, എന്റെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ചിലത് പറയട്ടെ. ജീവശാസ്ത്രരംഗത്ത് അധ്യാപകനാവാന്‍ ബിരുദാനന്തരബിരുദവും “നെറ്റ്” യോഗ്യതയും ഒരിക്കലും യോഗ്യതകളേ ആവുന്നില്ല. ഗവേഷണബിരുദധാരികള്‍ വരെ ഈ മേഖലയില്‍ സ്ഥിരം തൊഴിലില്ലാതെ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്ത് ജീവിക്കുകയാണ്. അവരുടെ എണ്ണമോ മറ്റൊരു ശാസ്ത്രശാഖയിലുമില്ലാത്തവിധം ഭീമമാണ്. കാരണം ഇത്രയേറെ ശാഖോപശാഖകള്‍ ഉള്ള മറ്റൊരു ശാസ്ത്രമേഖല വേറെ ഇല്ലയെന്നത് തന്നെ. അവരില്‍ത്തന്നെ ഏറ്റവും മികവ് തെളിയിക്കുന്ന വളരെ ചെറിയൊരു വിഭാഗം ഉപരിപഠനത്തിനും ഗവേഷണത്തിനും ജോലിയ്ക്കുമായി വിദേശങ്ങളിലേയ്ക്ക് വിമാനം കയറുന്നു. മറ്റ് ശാസ്ത്രമേഖലകളിലും സ്ഥിതി ഒരുപാടൊന്നും മെച്ചമാണെന്ന് കരുതാന്‍ നമുക്കാവില്ല.

    ഇനി ഒരു കോളജ് അധ്യാപകനാകാമെന്ന സ്വപ്നത്തിന് പുറകെ പോകാമെന്ന് വിചാരിച്ചാല്‍ കേരളത്തില്‍ ഒരു കോളജിലും മൈക്രോബയോളജി, ബയോടെക്നോളജി തുടങ്ങിയ ന്യൂ ജനറേഷന്‍ കോഴ്സുകള്‍ റഗുലറൈസ് ചെയ്തിട്ടില്ല. അതിനാല്‍ത്തന്നെ കേരളത്തില്‍ ഒരു ആര്‍ട്ട്സ് & സയന്‍സ് കോളജില്‍പ്പോലും ഇങ്ങനെയുള്ള വിഷയങ്ങളില്‍ സ്ഥിരാധ്യാപകനിയമനം ഇല്ല! എല്ലാം ഗസ്റ്റ് ലക്ചേഴ്സ് മാത്രം. മണിക്കൂറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന അവരുടെ വരുമാനം അയ്യായിരമോ എണ്ണായിരമോ വരെ മാത്രം.

    പിന്നെ അധ്യാപകജോലിയ്ക്ക് സാധ്യത ഉള്ളത് ഗവേഷണസ്ഥാപനങ്ങളിലും യൂണിവേഴ്സിറ്റികളിലുമാണ്. പക്ഷേ ഒരു യൂണിവേഴ്സിറ്റിവിദ്യാര്‍ഥി ആയിരുന്ന എനിക്ക് വ്യക്തമായറിയാം, നിങ്ങളുടെ നെറ്റും പിഎച്ച്ഡിയും പോസ്റ്റ് ഡോക്ടറല്‍ ഗവേഷണപരിചയവുമൊന്നും പോര അവിടെ  അധ്യാപകതസ്തികകളില്‍ നിയമനം ലഭിക്കുവാന്‍. പണമെറിഞ്ഞാലും അത് കിട്ടുകയില്ല. പിന്നെയോ? അതിന് പിടിപാട് വേണം; മന്ത്രിതലത്തില്‍! അതും സംസ്ഥാനമന്ത്രിമാര്‍ പോരാ, കേന്ദ്രമന്ത്രിമാരെങ്കിലും വേണം. എങ്കിലും കിട്ടാന്‍ പാടാണ്. കാരണം ഒരു സ്ഥാനത്തിനുവേണ്ടി ശുപാര്‍ശ ചെയ്യുന്നത് പലര്‍ക്ക് വേണ്ടിയും പല മന്ത്രിമാരായിരിക്കും. അപ്പോള്‍ രാഷ്ട്രീയസ്വാധീനവും പണവുമില്ലാത്ത ഒരു സാധാരണ മലയാളിയുവാവിന് മുന്‍പില്‍ ആ വഴിയും അടയുന്നു.

    എന്നാല്‍പ്പിന്നെ ഹയര്‍സെക്കണ്ടറി സ്ക്കൂളുകളിലോ സെക്കണ്ടറി സ്ക്കൂളുകളിലോ അധ്യാപകനാകാമെന്ന് കരുതുക. അവിടെയെത്തുമ്പോള്‍ പക്ഷേ പരമ്പരാഗത സുവോളജി, ബോട്ടണി ബിരുദധാരികള്‍ക്കാണ് പച്ചക്കൊടി ലഭിക്കുക. മൈക്രോബയോളജി പോലുള്ള ജീവശാസ്ത്ര കോഴ്സുകള്‍ പഠിച്ച ബിരുദാനന്തരബിരുദധാരികള്‍ക്ക് സ്ക്കൂള്‍ തലത്തില്‍ ജീവശാസ്ത്രം പഠിപ്പിക്കുവാനുള്ള യോഗ്യത പോലും നമ്മുടെ അധികാരികള്‍ കല്‍പ്പിക്കുന്നില്ല. അറിയുക, വിദ്യ പകര്‍ന്നുനല്‍കുന്നതിന്റെ മഹിമ തിരിച്ചറിഞ്ഞ് അത് ഒരു ആവേശം പോലെ മനസ്സില്‍ താലോലിക്കുന്ന മനുഷ്യരുടെ മുന്‍പില്‍ ആശകളുടെയും ആദര്‍ശങ്ങളുടെയും വാതിലുകള്‍ കൊട്ടിയടയ്ക്കപ്പെടുന്നതിങ്ങനെയൊക്കെയാണ്.  ഒരു സ്വപ്നം ഇരുളടഞ്ഞ് പോകുന്നതെങ്ങനെയെന്ന് നിങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ടോ? അതും ഒരു മുഴുവന്‍ തലമുറയുടെ സ്വപ്നങ്ങള്‍?

    ഇനിയും കോളജില്‍ പോയി സുവോളജിയിലോ ബോട്ടണിയിലോ ഒരു റഗുലര്‍ ബിരുദാനന്തരബിരുദം സമ്പാദിക്കുവാനുള്ള സാഹചര്യങ്ങള്‍ എന്നേ അന്യമായിക്കഴിഞ്ഞ എനിക്ക് സാഹിത്യത്തോടും ഭാഷയോടുമുള്ള താല്പര്യം മുന്‍നിര്‍ത്തി, ജോലിയ്ക്കൊപ്പം കൊണ്ടുപോകാന്‍ കഴിയുന്ന രീതിയില്‍ മലയാളസാഹിത്യത്തിലോ ഇംഗ്ലീഷ് സാഹിത്യത്തിലോ ഒരു ബിരുദാനന്തരബിരുദം നേടുവാന്‍ ആകുമോ? മിക്കവാറും ഇല്ല എന്ന് തന്നെയാണ് ഉത്തരം. അതിനുകാരണം ഞാന്‍ പഠിച്ച ന്യൂ ജനറേഷന്‍ കോഴ്സിന്റെ ഘടനയാണ്. മറ്റ് പരമ്പരാഗത ബിരുദങ്ങളെപ്പോലെ ഇവയ്ക്ക് ആദ്യ രണ്ടുവര്‍ഷങ്ങളില്‍ പഠിപ്പിക്കുന്ന ഒന്നാം ഭാഷയും രണ്ടാം ഭാഷയുമില്ല. ഒന്നാം വര്‍ഷം പഠിക്കുന്ന  കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് മാത്രം. അത് ഒരു യൂണിവേഴ്സിറ്റിയും ബിരുദാനന്തരബിരുദഭാഷാപഠനത്തിന് യോഗ്യതയായി പരിഗണിക്കുന്നുമില്ല.

    ഇനി എങ്ങനെയെങ്കിലും ഏതെങ്കിലും വിഷയത്തില്‍ ഒരു പരമ്പരാഗത ബിരുദം സ്വകാര്യമായോ വിദൂരവിദ്യാഭ്യാസം  വഴിയോ നേടിയെന്ന് വയ്ക്കുക. അതുമായി കേരള പി.എസ്.സിയുടെ മുന്‍പില്‍ ചെന്നാല്‍ അവര്‍ പറയും മാറിനില്‍ക്കുക എന്ന്. കാരണം കേരള കോളേജിയറ്റ് അധ്യാപകനിയമനത്തിലും സ്ക്കൂള്‍ അധ്യാപകനിയമനത്തിലും കോളേജുകളിലോ യൂണിവേഴ്സിറ്റികളിലോ ഒരു റഗുലര്‍ ബിരുദ കോഴ്സിന് ചേര്‍ന്ന് പഠിച്ചവരെ മാത്രമേ നിയമനത്തിനായി ആദ്യം പരിഗണിക്കുകയുള്ളു. അതിന് ശേഷമേ പ്രൈവറ്റ് / ഡിസ്റ്റന്റ് ഡിഗ്രിക്കാരെ പരിഗണിക്കു. വിളവുള്ള തെങ്ങുകളെക്കാള്‍ എണ്ണത്തില്‍ കൂടുതല്‍ ബിരുദാനന്തരബിരുദധാരികളുള്ള ഇന്നത്തെ കേരളത്തില്‍ ഒരു സ്വകാര്യബിരുദക്കാരന് അങ്ങനെയൊരു അവസരം ലഭിക്കുമെന്ന് കരുതുന്നുണ്ടോ നിങ്ങള്‍?

    ഫലത്തില്‍ കോഴ്സുകളുടെ മഹാപ്രളയത്തില്‍ , തിരിച്ചറിവില്ലാത്ത പ്രായത്തില്‍, ഗുണദോഷവിശകലനസഹിതമായ മാര്‍ഗനിര്‍ദേശങ്ങളുടെ അഭാവത്തില്‍ ന്യൂ ജനറേഷന്‍ കോഴ്സുകളില്‍ എത്തിപ്പെടുന്ന കുട്ടികള്‍ക്ക് മികച്ച ജീവിതസാഹചര്യത്തിനായി നാട്ടില്‍ നിന്ന് അകന്ന്, ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള അന്യദേശങ്ങളില്‍ ജീവിക്കേണ്ടി വരുന്നു. കോര്‍പ്പറേറ്റ് ജീവിതങ്ങളെ പ്രണയിക്കുന്നവര്‍ മാത്രം ഈ ലോകത്തെ ആസ്വദിക്കുകയും വിജയിക്കുകയും ചെയ്യുന്നു. അവശേഷിക്കുന്ന ലക്ഷക്കണക്കിന് യുവാക്കളില്‍ നല്ലൊരു പങ്കിന്റെ സൌമ്യസ്വപ്നങ്ങള്‍ രാവണന്‍കോട്ടയില്‍ അകപ്പെട്ടതുപോലെ ആ മേഖലകളുടെ പരിമിതമായ നാലുചുവരുകള്‍ക്കുള്ളില്‍ തന്നെ ചുറ്റിത്തിരിഞ്ഞ് വാടിക്കരിയുന്നു.

    ഈ ഇരുളടഞ്ഞ സ്വപ്നങ്ങളുടെ നടുവിലിരുന്ന് ഗുണദോഷിക്കുവാന്‍ അനുഭവസ്ഥര്‍ ഇന്നുണ്ടായതിന്റെ അനന്തരഫലമാണ് കഴിഞ്ഞ ദിവസം പത്രങ്ങളില്‍ വന്ന ഒരു വാര്‍ത്ത. പുതിയ അധ്യയന വര്‍ഷത്തില്‍ പരമ്പരാഗത ആര്‍ട്ട്സ് & സയന്‍സ് ബിരുദക്കോഴ്സുകള്‍ക്ക് പ്രിയമേറുന്നു എന്നതാണ് ആ വാര്‍ത്ത, കുട്ടികള്‍ വീണ്ടും ഇംഗ്ലീഷും ഹിസ്റ്ററിയും കണക്കും സുവോളജിയുമൊക്കെ പഠിക്കുവാന്‍ ധൈര്യവും ആവേശവും കാട്ടുന്നു. അത് ഒരു തിരിച്ചറിവിന്റെ പിന്‍ബലത്തിലാണ്. ഓര്‍ക്കുക, പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുവോളജി പോലുള്ള ബിരുദക്കോഴ്സുകളില്‍ കേരളത്തിലെ ഓരോ കോളേജിലും വിദ്യാര്‍ഥികളുടെ സംഖ്യ  പലപ്പോഴും പത്തില്‍ താഴെ മാത്രമായിരുന്നു.

    ഇനി പറയു, ന്യൂ ജനറേഷന്‍ കോഴ്സുകള്‍ സൃഷ്ടിക്കുന്ന വിദ്യാഭ്യാസവിദഗ്ദ്ധരും അവയ്ക്ക് അനുമതി നല്‍കുന്ന സര്‍ക്കാറുകളും ആ കോഴ്സുകള്‍ക്കു ശേഷം വിദ്യാര്‍ഥികളുടെ അവസ്ഥയെന്ത് എന്ന് അന്വേഷിക്കാന്‍ ബാധ്യസ്ഥരല്ലേ? അങ്ങനെയുള്ള കോഴ്സുകള്‍ പഠിച്ചിറങ്ങുന്നവര്‍ക്ക് മറ്റ് പരമ്പരാഗത കോഴ്സുകള്‍ നിഷിദ്ധമാക്കുന്ന യൂണിവേഴ്സിറ്റി നിയമങ്ങള്‍ക്കാണോ കുഴപ്പം അതോ മറ്റ് കോഴ്സുകള്‍ക്ക് ആ ബിരുദങ്ങളെ യോഗ്യതയല്ലാതാക്കിത്തീര്‍ക്കുന്ന രീതിയില്‍ അവയുടെ ഘടനയെ നിര്‍വ്വചിച്ച നമ്മുടെ വിദ്യാഭ്യാസവിദഗ്ദ്ധര്‍ക്കോ കുഴപ്പം?  പ്രത്യേക ബിരുദങ്ങള്‍ നേടിയ യുവാക്കളെ സംബന്ധിച്ചിടത്തോളം നാട്ടിലെ ഏറ്റവും വിശാലമായ തൊഴില്‍മേഖലകളിലൊന്നായ അദ്ധ്യാപനമേഖല അവര്‍ക്ക് അന്യമായിത്തീരുന്ന അവസ്ഥാവിശേഷം സംജാതമാക്കിയ ഗവണ്മെന്റുകള്‍ ഒരിക്കലും മാപ്പര്‍ഹിക്കുന്നില്ല. നമ്മുടെ മാനവശേഷി വിദേശങ്ങള്‍ക്ക് ചൂഷണം ചെയ്യുവാനുള്ളതല്ല എന്ന് ഓരോ ഭരണകര്‍ത്താക്കളും മനസിലാക്കേണ്ടതുണ്ട്.

ബാഗ്പൈപ്പറും നമ്മുടെ കുട്ടികളും
    മേല്‍പ്പറഞ്ഞ ന്യൂ ജനറേഷന്‍ കോഴ്സുകളുടെ ആവിര്‍ഭാവകാലയളവില്‍ തന്നെയാണ് “നഴ്സിംഗ് ബൂം” എന്ന സംഗതിയും ഉണ്ടായത്. മാലാഖമാരെ  ബി.എസ്.സി നഴ്സിംഗും ജനറല്‍ നഴ്സിംഗും പഠിപ്പിക്കുവാന്‍ നഴ്സിംഗ് സ്ക്കൂളുകള്‍ നാടൊട്ടുക്കും ആരംഭിച്ചു. കേരളത്തിലെ കുട്ടികളായ കുട്ടികളെല്ലാം ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ബാംഗ്ലൂരും മദിരാശിയിലുമൊക്കെ നഴ്സ് പഠനത്തിന് പോയി. ശാസ്ത്രജ്ഞരും എഞ്ചിനീയേഴ്സുമൊക്കെ ആകേണ്ടിയിരുന്ന “അതിബുദ്ധിയുള്ള” കുട്ടികളും ആ ഒഴുക്കില്‍ പെട്ട് ബിരുദപഠനങ്ങള്‍ പാതിവഴിയിലിട്ടുപോലും ഒരു സ്വപ്നത്തിന്റെ പിറകെ വലിയ പട്ടണങ്ങളിലേയ്ക്ക് വണ്ടി കയറി. പലരും നിര്‍ധനരായിരുന്നു. ധനമുള്ള കുട്ടികള്‍ പോലും ലോണെടുത്താണ് ചിലവേറിയ ആ കോഴ്സുകള്‍ പഠിച്ചത്. അപ്പോള്‍ പണമില്ലാത്ത കുട്ടികളുടെ കാര്യം പറയേണ്ടതുണ്ടോ? അവരും വാശിക്ക് ലോണെടുത്ത് പഠിച്ചു.

    ഇന്ത്യയില്‍ കൂണുപോലെ മുക്കിനും മൂലയിലും കാണാവുന്ന സ്ഥാപനങ്ങളാണ് ആശുപത്രികള്‍. പഠനമൊക്കെ കഴിഞ്ഞ് ഈ ആശുപത്രികളില്‍ ജോലിക്ക് കയറിയ കുട്ടികള്‍ക്ക് മിച്ചമെന്താണ്? രാത്രിയെന്നും  പകലെന്നുമില്ലാതെയുള്ള കഠിനാധ്വാനവും അവരുടെ പഠനച്ചിലവിനോടും പഠനാധ്വാനത്തിനോടും ചിലവിട്ട വര്‍ഷങ്ങളോടും യാതൊരു തരത്തിലുള്ള നീതിയും പുലര്‍ത്താത്തവിധം തുലോം തുച്ഛമായ വരുമാനവും! ലക്ഷങ്ങള്‍ ലോണെടുത്ത് പഠിച്ച ഒരു നഴ്സിന് രണ്ടായിരമോ മൂവായിരമോ രൂപ മെട്രോ സിറ്റികളിലോ സാധാരണ നഗരങ്ങളിലോ പോലും ഇന്ന് ജീവിക്കാന്‍ തികയുന്ന വരുമാനമല്ല. അങ്ങനെയുള്ളപ്പോള്‍ അവര്‍ക്ക് എങ്ങനെയാണ് ലക്ഷങ്ങളുടെ ലോണ്‍ അടച്ചുതീര്‍ക്കാന്‍  ഒരു ഇന്ത്യന്‍ സാഹചര്യത്തില്‍ നിന്നുകൊണ്ട് സാധിക്കുക? സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിക്കുന്ന നഴ്സുകള്‍ക്ക് മാത്രമാണ് മാന്യമായ ശമ്പളം ലഭിക്കുന്നത്. പക്ഷേ പഠിച്ചിറങ്ങുന്ന കുട്ടികളുടെ എണ്ണവും സര്‍ക്കാര്‍ സര്‍വീസിലെ ഒഴിവുകളുടെ എണ്ണവും തമ്മിലുള്ള വ്യത്യാസം അജഗജാന്തരം എന്ന ഉപമയേക്കാള്‍ എത്രയോ ഭീമമാണ്.

    പഠിത്തം പൂര്‍ത്തിയാക്കുന്ന നഴ്സിംഗ് വിദ്യാര്‍ഥികളില്‍ പലരും എങ്ങനെയെങ്കിലും രണ്ടുമൂന്ന് വര്‍ഷങ്ങള്‍ നാമമാത്രശമ്പളവുമായി നാട്ടില്‍ പിടിച്ച് നിന്നിട്ട് ആ പ്രവൃത്തിപരിചയപത്രവുമായി എത്രയും പെട്ടെന്ന് വിദേശം പറ്റാന്‍ ശ്രമിക്കുന്നു. അവിടുത്തെ സമ്പന്നത മാത്രമാണിനി തങ്ങള്‍ക്ക് ആശ്രയമെന്ന ചിന്തയില്‍. അതിനും പക്ഷേ ഭാഷാപരീക്ഷകള്‍ പോലുള്ള കടമ്പകള്‍ പിന്നെയുമുണ്ട്. അങ്ങനെ പോകുന്ന നമ്മുടെ നല്ലൊരു ശതമാനം കുട്ടികളുടെയും ബൌദ്ധിക, കായിക സേവനവും യൌവ്വനവും വിദേശങ്ങളില്‍ ഒടുങ്ങുന്നു (സാമ്പത്തികവരുമാനത്തെ അവഗണിക്കുന്നില്ല. പക്ഷേ സാമ്പത്തികവരവ് മാത്രമാണോ നമുക്ക് ജീവിതം? രാജ്യത്തിന് അതിന്റെ യുവാക്കള്‍ എടിഎം മെഷീനുകള്‍ മാത്രമാണോ?). പിന്നെയും ശേഷിക്കുന്നവര്‍ ഭാരതത്തിലെ തന്നെ ആശുപത്രികളില്‍ തുച്ഛവേതനത്തില്‍ നെടുവീര്‍പ്പുകളുമായി പണിയെടുത്ത് കഴിയുന്നു.

    വര്‍ഷങ്ങള്‍ പഠിക്കണം, വലിയ തുക ഫീസ് വേണം, ലോണ്‍ എടുക്കേണ്ടിവരും, പഠനം കഴിഞ്ഞാല്‍ ഏറ്റവും കുറഞ്ഞത് കുറച്ച് വര്‍ഷത്തേക്കെങ്കിലും നാമമാത്രമായ ശമ്പളത്തില്‍ ജോലിചെയ്യേണ്ടിവരും, അമിതാധ്വാനവും സംഘര്‍ഷഭരിതജീവിതവും ഉറപ്പ്. ഇതൊക്കെ മനസിലാക്കിയിട്ടും ഇന്നും നല്ലൊരു ശതമാനം കുട്ടികളും ആദ്യം തിരഞ്ഞെടുക്കുന്നത് നഴ്സിംഗാണ്. ബാഗ് പൈപ്പറിന്റെ കുഴലിന് പിന്നാലെ പോയ എലികളെപ്പോലെ അവര്‍ എന്തിലോ മയങ്ങി ഒരു മാന്ത്രികവലയത്തിലകപ്പെട്ടതുപോലെ ആ വഴിയേതന്നെ പോവുകയാണ്. ഒരുപക്ഷേ വിദേശരാജ്യങ്ങളിലെ നാണയക്കിലുക്കമായിരിക്കണം അവരെ പകല്‍സ്വപ്നങ്ങളില്‍ ഭ്രമിപ്പിക്കുന്നത്.

    ഇവിടെ നാം ചിന്തിക്കേണ്ട വസ്തുത അല്‍പ്പം ഇരുണ്ട ഒന്നാണ്. ആരാണ് നമ്മുടെ വിദ്യാസമ്പന്നരായ, പരിശീലനം സിദ്ധിച്ച യുവതയ്ക്ക് നമ്മുടെ രാജ്യം  ജീവിക്കുവാന്‍ നിവൃത്തിയില്ലാത്ത ഇടമാക്കിയത്? കോളേജുകള്‍ തുടങ്ങാന്‍ അനുമതി  നല്‍കുന്ന സര്‍ക്കാര്‍ പഠനശേഷം പഠിച്ചിറങ്ങിയ കുട്ടികള്‍ക്ക് നമ്മുടെ നാട്ടില്‍ത്തന്നെ ജീവിക്കുവാന്‍ അവശ്യവും മാന്യമായ അന്തരീക്ഷവും ജോലിസാധ്യതയും കൂടി ഉറപ്പാക്കേണ്ടതല്ലേ? അങ്ങനെയൊരു സാഹചര്യം നമ്മുടെ സര്‍ക്കാറുകള്‍ സാധ്യമാക്കിയെങ്കില്‍ നമ്മുടെ പൌരസമ്പത്ത് പുറം രാജ്യങ്ങളില്‍ ഭാഗ്യം തേടിപ്പോവുകയില്ല.

വിദ്യാലയങ്ങള്‍ എന്ന ലേലച്ചന്തകള്‍
    പഴയ കാലത്ത് ഒരു മാസ്റ്റര്‍ ബിരുദം മാത്രം മതിയായിരുന്നു കോളജ് അധ്യാപകനാകാന്‍. അതിലും വളരെ വളരെ പണ്ട് ബിരുദം മാത്രം മതിയായിരുന്നു. പക്ഷേ ഇന്ന് ഒരു കോളജ് അധ്യാപകനാവാന്‍ ബിരുദവും ബിരുദാനന്തരബിരുദവും പിന്നെ നെറ്റും സ്ലെറ്റും എല്ലാം വേണെമെന്നായിരിക്കുന്നു. അതുകൊണ്ടും ജോലി കിട്ടുമോ? പിഎച്ച്ഡിക്കാരും പോസ്റ്റ് ഡോക്ടറല്‍ ഗവേഷണപരിചയമുള്ളവരുമൊക്കെ ക്യൂ നില്‍ക്കുമ്പോള്‍ മാസ്റ്റേഴ്സും നെറ്റും മാത്രമായി ചെല്ലുന്നവന് പുറത്താണ് സ്ഥാനം. ഫലത്തില്‍ ഇന്ന് ഇന്ത്യയില്‍ , പ്രത്യേകിച്ച് കേരളത്തില്‍ കലാലയാധ്യാപകയോഗ്യത നേടുകയെന്നത് ഒരു ബാലികേറാമലയാണ്. ഇവയൊക്കെ നേടിവന്നാലോ? ഉദ്യോഗം ഉറപ്പാണ്, ലക്ഷങ്ങള്‍ കയ്യിലുണ്ടെങ്കില്‍! എങ്കില്‍ മാത്രം! ഒരു കോളജ് അധ്യാപകജോലിയ്ക്ക് എയ്ഡഡ്, അണ്‍എയ്ഡഡ് കോളജ് മാനേജ്മെന്റുകള്‍ ഇട്ടിരിക്കുന്ന ശരാശരി വില ഇപ്പോഴത്തെ നിലവാരമനുസരിച്ച് ഇരുപത് മുതല്‍ മുപ്പത് വരെ ലക്ഷങ്ങളാണ്! ലേലം മൂത്താല്‍ അതിന് മുകളിലും ചിലപ്പോള്‍ തുക ഉയരാം! സ്ക്കൂളുകളിലും സ്ഥിതി ഒട്ടും പിന്നിലല്ല. അവിടെയും ലേലത്തുകകള്‍ കോളേജ് അധ്യാപനരംഗത്തേതിന് ഏകദേശം തൊട്ടടുത്ത് വരും.

    ഇപ്പോള്‍ ഉയരുന്ന ന്യായമായ സംശയം ഇതാണ് ; എന്താണ് വിദ്യാഭ്യാസത്തിന്റെ വില? എന്തിനാണ് ഒരു വിദ്യാര്‍ഥി അവന്റെ നീണ്ട നീണ്ട വര്‍ഷങ്ങള്‍, അവന്‍റ്റെ ചോരയും നീരും, അവന്റെ ബുദ്ധി, ഒക്കെയും ഉന്നതപഠനത്തിനും ഗവേഷണത്തിനുമായി ചിലവിടുന്നത്? വര്‍ഷങ്ങള്‍ ഉറക്കമിളച്ചും പട്ടിണികിടന്നും അവന്‍ സമ്പാദിക്കുന്ന ഉന്നതബിരുദങ്ങള്‍ക്കും യോഗ്യതകള്‍ക്കും എത്രയാണ് മൂല്യം?

    എത്ര മഹത്തായ യോഗ്യതകള്‍ നേടിയാലും പോക്കറ്റില്‍ പണമില്ലാത്തവന്റെ അധ്യാപകസ്വപ്നങ്ങള്‍ ഗവണ്മെന്റ് വിദ്യാഭ്യാസസ്ഥാപനങ്ങളിലെ വിരലിലെണ്ണാവുന്ന ഒഴിവുകളിലേയ്ക്കൊതുങ്ങുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികളോ കടല്‍ പോലെയും. കൈയ്യില്‍ കാശുള്ളവന്‍ ശരാശരി യോഗ്യത മാത്രമുള്ളവനാണെങ്കിലും സ്വപ്നങ്ങള്‍ സഫലീകരിക്കുന്നു. അങ്ങനെയല്ലാത്തവരുടെയെല്ലാം അധ്യാപനമോഹങ്ങള്‍ കാറ്റില്‍ നിശബ്ദമായ അലകള്‍ മാത്രമായി ഇളകിപ്പരന്ന് അലിഞ്ഞില്ലാതാവുന്നു. വിദ്യാലയം സരസ്വതീക്ഷേത്രമെന്നും വിദ്യാഭ്യാസം എല്ലാ പൌരന്റെയും മൌലികാവകാശമെന്ന് കരുതുന്ന നാടാണ് നമ്മുടേതെന്ന് ഓര്‍ക്കുക. കേരളത്തിലെ മുഴുവന്‍ അഭ്യസ്തവിദ്യരുടെയും പ്രതിനിധി എന്ന നിലയില്‍ നീറുന്ന നെഞ്ചോടെ ഞാന്‍ ചോദിക്കട്ടെ, ആരാണിതിനുത്തരവാദി? പരിശുദ്ധമെന്ന് കരുതി ആരാധിച്ചുപോരുന്ന വിദ്യാലയങ്ങളെ കേവലം ലേലച്ചന്തകളാക്കുന്നത് ആരാണ്? വിദ്യാഭ്യാസം കച്ചവടച്ചരക്കാക്കുന്ന അധമത്വം ഉന്മൂലനം ചെയ്യുവാന്‍, സംസ്ഥാനത്തെ കോളജുകളില്‍ അധ്യാപകനിയമനത്തിന് പി.എസ്.സി മാതൃകയില്‍ “കോളേജ് സര്‍വീസ് കമ്മീഷന്‍” എന്ന ഗവണ്മെന്റ് സംരഭം തുടങ്ങുവാന്‍ സര്‍ക്കാര്‍ ആരെയാണ് ഭയപ്പെടുന്നത്? എന്തുകൊണ്ടാണ് സ്ക്കൂളുകളില്‍ അധ്യാപകനിയമനം സര്‍ക്കാര്‍ വഴി മാത്രം ആക്കാത്തത്? നാടിന്റെ ഏറ്റവും വലിയ സ്വത്തെന്ന് കരുതുന്ന നമ്മുടെ യുവാക്കളുടെ അമൂല്യമായ വിദ്യയ്ക്ക് വില പറയുന്ന, പാവനമാം സരസ്വതീമണ്ഡലം കളങ്കപ്പെടുത്തുന്ന സര്‍ക്കാറുകളെയും വിദ്യാഭ്യാസസ്ഥാപനങ്ങളെയും നാം എന്ത് പേരാണ് വിളിക്കേണ്ടത്? അധികാരികളേ, നിങ്ങള്‍ നമ്മുടെ യുവാക്കളെയും അക്ഷരലോകത്തെയും നശിപ്പിക്കുകയാണ്!